നാല് മാസം, നാല്‍പത് ആത്മഹത്യ; ആശങ്കയില്‍ കുവൈത്ത്

കുവൈത്ത്‌സിറ്റി-കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാകുംതോറും കുവൈത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ 40 പേരാണ് ജീവനൊടുക്കിയത്. 15 ആത്മഹത്യാ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജീവനൊടുക്കിയവരില്‍ ഭൂരിപക്ഷവും ഏഷ്യന്‍ വംശജരാണ്. മാനസിക സമ്മര്‍ദവും സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രധാന  കാരണം.  തൊഴിലുടമകള്‍ ശമ്പളം നല്‍കാതായതോടെ ജീവിതം അവസാനിപ്പിച്ച തൊഴിലാളികളാണ് നിരവധി പേര്‍.

പ്രതിശ്രുത വധുവുമായുള്ള വീഡിയോ ചാറ്റിംഗിനിടെയാണ് ഒരാള്‍ ആത്മഹത്യ ചെയ്തത്. റമദാനില്‍ ഉഗാണ്ട, ഈജിപ്ത്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പേരാണ് ജീവനൊടുക്കിയത്. റമദാന്‍ അടക്കമുള്ള മാസങ്ങളിലെ കണക്ക് അടിസ്ഥാനത്തില്‍ കോവിഡ് മൂലം ഉണ്ടായ ആത്മഹത്യാ നിരക്കില്‍ 40 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. 70 മുതല്‍ 80 വരെ ആളുകളാണ് കുവൈത്തില്‍ ഒരു വര്‍ഷം സ്വയം ജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള കേസുകള്‍.

ഉത്കണ്ഠ, അസ്ഥിരത, ഒറ്റപ്പെടല്‍ എന്നിങ്ങനെ കോവിഡ് ബാധിതരും അല്ലാത്തവരും അനുഭവിക്കുന്ന മാനസികാവസ്ഥ പലതാണ്. നിത്യ ചെലവുകള്‍ക്ക് പണമില്ലാത്തതാണ് വിഷാദ രോഗങ്ങളിലേക്ക് പലരെയും തള്ളിവിടുന്നതെന്ന് പ്രമുഖ സാമൂഹ്യ മനഃശാസ്ത്രജ്ഞ സമീറ അല്‍ ദോസരി അഭിപ്രായപ്പെട്ടു.

തൊഴിലുടമകളുടെ ഉത്തരവാദിത്തമില്ലായ്മയാണ് നിരവധി വിദേശികളെ ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതെന്ന് കുൈവത്ത് യൂനിവേഴ്‌സിറ്റിയിലെ സാമൂഹ്യ വിഭാഗം പ്രൊഫസ്സര്‍ ജമീല്‍ അല്‍മുറി വിമര്‍ശിച്ചു.

 

Latest News