ദുബായ്- നിരവധി സൈബര്‍ തട്ടിപ്പുകള്‍ നടത്തിയ 20 അംഗ ആഫ്രിക്കന്‍ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഓപറേഷന്‍ ഷാഡോ വഴിയാണ് സംഘത്തെയും മറ്റൊരു കേസില്‍ ദമ്പതികളെയും അറസ്റ്റ് ചെയ്തതെന്നും ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസി.കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി അറിയിച്ചു.
വ്യാജ റിക്രൂട്ടിങ് ഏജന്‍സിയുണ്ടാക്കി സമൂഹ മാധ്യമങ്ങള്‍ വഴി വീട്ടുജോലി ആവശ്യമുള്ളവരില്‍ നിന്ന് ദമ്പതികള്‍ പണം പിടുങ്ങുകയായിരുന്നു. സി.ഐ.ഡി ജനറല്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനവും മൂലമാണ് സമൂഹത്തിന് തന്നെ ഭീഷണിയായ സംഘത്തെ പിടികൂടാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ചാറ്റ് ചെയ്തു പ്രലോഭിപ്പിച്ചും ഇ–മെയില്‍ അയച്ചുമായിരുന്നു ആഫ്രിക്കന്‍ സംഘത്തിന്റെ തട്ടിപ്പ്. ഇവര്‍ നല്‍കുന്ന മേല്‍വിലാസപ്രകാരം ചെന്നാല്‍ പടത്തില്‍ കണ്ട സ്ത്രീകളായിരിക്കില്ല സ്വീകരിക്കുക. തട്ടിപ്പിനിരയായതായി മനസിലാകുമെങ്കിലും രക്ഷപ്പെടാന്‍ കഴിയില്ല. ഇരകളെ ഭീഷണിപ്പെടുത്തി പണം, മൊബൈല്‍ ഫോണ്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി.