Sorry, you need to enable JavaScript to visit this website.

എസ്.എന്‍. കോളേജ് ഫണ്ട് തിരിമറി: വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തു

കൊല്ലം- കൊല്ലം എസ്.എന്‍. കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി കേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നല്‍കിയത്.

കൊല്ലം എസ്.എന്‍. കോളേജിലെ സുവര്‍ണ ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് വെള്ളാപ്പള്ളി നടേശനെതിരായ ആരോപണം. 2004ല്‍ കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. കേസില്‍ അടിയന്തരമായി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയെ ചോദ്യംചെയ്യുന്നത്.

1997-98ല്‍ കൊല്ലം എസ്.എന്‍. കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്‌സിബിഷനും പിരിവും നടത്തി. കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സുവര്‍ണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശന്‍ വക മാറ്റിയെന്നാണ് പരാതി.

 

Latest News