Sorry, you need to enable JavaScript to visit this website.

സൗദിയിൽ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു

റിയാദ്- അടുത്ത മാസം മുതൽ സൗദിയിൽ ട്രെയിൻ സർവീസുകളുടെ എണ്ണം 31 ശതമാനം തോതിൽ വർധിപ്പിക്കുന്നു. സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷന്റെ പുതിയ ട്രെയിൻ സർവീസ് ഷെഡ്യൂൾ ഗതാഗത മന്ത്രിയും ഓർഗനൈസേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ സ്വാലിഹ് അൽജാസിർ ഇന്നലെ ഉദ്ഘാടനം ചെയ്തു. റിയാദ് റെയിൽവെ സ്റ്റേഷനിൽ നടത്തിയ സന്ദർശനത്തിനിടെയാണ് മന്ത്രി പുതിയ ഷെഡ്യൂൾ ഉദ്ഘാടനം ചെയ്തത്. 
റിയാദ്-ഹുഫൂഫ്-ബഖീഖ്-ദമാം സ്റ്റേഷനുകൾക്കിടയിൽ പ്രതിവാര സർവീസുകൾ 350 ആയാണ് സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷൻ അടുത്ത മാസം മുതൽ ഉയർത്തുന്നത്. നേരത്തെ പ്രതിവാരം 272 സർവീസുകൾ വീതമാണ് ഈ സ്റ്റേഷനുകൾക്കിടയിൽ നടത്തിയിരുന്നത്. പ്രതിവാരം 78 സർവീസുകളാണ് പുതുതായി ആരംഭിക്കുന്നത്. ഇതോടെ റിയാദ്-ഹുഫൂഫ്-ബഖീഖ്-ദമാം പാതയിൽ ലഭ്യമായ പ്രതിവാര സീറ്റുകളുടെ എണ്ണം 47,000 ൽ നിന്ന് 62,000 ആയി ഉയരും. ജൂലൈ 12 മുതൽ പുതിയ ഷെഡ്യൂൾ പ്രകാരമുള്ള സർവീസുകൾ ആരംഭിക്കും. 
ഹുഫൂഫ് സ്റ്റേഷൻ നവീകരണ പദ്ധതി അവസാന ഘട്ടത്തിലെത്തിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി പറഞ്ഞു. സ്റ്റേഷന്റെ പ്രവേശന കവാടവും ടിക്കറ്റ് വിൽപന കൗണ്ടറുകളും വെയ്റ്റിംഗ് ലോഞ്ചും മറ്റു പശ്ചാത്തല സൗകര്യങ്ങളും നവീകരിക്കുന്നുണ്ട്. രണ്ടു പ്ലാറ്റ്‌ഫോമുകൾക്കിടയിൽ മേൽപാലവും നിർമിക്കുന്നുണ്ട്. വീൽചെയറുകൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ നീക്കം എളുപ്പമാക്കാൻ പാലത്തിൽ നാലു ലിഫ്റ്റുകളും സ്ഥാപിക്കും. കൊറോണ വ്യാപനം തടയാൻ റിയാദ് സ്റ്റേഷനിൽ നടപ്പാക്കുന്ന മുൻകരുതൽ നടപടികൾ മന്ത്രി വിലയിരുത്തി. സ്റ്റേഷനിലും ട്രെയിനുകളിലും യാത്രക്കാർക്കിടയിൽ ശാരീരിക അകലം ഉറപ്പുവരുത്തി യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷൻ സ്വീകരിക്കുന്ന നടപടികളും മന്ത്രി വിലയിരുത്തി. ട്രെയിനുകൾ അണുവിമുക്തമാക്കൽ, സമീപത്തെ സീറ്റുകളുടെ ഉപയോഗം വിലക്കുന്ന നിലക്ക് യാത്രക്കാർക്ക് സീറ്റുകൾ അനുവദിക്കൽ അടക്കം രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കുന്ന നടപടികളും മന്ത്രി വിലയിരുത്തി. ശവ്വാൽ എട്ട് (മെയ് 31) മുതലാണ് സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷൻ സർവീസുകൾ പുനരാരംഭിച്ചത്. രോഗവ്യാപനം തടയുന്നതിന് പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച പ്രതിരോധ നടപടികളുടെ ഭാഗമായി 50 ശതമാനം സീറ്റ് ശേഷിയിലാണ് ട്രെയിനുകൾ സർവീസുകൾ നടത്തുന്നത്. 

Tags

Latest News