Sorry, you need to enable JavaScript to visit this website.

ചരിത്ര ചക്രത്തിലെ ആവർത്തനങ്ങൾ

ചരിത്രം ചാക്രികമാണ്. ചെറുതോ വലുതോ ആയ ഇടവേളകളിൽ പഴയരൂപത്തിലോ പുതിയ രൂപത്തിലോ അത് ലോകത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ചിലപ്പോൾ പുനർജനിയാകാം. ചിലപ്പോൾ ഓർമ്മപ്പെടുത്തലുകളാകാം.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അദ്ദേഹം ജന്മനാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നയിച്ച ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളും ഓർമ്മപ്പെടുത്തിലായി ലോകത്തിന് മുന്നിൽ വീണ്ടും പുനർജനിക്കുകയാണ്. ഇനിയും പിറക്കാനിരിക്കുന്ന വാരിയൻകുന്നൻ എന്ന സിനിമ അതിന് ഒരു നിമിത്തമായെന്ന് മാത്രം.
മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ കാണാതെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം സത്യസന്ധമായി വായിക്കാനാകില്ല. ബ്രിട്ടീഷുകാർ തന്നെ യുദ്ധമെന്ന് വിശേഷിപ്പിച്ച 1921 ലെ ബ്രിട്ടീഷ് സൈന്യത്തിനെതിരായ പൂക്കോട്ടൂർ യുദ്ധമടക്കമുള്ള ഒട്ടേറെ പോരാട്ടങ്ങളുടെ വീരകഥകൾ മലബാറിന്റെ മണ്ണിലുണ്ട്. ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ച് സ്വന്തമായി മലയാള രാജ്യമെന്ന പേരിൽ ഒരു ഭരണപ്രദേശവും സ്വന്തം സൈന്യവും നികുതി ഘടനകളുമുള്ള ഭരണ സംവിധാനവും സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞ പോരാളിയായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി. അദ്ദേഹത്തിന്റെ പേരിൽ പുറത്തുവരാനിരിക്കുന്ന സിനിമക്കെതിരെ വാളെടുക്കുന്നവർ ചരിത്രത്തെ വികലമായി മാത്രം വായിച്ചവരാണ്.
അക്കാലത്ത് സ്വാതന്ത്ര്യത്തിന് വേണ്ടി രാജ്യത്തെല്ലായിടത്തും നടന്ന പോരാട്ടങ്ങളെ ലഹളയായാണ് ബ്രിട്ടീഷ് ഭരണകൂടവും ചരിത്രകാരന്മാരും വിശേഷിപ്പിച്ചതും ചിത്രീകരിച്ചതും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അഗ്്‌നിസ്ഫുലിംഗം എന്ന് വിശേഷിപ്പിക്കാവുന്ന 1857 ലെ ഇന്ത്യൻ സൈനികരുടെ പോരാട്ടത്തെ ശിപായി ലഹള എന്നാണവർ വിശേഷിപ്പിച്ചത്. മലബാറിൽ അങ്ങോളമിങ്ങോളം നടന്ന പോരാട്ടങ്ങളെയും ലഹള എന്ന് പേരിട്ട് വിളിച്ച് ചരിത്രത്തിൽ അവമതിക്കാനുള്ള ശ്രമങ്ങൾ അന്നേ നടന്നിട്ടുണ്ട്. ബ്രിട്ടീഷുകാരെ സംബന്ധിച്ച് അവയെല്ലാം ഇന്ത്യക്കാർക്കിടയിൽ നടന്ന ലഹളയായിരുന്നു. എന്നാൽ നമ്മുടെ പൂർവ്വീകർക്ക് അത് ജനിച്ച മണ്ണിന്റെ അധികാരം സ്വന്തമാക്കാനുള്ള ജീവൻമരണ പോരാട്ടമായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും പോരാട്ടങ്ങളെ കുറിച്ച് ബ്രിട്ടീഷുകാരുടെ അതേ കാഴ്ചപ്പാട് വെച്ചുപുലർത്തുന്നവർ ഉണ്ടാകുന്നത് അപകടമാണ്.
1870 ൽ മലപ്പുറം ജില്ലയിലെ നെല്ലികുത്ത് ചക്കിപ്പറമ്പൻ കുടുംബത്തിൽ ജനിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് വിരുദ്ധ മലബാർ വിപ്ലവത്തിന്റെ മുൻനിരയിലേക്കെത്തിയത് തികഞ്ഞ ദേഹസ്‌നേഹത്തോടെ യായിരുന്നു. മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ കുറിച്ച് ചരിത്ര ഗ്രന്ഥങ്ങൾ ഏറെയുണ്ടെങ്കിലും അതിലേറെയും വായനക്കാരന് നൽകിയത് വികലമായ അറിവുകളാണ്. വെള്ളത്തുണിയും ബനിയനുമിട്ട് അരയിൽ പച്ച ബെൽട്ട് കെട്ടി അതിൽ കത്തി തിരുകിയ കലാപകാരികൾ എന്ന ഒരു ഇമേജ് ആ പോരാളികൾക്ക് നൽകുന്നവയായിരുന്നു ചരിത്ര ചിത്രീകരണങ്ങളേറെയും. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം ഏറെയൊന്നും സൂക്ഷ്്മമായി വിശകലനം ചെയ്യപ്പെട്ടിട്ടില്ല. വിവിധ ഭാഷകളിൽ അറിവും അന്നത്തെ ആഗോള രാഷ്ട്രീയത്തെ കുറിച്ച് അവഗാഹവും നേടിയ സമ്പന്ന കുടുംബത്തിലെ പ്രതാപിയായ കാരണവരായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരോട് പോരാടി നിൽക്കാനും സ്വന്തമായി ഒരു രാജ്യക്രമം തന്നെ കെട്ടിപ്പടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞത് ഭാഷയിലും രാഷ്ട്രീയത്തിലുമുണ്ടായിരുന്ന 
