കുവൈത്ത് സിറ്റി- കുവൈത്തില്‍ 22 ഇന്ത്യക്കാരെ ജയില്‍ മോചിതരാക്കി അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബഹ് ഉത്തരവിട്ടു. 97 പേരുടെ ശിക്ഷയില്‍ ഇളവു ചെയ്തതായും കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 പേരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിനു പുറമെയാണിത്. അമീര്‍ മാപ്പുനല്‍കിയ 22 തടവുകാരെ ഉടന്‍ തന്നെ മോചിതരാകും. 50 ഇന്ത്യന്‍ തടവുകാരുടെ ജീവപര്യന്തം തടവുശിക്ഷ 20 വര്‍ഷമാക്കി ഇളവ് ചെയ്തു.
18 ഇന്ത്യക്കാരുടെ തടവുശിക്ഷാ കാലാവധി നാലില്‍ മൂന്നായും 25 പേരുടേത് പകുതിയായും ഒരാളുടേത് നാലിലൊന്നായും ഇളവ് ചെയ്തു. മയക്കുമരുന്ന് ഉപയോഗം, വില്‍പ്പന, മോഷണം, പിടിച്ചുപറി, തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് ഇളവ് നേടിയ തടവുകാര്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പിന്നീട് ജീവപര്യന്തം തടവ് ശിക്ഷയായി ഇളവ് ലഭിച്ച 15 പേരും മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരാണ്.
ജയില്‍ മോചിതരാകുന്നവരുടെയും ശിക്ഷാകാലാവധി തീര്‍ന്നവരുടേയും ഇന്ത്യയിലേക്കുള്ള മടക്കത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ബാക്കിയുള്ള തടവു ശിക്ഷ ഇന്ത്യയില്‍ അനുഭവിക്കാന്‍ സമ്മതമറിയിക്കുന്ന തടവുകാര്‍ക്കും ആവശ്യമായ സഹായം എംബസി ചെയ്തു നല്‍കും.
വധശിക്ഷ റദ്ദാക്കപ്പെട്ട് ഇന്ത്യന്‍ തടവുകാരില്‍ നാലുപേര്‍ മലയാളികളാണ്. മലപ്പുറം ചീക്കോട് സ്വദേശി മാങ്ങാട്ടുചാലില്‍ ഫൈസല്‍ (34), കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (22), മണ്ണാര്‍ക്കാട് സ്വദേശി മുസ്തഫ ശാഹുല്‍ ഹമീദ് (42), പാലക്കാട് സ്വദേശി നിയാസ് മുഹമ്മദ് ഹനീഫ എന്നിവരാണ് കുവൈത്ത് ജയിലില്‍ വധശിക്ഷ കാത്തു കഴിഞ്ഞിരുന്നത്. ഇവരില്‍ ഫൈസല്‍, അബൂബക്കര്‍ സിദ്ദീഖ്, മുസ്തഫ ശാഹുല്‍ ഹമീദ് എന്നിവര്‍ 2015-ലാണ് മയക്കുമരുന്ന് കേസില്‍ പിടിയിലായത്.






