Sorry, you need to enable JavaScript to visit this website.

പ്രവാസികളോട് കേന്ദ്ര, കേരള സര്‍ക്കാറുകള്‍  കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം

ടൊറന്റോ-രാജ്യത്തേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികളോട് കേന്ദ്ര, കേരള സര്‍ക്കാറുകള്‍ കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. മെച്ചപ്പെട്ട ജീവിതം കെട്ടിപ്പെടുക്കാന്‍ നാടുവിട്ട് പോയവര്‍ തിരികെ നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യയിലെ പൗരന്‍ എന്ന നിലക്ക് അവരുടെ അവകാശമാണ്. എന്നാല്‍, തിരിച്ചു വരുന്ന പ്രവാസികളെ പരമാവധി ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സര്‍ക്കാറുകള്‍ കാണിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്.എ -കാനഡ കെ.എം.സി.സി. സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാസികളാണ് കോവിഡ് വ്യാപനത്തിന് ഹേതുവാകുന്നത് എന്ന ധ്വനിയാണ് സംസ്ഥാന സര്‍ക്കാറിന്റെ പല പ്രസ്താവനയിലും കാണുന്നത്. ഇത് നാട്ടുകാരിലും ഭീതി വളര്‍ത്തുകയാണ്. പ്രവാസികളെ ഭയത്തോട് കൂടി മാത്രം നോക്കുന്ന പ്രവണത നാട്ടില്‍ കൂടിയിട്ടുണ്ട്. ഇത് മാറ്റിയെടുക്കാന്‍ എല്ലാവരും തയാറാവണം. പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നടപടി അങ്ങേയറ്റം അപലപനീയമാണ്. ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കുകയും രാജ്യത്തെ ഭീകരര്‍ക്ക് ഒറ്റു കൊടുക്കുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് ഇന്ത്യയില്‍ കാണുന്നത്. ഇത്തരം നടപടിക്കെതിരെ എല്ലാവരും ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജുഡീഷ്യറിയയുടെ പരിമിതികള്‍ ജനാധിപത്യസംവിധാനത്തിന് ഉള്‍ക്കൊള്ളാനാകും. എന്നാല്‍ ജുഡീഷ്യറിക്ക് മുകളിലുള്ള സമ്മര്‍ദ്ദങ്ങള്‍ ജനാധിപത്യത്തെ തകര്‍ക്കുകയും ഭരണഘടന ഒരു വ്യക്തിക്ക് നല്‍കുന്ന അവകാശങ്ങളെ ഹനിക്കുകയും ചെയ്യും. ജുഡീഷ്യറി ഭരണഘടന ഉയര്‍ത്തി പിടിച്ച് ജനങ്ങള്‍ക്കും സത്യത്തിനും വേണ്ടി നില കൊള്ളുമ്പോഴാണ് അതിന്റെ പൂര്‍ണതയിലെത്തുക. ജുഡീഷ്യറിയിലെ രാഷ്ട്രീയ കടന്നു കയറ്റം ഭരണഘടനാ ലംഘനങ്ങള്‍ കൂടി വരുന്നതിനു കാരണമാവും. ഡോ. കഫീല്‍ ഖാന്‍, സഞ്ജീവ് ബട്ട് ഐ.പി.എസ്, കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ് എന്നിവരെയെല്ലാം സര്‍ക്കാര്‍ വേട്ടയാടുന്നുണ്ട് എന്നത് പരസ്യമായതാണ്. ഇത് സര്‍ക്കാറിന്റെ വിശ്വസ്തതയെയും ഫാസിസ്റ്റ് മനോഭാവത്തെയുമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ലോകത്തെമ്പാടുമുള്ള കെ.എം.സി.സി. ഘടകങ്ങള്‍ ഈ മഹാമാരിയുടെ കാലത്ത് നടത്തുന്ന സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ലാഘനീയവുമാണ്. കെ.എം.സി.സി. അടക്കമുള്ള സന്നദ്ധ സംഘങ്ങള്‍ നടത്തുന്ന സേവനങ്ങളാണ് ഒരു പരിധി വരെ പ്രവാസികള്‍ക്ക് ആശ്വാസമാവുന്നത്. ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും മറ്റും ഗത്യന്തരമില്ലാതെ കുടുംബത്തിലെത്താന്‍ കൊതിക്കുന്ന പ്രവാസികള്‍ക്ക് മുന്നില്‍ സര്‍ക്കാറുകള്‍ പ്രതിസന്ധി തീര്‍ക്കുമ്പോള്‍ പലരും ഹൃദയം തകര്‍ന്ന് മരണപ്പെടുന്ന കാഴ്ചയാണ് ദിനംപ്രതി നാം കാണുന്നത്. ഭരണ ഘടന മുറുകെ പിടിച്ചു ഭരണ ഘടനാ ലംഘനങ്ങള്‍ക്കെതിരെ പോരാടാന്‍ ഈ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Latest News