ഷാര്‍ജ- ജന്മനാ ഹൃദ്രോഗവും ശ്വസന പ്രശ്‌നങ്ങളുമായി ജനിച്ച കുഞ്ഞിന്, രണ്ടാം മാസത്തില്‍ സങ്കീര്‍ണ ശസ്ത്രക്രിയ. ഷാര്‍ജ അല്‍ഖാസിമി വിമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 3.5 കിലോ ഭാരമുള്ള നവജാത ശിശുവിനെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
12 വര്‍ഷം കുട്ടികളില്ലാതിരുന്നതിന് ശേഷം തങ്ങള്‍ക്ക് ലഭിച്ച ദൈവത്തിന്റെ സമ്മാനമാണ് കുഞ്ഞെന്ന് മാതാപിതാക്കള്‍ വിചാരിച്ചിരുന്നു. അതിനുമുമ്പ്, ജനിച്ച കുഞ്ഞ് ഇതേ രോഗം കാരണം മരിച്ചിരുന്നു. ഈ കുഞ്ഞും ഹൃദയത്തിനും ശ്വാസകോശത്തിനും തകരാറുള്ള സ്ഥിതിയില്‍ ജനിച്ചതിനാല്‍ ഇരുവരും പാടെ തളര്‍ന്നു. പെണ്‍കുഞ്ഞിനെ ശിശുരോഗ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ സൗകര്യം നല്‍കിയതിന് ശേഷമാണ് അവള്‍ അപകടനില തരണം ചെയ്തത്.
സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നിട്ടും വെല്ലുവിളികളെ അതിജയിച്ച് കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പര്യവസാനിച്ചതിന്റെ ആഹ്ലാദം ഡോ. സഫിയ അല്‍ഖാജ മറച്ചുവെച്ചില്ല.
ശസ്ത്രക്രിയകഴിഞ്ഞ് വെന്റിലേറ്ററില്‍നിന്ന് മാറ്റിയതിന് ശേഷം കുഞ്ഞിനെ പീഡിയാട്രിക് സര്‍ജറി വാര്‍ഡിലേക്ക് മാറ്റി. മൂന്നാം ദിവസം തന്നെ കുഞ്ഞിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും ഡോ. സഫിയ വ്യക്തമാക്കി. മകളെ ജീവിതത്തിലേക്ക് തിരികെ നടത്തിയതിന് ആശുപത്രി ജീവനക്കാര്‍ക്ക് മാതാപിതാക്കള്‍ നന്ദി പറഞ്ഞു.