Sorry, you need to enable JavaScript to visit this website.

സൗദിയിലെ റെസ്റ്റോറന്റുകളിൽ ജൂലൈ 28 മുതൽ ഇ-പെയ്‌മെന്റ് നിർബന്ധം

റിയാദ് - ജൂലൈ 28 മുതൽ റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഏതെങ്കിലും ഒരു ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാണെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അറിയിച്ചു. ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി അടുത്ത മാസം റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാക്കുമെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പറഞ്ഞു. ഇതിനകം ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കാത്ത മുഴുവൻ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഓഗസ്റ്റ് 25 മുതൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കും. ഇതോടെ രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമായിരിക്കും.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കുന്നത്. പണമിടപാടുകൾ കുറക്കാനും മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണിത്. പതിനാലു മാസത്തെ ഇടവേളയിൽ പടിപടിയായി രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കാൻ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അവസാന ഘട്ടങ്ങളാണ് ജൂലൈ 28 മുതലും ഓഗസ്റ്റ് 25 മുതലും നടപ്പാക്കുന്നത്. അഞ്ചാം ഘട്ടമായാണ് റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കുന്നത്.
ബഖാലകളിലും മിനിമാർക്കറ്റുകളിലും കഴിഞ്ഞ മാസം മുതൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കിയിരുന്നു. ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾ അടപ്പിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി, വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം, ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം, ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി, സൗദി ഓൺലൈൻ പെയ്‌മെന്റ് നെറ്റ്‌വർക്ക് ആയ മദ എന്നിവ സഹകരിച്ചാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കുന്നത്.

 

Latest News