മികവുകളാണ്. 
ഇന്നത്തെ പോലെ മതത്തിന്റെ അധീശഃത്വം സ്ഥാപിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ മുന്നേറ്റ കാലമായിരുന്നില്ല അതെന്നും ആലോചിക്കണം. സാമ്രാജ്യത്വ ശക്തികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങളിലെ സമ്പത്ത് പിടിച്ചടക്കുന്നതിന് അധികാര മത്തോടെ സൈനിക ബലത്തിൽ കടന്നുകയറ്റങ്ങൾ നടത്തിയ കാലമായിരുന്നു അത്. അടിമകളാക്കപ്പെട്ട രാജ്യങ്ങളിലെ ജനങ്ങൾക്ക് ചിന്തിക്കാൻ വർഗീയതയുടെ വിഷയങ്ങളുണ്ടായിരുന്നില്ല. നാടിന്റെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ലക്ഷ്യത്തിലേക്കായിരുന്നു വിപ്ലവങ്ങളുടെയെല്ലാം വളർച്ച. ആ പോരാട്ടത്തെ വർഗീയ വൽക്കരിച്ച് ഭിന്നിപ്പിച്ച് അധികാരം പിടിച്ചുനിർത്താനാണ് അവസാന കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ പലയിടത്തും ശ്രമിച്ചത്. മലബാറിൽ നടന്ന വിപ്ലവങ്ങളെ വർഗീയലഹളയാക്കി ചിത്രീകരിച്ചതും അതിന്റെ ഭാഗമാണ്. മലബാർ മേഖലയിൽ മാപ്പിളമാരാണ് അവരുടെ ഉറക്കം കെടുത്തിയത് എന്നതിനാൽ അവർ ഹിന്ദുക്കൾക്കെതിരെ നടത്തിയ അക്രമമായി അത് ചിത്രീകരിക്കപ്പെട്ടു. ബ്രിട്ടീഷ് ചരിത്രരേഖകളിൽ അത് എഴുതി ചേർത്തു. ആ രേഖകൾ നമ്മുടെ ചരിത്രകാരൻമാരിൽ പലരും അതേപടി വിവർത്തനം ചെയ്തു. മലബാർ വിപ്ലവം കർഷകരുടെ വിപ്ലവമായിരുന്നുവെന്ന ഒരു കാഴ്ചപ്പാടും നിലനിൽക്കുന്നുണ്ട്. എന്നാൽ, വിപ്ലവത്തിൽ പങ്കെടുത്തവരെയോ അവരുടെ കുടുംബാംഗങ്ങളെയോ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ച് എഴുതപ്പെട്ട ചരിത്രം പറയുന്നത് മലബാറിൽ നടന്നത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമാണ് എന്നു തന്നെയാണ്. വിപ്ലവ കാലത്ത് കൊല്ലപ്പെട്ടവരിൽ വിവിധ മതസ്ഥർ ഉണ്ടായിരുന്നുവെന്നും ചരിത്രം പറയുന്നുണ്ട്.
സ്വാതന്ത്ര്യ സമരങ്ങളുടെ ചരിത്രങ്ങൾ അത് നടന്ന എല്ലാ രാജ്യങ്ങളിൽ പരിപാവനമായി സംരക്ഷിക്കപ്പെടുകയും ഓർക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലാകട്ടെ, സ്വാതന്ത്ര്യസമരത്തെ കുറിച്ചുള്ള ചർച്ചകൾ തന്നെ തമസ്‌കരിക്കുന്ന രീതിയിലാണ് കാര്യങ്ങൾ വളരുന്നത്. രാജ്യം ഭരിക്കുന്ന ബി.ജെ.പിയും അവരെ നിയന്ത്രിക്കുന്ന സംഘ്് പരിവാറും ചരിത്രത്തെ തമസ്‌കരിക്കുന്നതിനോ വക്രീകരിക്കുന്നതിനോ ഉള്ള തീവ്രപരിശീലനത്തിലാണ്. വാരിയൻകുന്നൻ സിനിമക്കെതിരെ ഈ രണ്ട് സംഘടനകളും രംഗത്തു വന്നിരിക്കുന്നതും ചരിത്രത്തോടുള്ള അസഹിഷ്ണുതയുടെ ഭാഗമാണ്. ചരിത്രത്തിൽ ഇടമില്ലാത്തവർക്ക് ചരിത്രത്തെ അവഗണിക്കാൻ മനോവേദനയുണ്ടാകില്ല. എന്നാൽ പൂർവ്വ സൂരികളുടെ രക്തസാക്ഷിത്വത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെ അഭിമാനത്തോടെ ഓർക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിഭാഗം ജനങ്ങളും. ചരിത്രമില്ലാതെ വർത്തമാനമില്ല. വർത്തമാനമാണ് നാളെയുടെ ചരിത്രം രചിക്കുന്നത്.  

Latest News