Sorry, you need to enable JavaScript to visit this website.

നിരീക്ഷണം പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികൾ; കണ്ണൂരിൽ പുതിയ വെല്ലുവിളി 

കണ്ണൂർ - സമൂഹവ്യാപനത്തിന്റെ പടിവാതിലിൽ നിൽക്കുന്ന കണ്ണൂരിൽ രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളും ജാഗ്രതയുമായി അധികൃതർ മുന്നോട്ടു പോകുമ്പോൾ, ഇതിനു വെല്ലുവിളിയുർത്തി അന്യ സംസ്ഥാന തൊഴിലാളികൾ. കോവിഡ് ലോക്ഡൗണിനെത്തുടർന്ന് നാട്ടിലേക്കു മടങ്ങിയ പലരും തിരികെയെത്തിത്തുടങ്ങിയെങ്കിലും ഇവരിലധികവും കോവിഡ് നിബന്ധനകൾ പാലിക്കുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. 
അന്യ സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാർക്കാണ് ഇവരുടെ ക്വാറന്റൈൻ ചുമതല. എന്നാൽ ഇത് പാലിക്കാതെ തിരിച്ചെത്തിയ ദിവസത്തിന്റെ അടുത്ത ദിവസങ്ങളിൽ തന്നെ ഇവരെ ജോലിക്കയക്കുന്ന പ്രവണതയാണ് കാണുന്നത്. കണ്ണൂരിൽ ഇത്തരത്തിൽ ചിലസ്ഥലങ്ങളിൽ ജോലി ചെയ്തവരെ അധികൃതർ കണ്ടെത്തി. നിർമാണ പ്രവർത്തനങ്ങൾ പൂർണമായി പുനരാരംഭിക്കാത്തതിനാൽ ബാർബർ ഷോപ്പ് ഉൾപ്പെടെ മറ്റു മേഖലകളിലെ തൊഴിലാളികളാണ് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്. ഇവരിലധികവും  കൂടുതൽ കോവിഡ് രോഗികളുള്ള ദൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നാണ് വന്നിരിക്കുന്നത്. നിർബന്ധമായും ക്വാറന്റൈനിൽ കഴിയേണ്ട ഇവരെ കരാറുകാർ അടുത്ത ദിവസം തന്നെ ജോലിക്കായി അയക്കുകയാണ്. ഏറ്റവും കൂടുതൽ രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളിൽ ഒന്നാണ് ബാർബർ ഷോപ്പുകൾ. എന്നാൽ ഇവർ ക്വാറന്റൈനിനു സന്നദ്ധമാവുന്നില്ലെന്നാണ് ഏജന്റുമാർ പറയുന്നത്. 


കണ്ണൂർ ജില്ലയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ രോഗികളുടെ എണ്ണം 15 ൽ  കൂടുതലാണ്. ജില്ലയിൽ ഇന്നുവരെയുള്ളതിൽ ഏറ്റവും കൂടുതൽ കേസുകൾ ഞായറാഴ്ച റിപ്പോർട്ടു ചെയ്തു, 26 കേസുകൾ. മാത്രമല്ല, കണ്ണൂരിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാവുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയുമാണ്. ഉറവിടം അറിയാത്ത നിരവധി രോഗികളുണ്ടിവിടെ. ഇവരെല്ലാം സമൂഹവ്യാപനത്തിനു കാരണമാവുന്ന വിധത്തിൽ സമ്പർക്കത്തിൽ ആകും. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മലയാളികളുടെ കാര്യത്തിൽ അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടെങ്കിലും അന്യ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ ഈ നിയന്ത്രണം സാധ്യമാവുന്നില്ലെന്നാണ് ഇത്തരം കേസുകൾ തെളിയിക്കുന്നത്.

 

കണ്ണൂരിൽ ഇതിനകം നൂറിലേറെ അന്യ സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തിയതായി റെയിൽവെയുടെ കണക്കുകളിൽ പറയുന്നു. ഇവരിൽ എത്രപേർ സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കാലം പൂർത്തിയാക്കിയെന്നതാണ് സംശയം. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന നാട്ടുകാർ പുറത്തിറങ്ങിയാൽ അവരെ തിരിച്ചറിയാനും വിവരം നൽകാനും അയൽവാസികൾക്കും നാട്ടുകാർക്കും സാധിക്കും. എന്നാൽ അന്യ സംസ്ഥാന തൊഴിലാളികളെ പലർക്കും തിരിച്ചറിയാൻ കഴിയാറില്ല. തിരിച്ചു പോകാത്തവരാണോ തിരികെ വന്നവരാണോ എന്നു അധികൃതർക്കു പോലും അറിയാൻ കഴിയാറില്ല. കണ്ണൂർ ചക്കരക്കല്ലിൽ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കാതെ ബാർബർ ഷോപ്പിൽ ജോലിക്കെത്തിയ ദൽഹി സ്വദേശിയെ കഴിഞ്ഞ ദിവസം അധികൃതർ കണ്ടെത്തിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഇവരെ ജോലിക്ക് എത്തിക്കുന്ന ഏജന്റുമാർക്കെതിരെ  കർശന നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 


        അതിനിടെ, കണ്ണൂരിൽ സി.ഐ.എസ്.എഫ് സംഘത്തിൽ സമൂഹവ്യാപമുണ്ടായതായി കണക്കുകൾ കാണിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന സി.െഎ.എസ്.എഫ് ഉദ്യോഗസ്ഥരിൽ 27 പേർ ഇതിനകം കോവിഡ് രോഗബോധിതരായി. ലോക് ഡൗണിനു മുമ്പ് അവധിയിൽ നാട്ടിൽ പോയ ഉദ്യോഗസ്ഥൻ തിരികെ വന്നതിനു ശേഷമാണ് രോഗബാധയുണ്ടായത്. 7 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ ശേഷമാണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. എന്നാൽ പിന്നീട് രോഗ ബാധിതനായി. തുടർന്ന് വിമാനത്താവളത്തിലെ സി.െഎ.എസ്.എഫ് കേന്ദ്രം അടച്ചിടുകയും 50 ഉദ്യോഗസ്ഥരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് വലിയ വെളിച്ചം സി.ഐ.എസ്.എഫ് ക്യാമ്പിൽ കഴിയുന്നവരാണ് രോഗബാധിതരായത്. രോഗബാധ ഉണ്ടായതിനാൽ സി.െഎ.എസ്.എഫ് ഉദ്യോഗസ്ഥരുടെ  ക്വാറന്റൈൻ കാലാവധി 28 ദിവസമാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. 

 

Latest News