Sorry, you need to enable JavaScript to visit this website.

ചെറുവള്ളി എസ്റ്റേറ്റ്: സർക്കാർ നീക്കം കുത്തകകൾക്കുവേണ്ടി

ചെറുവള്ളി എസ്റ്റേറ്റ് വീണ്ടും വാർത്താപ്രാധാന്യം നേടുകയാണ്. കെ.പി.യോഹന്നാൻ കൈവശം വെച്ചിരിക്കുന്ന, എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം നിർമിക്കാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചതിനു പുറകെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. പശ്ചിമഘട്ടത്തിൽ അത്തരമൊരു വിമാനത്താവളം ആവശ്യമുണ്ടോ എന്നാണ് ഒരു ചോദ്യം. അതിനേക്കാളുപരി കോടികളുടെ തട്ടിപ്പാണ് ചെറുവള്ളിയുടെ പേരിൽ നടക്കുന്നത്. സർക്കാർ ഭൂമി അനധികൃത മാർഗത്തിലൂടെ സ്വന്തമാക്കിയശേഷം അത് സർക്കാരിനുതന്നെ വിൽപന നടത്തി കോടികൾ കൊള്ളയടിക്കാനാണ് യോഹന്നാന്റെ നീക്കമെന്നു വ്യക്തമാണ്. ഇക്കാര്യം അറിഞ്ഞുതന്നെയാണ് സർക്കാരും മുന്നോട്ടുപോകുന്നത്.  സർക്കാർ ഭൂമിയാണിതെന്ന് സർക്കാർ തന്നെ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതാണ് ഇപ്പോൾ മറച്ചുവെക്കുന്നത്. മാത്രമല്ല, 2200 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഇത്തരത്തിൽ  ഏറ്റെടുത്താൽ ഇതുപോലെതന്നെ തോട്ടം എന്ന പേരിൽ വൻകിടക്കാർ കൈവശപ്പെടുത്തി വെച്ചിരിക്കുന്ന അഞ്ച് ലക്ഷത്തോളം ഏക്കർ ഭൂമിയും സർക്കാരിന് നഷ്ടപ്പെടും. ഇതിലൂടെയുണ്ടാകുന്ന നഷ്ടമാകട്ടെ 25,000 കോടിയിലധികം വരുമെന്നാണ് കണക്ക്.
സംസ്ഥാനത്ത് ഏറ്റവുമധികം തോട്ടം ഭൂമി കൈവശം വെച്ചിരിക്കുന്നത് ഹാരിസണാണ്. അതുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2013 ഫെബ്രുവരി 28ന്  ഹാരിസണിന്റെ കൈവശമുള്ള ഭൂമി റവന്യൂ ഭൂമിയാണെങ്കിൽ  കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം ഏറ്റെടുക്കാവുന്നതാണെന്നും രണ്ടു മാസത്തിനകം അതിന്റെ നടപടി തുടങ്ങണമെന്നും വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് സർക്കാർ നിയമിച്ച സ്‌പെഷൽ ഓഫിസറും എറണാകുളം ജില്ലാ കലക്ടറുമായ എം.ജി രാജമാണിക്യം ഹാരിസണിന്റെ ഭൂമിക്ക് കൈവശാവകാശ, പ്ലാന്റേഷൻ സർട്ടിഫിക്കറ്റുകൾ നൽകരുതെന്നും മരം മുറിക്കരുതെന്നും ഭൂമി കൈമാറ്റം ചെയ്യരുതെന്നുമുള്ള വിലക്കുകൾ ഏർപ്പെടുത്തി. കേരളത്തിലെ നാലു ജില്ലകളിലായി ഹാരിസണിന്റെ 25,000 ഏക്കർ ഭൂമിയെ സംബന്ധിച്ച് സ്‌പെഷൽ ഓഫീസർ സ്ഥലപരിശോധന നടത്തുകയും ഹാരിസണിനെതിരേ ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം  കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. നാലു ജില്ലകളിലായി പരിശോധന നടത്തിയ സ്‌പെഷ്യൽ ഓഫീസർ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി ഹാരിസൺ കൈവശം വെച്ചിരിക്കുന്ന 29,185 ഏക്കർ ഭൂമി ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നാണ് അവർ വിറ്റ ഭൂമികൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
