ആളില്ലാ പോലീസ് സ്‌റ്റേഷന്‍ കോവിഡ് കാലത്തെ സ്മാര്‍ട്ടാക്കി

ദുബായ്- രാജ്യത്ത് കോവിഡ് 19 വ്യാപനം തുടങ്ങിയത് മുതല്‍ ക്രമസമാധാന പാലന രംഗത്ത് നിര്‍ണായക പങ്കാളിത്തം വഹിക്കുകയാണ് ദുബായിലെ സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകള്‍ (എസ്.പി.എസ്). കൊറോണ ഭീതിയില്‍ അകപ്പെട്ടത് മുതല്‍ നഗരത്തിലുടനീളമുള്ള 11 പോലീസ് സ്റ്റേഷനുകള്‍ സുപ്രധാന പങ്ക് വഹിച്ചതായി എസ്.പി.എസിലെ ലഫ്റ്റനന്റ് ഖാലിദ് മുഹമ്മദ് വ്യക്തമാക്കി.
കോവിഡ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് പോലീസ് സ്റ്റേഷനുകളെ സമീപിക്കാന്‍ പൊതുജനം മടിച്ചു. എന്നാല്‍ മനുഷ്യരുടെ ഇടപെടല്‍ ഇല്ലാത്തതിനാല്‍ എസ്.പി.എസ് ഉപയോഗപ്പെടുത്തിയാണ് അവര്‍ പരാതികള്‍ നല്‍കുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തത്. ചുരുങ്ങിയ സമയത്തിനകം സമാന സേവനങ്ങള്‍ ലഭിക്കുന്നതിനാല്‍ ഇതര പോലീസ് സ്റ്റേഷനുകളില്‍നിന്ന് എസ്.പി.എസ് വ്യത്യസ്തമാകുന്നതായി ലഫ്റ്റനന്റ് മുഹമ്മദ് പറഞ്ഞു. പരാതി നല്‍കുന്ന ഏതൊരു വ്യക്തിയുടെയും പ്രസ്താവനകള്‍ 20 മിനിറ്റിനകം രേഖപ്പെടുത്താന്‍ സാധിക്കും.  ഏഴ് ഭാഷകളിലായാണ് എസ്.പി.എസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം 70 ശതമാനത്തിലധികം കേസുകള്‍ ദുബായിലെ എസ്.പി.എസ് ബ്രാഞ്ചുകളിലൂടെയാണ് നടന്നതെന്ന് ദുബായ് പോലീസ് പറഞ്ഞു. നഗരത്തിലുടനീളമുള്ള സ്റ്റേഷനുകളിലേക്ക് ആളുകള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാമെന്നും ഏതു സമയത്തും എന്തു പരാതിയിലും പ്രതികരിക്കാനും തന്റെ ടീം സന്നദ്ധമാണെന്നും ലെഫ്. മുഹമ്മദ് പറഞ്ഞു. ആളുകള്‍ക്ക് പൂര്‍ണ സ്വകാര്യതയില്‍ അതിവേഗം സേവനങ്ങള്‍ എസ്.പി.എസ് ലഭ്യമാക്കുന്നു. അടഞ്ഞ വാതിലിന് പിന്‍വശത്ത് കൂടെ പ്രവേശിച്ച് സ്‌ക്രീനിലൂടെ ഒരു ഉദ്യോഗസ്ഥനുമായി സംസാരിക്കാനോ സ്മാര്‍ട്ട് ഡാഷ്‌ബോര്‍ഡുകള്‍ ഉപയോഗിക്കാനോ തങ്ങള്‍ സര്‍വീസ് പോയിന്റുകള്‍ തങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നു ലഫ്റ്റനന്റ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/p3_smart_police_station_dubai.jpg
2017 സെപ്റ്റംബര്‍ 18നാണ് സിറ്റി വാക്കില്‍ ദുബായ് പോലീസ് ആദ്യത്തെ സ്മാര്‍ട്ട് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. 33 കമ്മ്യൂണിറ്റി സേവനങ്ങള്‍ക്ക് പുറമെ കുറ്റകൃത്യങ്ങള്‍, ട്രാഫിക് അപകടങ്ങള്‍ തുടങ്ങി 27 പ്രധാന സേവനങ്ങള്‍ എസ്.പി.എസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, നഗരത്തിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുക എന്നതാണ് എസ്.പി.എസിന്റെ ലക്ഷ്യമെന്ന് ദുബായ് പോലീസിലെ ദിയാന ഗാദി പറഞ്ഞു. ഓപ്പറേഷന്‍ റൂമുമായി ബന്ധിപ്പിക്കുന്നതിന് ഉപഭോക്താവിന് തന്റെ എമിറേറ്റ്സ് ഐ.ഡി കാര്‍ഡ് ഉപയോഗപ്പെടുത്താമെന്നും ഗാദി പറഞ്ഞു.
എല്ലാ റെസിഡന്‍ഷ്യല്‍, വാണിജ്യ മേഖലകളിലേക്കും സ്മാര്‍ട്ട് പോലീസ് സേവനം നല്‍കുന്നതിനുള്ള പോലീസ് തന്ത്രത്തിന്റെ ഭാഗമായി കൂടുതല്‍ സ്വയം ഭരണാധികാരമുള്ള പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. താമസക്കാര്‍ക്ക് എമിറേറ്റ്സ് ഐ.ഡിയും സന്ദര്‍ശകര്‍ക്ക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് എസ്.പി.എസ് സേവനം ലഭ്യമാക്കാം.
പരാതി ഫയല്‍ ചെയ്യുമ്പോള്‍ ആവശ്യമായ സ്‌കാനുകള്‍ എടുക്കാന്‍ ഒരു സ്‌കാനറും പ്രിന്ററും സ്റ്റേഷനില്‍ സജ്ജമാക്കിയിട്ടുണ്ട്. പരാതിക്കാരനെ വീഡിയോ ലിങ്ക് വഴി ഒരു പോലീസ് ഉദ്യോഗസ്ഥനുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുക. ഉദ്യോഗസ്ഥര്‍ കേസ് വിശദാംശങ്ങള്‍ ചോദിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് എസ്.പി.എസിന്റെ പ്രവര്‍ത്തന രീതി.

 

Latest News