Sorry, you need to enable JavaScript to visit this website.

മാഹിയിൽ സ്ഥിതി അതീവ ഗുരുതരം;  കോവിഡ് സമൂഹ വ്യാപനത്തിലേക്ക് നീങ്ങുന്നു


മാഹി- കോവിഡ് ബാധ സമൂഹ വ്യാപനത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. മാഹിയിൽ സ്ഥിതി അതീവ ഗുരുതരം. പോലീസുകാരന് കോവിഡ് പിടിപെട്ടതിന് പുറമെ മാഹിയിലെ നാല് ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മാഹിയിൽ സ്ഥിതി സങ്കീർണമായി. 
പോലീസും ആരോഗ്യ വകുപ്പും ഇവിടെ കനത്ത ജാഗ്രതയിലാണ്. മാഹി ഗവ. ആശുപത്രിയിലെ നഴ്‌സ് ഉൾപ്പെടെ 4 പേർക്കാണ് രോഗം ബാധിച്ചത്. ഒരു സ്റ്റാഫ് നഴ്‌സ്, രണ്ട് വാർഡൻമാർ, ഒരു കുക്ക് എന്നിവരാണ് മാഹി ഗവ. ജനറലാശുപത്രിയിൽ കോവിഡ്-19 സ്ഥിരീകരിച്ചവർ. മാഹി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനാണ് കോവിഡ് ബാധിച്ചത്. നാല് ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചത് ആശുപത്രി പ്രവർത്തനത്തെ പോലും താളം തെറ്റിച്ചിരിക്കുകയാണ്.


ആശുപത്രിയിലെ ഇടപഴകലിൽ നിന്നാകാം ഇവർക്ക് രോഗം വന്നതെന്നാണ് സൂചന. റാൻഡം ടെസ്റ്റ് വഴി നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് കണ്ടെത്തിയത്. ഇതേ തുടർന്ന് ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെയും സ്രവ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ട് അടക്കം മൂന്നുപേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. ഇവരുടെയെല്ലാം സമ്പർക്ക ലിസ്റ്റ് വളരെ വിപുലവുമാണ്.


അതിനിടെ നേരത്തെ കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് നെഗറ്റീവായി മരണപ്പെട്ടയാളുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. മാഹി പോലീസ് ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പോലീസുകാരന്റെ പിതാവായ മാഹി സ്വദേശി ഭാസ്‌കരന്റെ (70) മൃതദേഹമാണ് കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്നലെ ഉച്ചയോടെ മാഹി പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചത്. 
മാഹിയിൽ കോവിഡ് പകരാൻ ഇടയാക്കിയത് അച്ചടക്ക രാഹിത്യമാണെന്ന് വിർശനമുയരുന്നുണ്ട്. അധികൃതരുടെ നിസ്സംഗതയാണ് സ്ഥിതി സങ്കീർണമാക്കിയത്. രോഗ വ്യാപനത്തിന്റെ വ്യാപ്തി അറിയാനാണ് കഴിഞ്ഞ ദിവസം പള്ളൂർ മേഖലയിലെ വിവിധ തുറകളിലുള്ള പത്ത് പേരുടെ സ്രവ പരിശോധന നടത്തിയത്. രോഗലക്ഷണങ്ങൾ ഒന്നുമില്ലാതിരുന്ന ഇവർ സ്വമേധയാ ടെസ്റ്റിന് വിധേയമാകുകയായിരുന്നു. അവരിൽ രണ്ടു പേർക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. നിരവധി ആളുകളുമായി നിത്യേന ബന്ധപ്പെടുന്ന മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും രോഗം കണ്ടെത്തി. 


കേവലം ഒൻപത് ചതുരശ്ര കി.മി. ചുറ്റളവിൽ ജീവിക്കുന്ന 42,000 ജനങ്ങൾ ഭയപ്പാടിലാണ്. മാഹി ചെറുകല്ലായിൽ കോവിഡ് മരണമുണ്ടായപ്പോൾ ആ പ്രദേശമാകെ ഒന്നര മാസക്കാലം റെഡ് സോണാക്കി ലോക്ക് ചെയ്തിരുന്നു. എന്നാൽ അത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതിരുന്നിട്ടും, മാഹി ടൗണിൽ ജനങ്ങൾ പുറത്തിറങ്ങാതെ സ്വയം നിയന്ത്രണം പാലിക്കുകയായിരുന്നു. എന്നാൽ പള്ളൂരിലാകട്ടെ, പതിവ് പോലെ എല്ലാം നടന്നു. അടഞ്ഞ് കിടന്ന തലശ്ശേരിയിൽ നിന്നടക്കം ആളുകൾ വാഹനങ്ങളുമായെത്തി പള്ളൂരിൽ നിന്ന് യഥേഷ്ടം ഷോപ്പിങ് നടത്തുകയായിരുന്നു. പളളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മുതൽ ഇരട്ടപ്പിലാക്കൂൽ വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ നിരനിരയായി അപ്പോഴും കിടന്നു. ഇത്തരമൊരു കാഴ്ച 32 മദ്യഷാപ്പുകളുള്ള മാഹി ടൗണിൽ ഒരിക്കലും കാണാനായിട്ടില്ല. യാതൊരു അച്ചടക്കവുമില്ലാതെയാണ് ആളുകൾ സൂപ്പർ മാർക്കറ്റിൽ പോലും പളളൂരിൽ പെരുമാറിയത്. പളളൂർ മേഖലയിലെ പല വീടുകളിലും നിരവധി ആഘോഷങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. പോലീസ് ഇതിനൊക്കെ കണ്ണടക്കുകയായിരുന്നു. രാത്രി 9 മണി മുതൽ കാലത്ത് 5 മണി വരെ രാജ്യത്ത് കർഫ്യൂ നിലനിൽക്കുമ്പോൾ പളളൂർ മേഖലയിൽ സ്ത്രീകളും കുട്ടികളുമടക്കം രാത്രികാലങ്ങളിൽ ഇവിടങ്ങളിൽ സഞ്ചരിക്കുന്നത് പതിവ് കാഴ്ചയായിരുന്നു.


ഇന്നലെ ഈസ്റ്റ് പള്ളൂർ സ്വദേശിയായ പള്ളൂർ സ്റ്റേഷനിലെ പോലീസുകാരന് കൂടി കോവിഡ് പോസിറ്റീവായതോടെ സ്റ്റേഷൻ തന്നെ അടച്ചിടേണ്ട അവസ്ഥയിലായി. സഹപ്രവർത്തകരോടും ജനങ്ങളോടും അടുത്തിടപഴകുന്ന ഈ ഉദ്യോഗസ്ഥൻ ഓടിച്ചാടി ജോലി ചെയ്യുന്ന സേവകൻ കൂടിയാണ്. സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരും ഇതോടെ ക്വാറന്റൈനിലായി. നിലവിൽ തന്നെ സേനാബലം കുറഞ്ഞ മാഹി പോലീസ് കടുത്ത ജോലിഭാരത്തിൽ വീർപ്പു മുട്ടുകയാണ്.

 

Latest News