ദുബായ്- വാട്‌സാപ്പിലൂടെ മേലുദ്യോഗസ്ഥനെ ജീവനക്കാരന്‍ ഭീഷണിപ്പെടുത്തിയ കേസിന്റെ വിചാരണ ദുബായ് പ്രാഥമിക കോടതിയില്‍ ആരംഭിച്ചു. കമ്പനിയുമായി തര്‍ക്കത്തിലായിരുന്ന ജീവനക്കാരനെതിരെ തെളിവ് നല്‍കിയതില്‍ പ്രകോപിതനായ പ്രതി 65 കാരനായ മാനേജറുടെ കുടുംബത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ഭീഷണി സന്ദേശമയക്കുകയായിരുന്നു.
ജീവനക്കാരന്റെ റെസിഡന്‍സി വിസ ക്യാന്‍സല്‍ ചെയ്ത കമ്പനി പാസ്‌പോര്‍ട്ട് മടക്കി നല്‍കാനും വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് മാനേജരുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ അയച്ച 27 കാരന്‍ ഇവരെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
മിക്കസമയവും ജോലിക്ക് ഹാജരാകാരില്ലായിരുന്ന പ്രതി താന്‍ സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കുന്നത് വരെ നിരന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമായിരുന്നുവെന്ന് മാനേജര്‍ പോലീസിന് മൊഴി നല്‍കി.
അല്‍ഖുസൈസ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ മാനേജര്‍ വാട്‌സ്ആപ്പ് മെസേജുകളും കൈമാറി. വൈകാതെ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശമയച്ചതിനും ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്ത് ഇരയുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയതിനും പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ മാസം 15ന് കോടതി വീണ്ടും വാദം കേള്‍ക്കും.