2005ലാണ് ഹാരിസൺ മലയാളം ചെറുവള്ളി എസ്റ്റേറ്റ് കെ.പി. യോഹന്നാന് വിറ്റത്. വിൽപ്പന നിയമവിരുദ്ധമാണെന്നുകണ്ട് കോട്ടയം ജില്ലാ കലക്ടർ  എസ്റ്റേറ്റിന്റെ പോക്കുവരവ് റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്ത് ഗോസ്പൽ ഫോർ ഏഷ്യ ഹൈക്കോടതിയെ സമീപിച്ചു. ഭൂമി വിൽക്കാനുള്ള അവകാശം ഹാരിസൺ മലയാളം കമ്പനിക്കില്ലെന്നു കാണിച്ച് റവന്യൂ വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.  അവകാശം തെളിയിക്കാൻ കെ.പി.യോഹന്നാൻ ഹാജരാക്കിയ രേഖകൾ വസ്തുതാപരമായി ശരിയല്ലെന്നും ഭൂമിയുടെ സ്ഥിതിവിവര കണക്ക് ഇതിൽ വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് ഹാരിസണും കോടതിയെ സമീപിച്ചു.  ഭൂമി ഏറ്റെടുക്കാൻ സ്‌പെഷ്യൽ ഓഫീസർക്ക് അധികാരമുണ്ടോയെന്നു സർക്കാർ  തെളിയിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.  ഈ വിഷയം ഇപ്പോൾ കോടതി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അതുവരെ തൽസ്ഥിതി തുടരണമെന്നും പറഞ്ഞിട്ടുണ്ട്. അതേ സമയം ഹാരിസൺ കോടതി വ്യവഹാരങ്ങളിലൂടെ ഏറ്റെടുക്കൽ വൈകിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഓർഡിനൻസ് ഇറക്കി  മുഴുവൻ ഭൂമിയും തിരിച്ചു പിടിക്കണമെന്ന് റവന്യൂ വകുപ്പിനു വേണ്ടി സ്റ്റേറ്റ് ലാൻഡ് ബോർഡ് സെക്രട്ടറി  സർക്കാരിനു കത്തു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹാരിസണും കെ.പി.യോഹന്നാനും അനുകൂലമാകുന്ന തരത്തിൽ സംസ്ഥാന സർക്കാർ നീങ്ങുന്നത്. എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം പണിയാനും അതിൽ കെ.പി. യോഹന്നാന് പങ്കാളിത്തം നൽകാനുമുള്ള നീക്കത്തിലൂടെ യോഹന്നാന്റെ കൈവശമുള്ള ഭൂമിയുടെ ഉടമാവകാശം സർക്കാർതന്നെ സമ്മതിച്ചുകൊടുക്കുകയാണ്. തുടക്കത്തിൽ സൂചിപ്പിച്ചതിലൂടെ ഈ നടപടിയിലൂടെ  അഞ്ച് ലക്ഷത്തിലധികം ഏക്കർ ഭൂമിയുടെ ഉടമാവകാശം സർക്കാരിന് നഷ്ടപ്പെടുകയും ചെയ്യും. ഇക്കാര്യത്തിനായി സർക്കാർ ഉപയോഗിക്കുന്നത് ശബരിമലയാണെന്നതാണ് കൗതുകകരം. ശബരിമലയുടെ വികസനത്തിന് വിമാനത്താവളം സഹായിക്കുമത്രെ. 
സ്വാഭാവികമായും ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയിട്ടുള്ളത് ദളിത് ആദിവാസി വിഭാഗങ്ങൾ തന്നെയാണ്. കേരളത്തിൽ വിദേശ തോട്ടം കുത്തകകൾ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി കൈവശം വെച്ചു കൊണ്ടിരിക്കുന്ന അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിച്ച് തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയിൽ പുനഃസംഘടിപ്പിക്കാനും മണ്ണിൽ പണിയെടുക്കുന്ന ദളിത് - ആദിവാസികൾ ഉൾപ്പെടെയുള്ള ഭൂരഹിത കർഷകർക്കും കർഷക തൊഴിലാളികൾക്കും കൃഷിഭൂമി വിതരണം ചെയ്തു കൊണ്ട് കേരളത്തിന്റെ സ്വാശ്രിതമായ വികസനത്തിനും കാർഷിക പുരോഗതിക്കും അടിത്തറയിടാൻ കഴിയുമാറ്  കാർഷിക-ഭൂ പരിഷ്‌കരണ നടപടികൾ മുന്നോട്ട് കൊണ്ടു പോകണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. അതിനെ അട്ടിമറിക്കുന്ന നടപടിയായിരിക്കും ഇത്. 
ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യ കാലത്ത് രാജ്യത്ത് വിദേശകമ്പനികൾ കൈവശം വെച്ച് കൊണ്ടിരിക്കുന്ന തോട്ടങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വാതന്ത്ര്യാനന്തരം  അതാത് സംസ്ഥാന / കേന്ദ്ര സർക്കാറുകളിൽ നിക്ഷിപ്തമാക്കുന്ന ഇന്ത്യൻ  ഇന്റിപെന്റഡ് ആക്ട് നിലനിൽക്കുമ്പോഴാണ് ഈ അട്ടിമറിയെന്നതും ശ്രദ്ധേയമാണ്. ഭരണഘടനയുടെ പരിരക്ഷയുള്ള ഈ നിയമമനുസരിച്ചു നാടു വാഴിത്ത / രാജവാഴ്ചക്കാലത്ത് തിരുവിതാംകൂർ, കൊച്ചി, പഴയ മലബാറിലെ നാട്ടുരാജ്യങ്ങൾ എന്നിവയിൽനിന്നും ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനിയും അവരുടെ തോട്ടം കമ്പനികളും  ദീർഘകാല പാട്ടത്തിനെടുത്തതോ അല്ലാതെയോ കൈവശം വെച്ചുവരുന്നതായ മുഴുവൻ സമ്പത്തുക്കളുടെയും ഉടമസ്ഥാവകാശം  അതാത് സംസ്ഥാന സർക്കാറുകൾക്കാണ്.  ഇത്തരം സ്വത്തുകൾ വില്പന നടത്തുന്നതോ കൈമാറ്റം ചെയ്യുന്നതോ നിയമവിരുദ്ധമാണ്.  എന്നാൽ ടാറ്റ, ഗോയങ്ക തുടങ്ങിയ ഇന്ത്യൻ കുത്തകകളുടെ കമ്പനികളെ ബിനാമികളാക്കി തോട്ടം ഭൂമി മുഴുവൻ, നിയമവിരുദ്ധമായി രാജ്യത്തിലെ ഭരണഘടനാപരിരക്ഷയുള്ള നിയമങ്ങളെ പോലും കാറ്റിൽ പറത്തി കൊണ്ട് , കൈവശം വെച്ച് കൊണ്ടിരിയ്ക്കയായിരുന്നു വിദേശതോട്ടം കമ്പനികൾ. പ്രസ്തുത നിയമം നടപ്പായില്ല എന്നു മാത്രമല്ല  ഭൂപരിഷ്‌കരണ നിയമത്തിൽ പോലും  തോട്ട ഭൂമിയെ ഒഴിവാക്കുകയായിരുന്നു. 
ഹാരിസൺ മലയാളം എന്ന വിദേശ കമ്പനി ഗോയങ്കെ എന്ന ബിനാമിയെ വച്ചാണ് ഏഴ് ജില്ലകളിലായി ഒരു ലക്ഷത്തിൽപ്പരം ഏക്കർ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്.  ഇതിൽ പലതും നിയമവിരുദ്ധമായി മുറിച്ച് വില്പന നടത്തി. കമ്പനികൾ  കേരള ഭൂപരിഷ്‌കരണ നിയമങ്ങൾ, കേരള ഭൂസംരക്ഷണ നിയമങ്ങൾ, ഗവ: ഓഫ് ഇന്ത്യാ ആക്ട്, ഫെറ നിയമങ്ങൾ, വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടങ്ങൾ തുടങ്ങി നിരവധി നിയമങ്ങളെ മറികടന്നു കൊണ്ട്് സംസ്ഥാനത്തെ ജനങ്ങൾക്കവകാശപ്പെട്ട ഭൂമി കൈവശം വെച്ച് കൊണ്ടിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം  ഡോ.എം.എ രാജമാണിക്യം ഐ.എ.എസ് 2016 ജൂൺ 4 ന് മുഖ്യമന്ത്രിക്ക്  സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. അതിനുമുമ്പെ സംസ്ഥാന ലാന്റ് ബോർഡ് സ്‌പെഷ്യൽ ഗവ: പ്ലീഡർ സുശീല ആർ.ഭട്ട്, തോട്ടത്തിൽ സി.രാധാകൃഷ്ണൻ വി. പി രാമകൃഷ്ണപ്പിള്ള എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് 2013 ഫെബ്രുവരി 28ന് ഹാരിസൺ മലയാളം കൈവശം വെച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. അവയെല്ലാം അട്ടിമറിക്കുന്നതാണ് പുതിയനീക്കം. ഇതിനെല്ലാം പുറമെ വിമാനത്താവളം പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്ന പാരിസ്ഥിതികമായ ആഘാതം, തോട്ടം തൊഴിലാളി വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ, പ്രദേശത്തെ ഭൂരഹിതരായ ജനവിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൂടി ചർച്ച ചെയ്യേണ്ടതുണ്ട്. എന്തായാലും കൊവിഡ് കാലത്തെടുത്ത ഈ ജനവിരുദ്ധ തീരുമാനത്തിനെതിരെ കോവിഡ് കാലത്തുതന്നെ പ്രക്ഷോഭത്തിനിറങ്ങാനുള്ള നീക്കത്തിലാണ് ദളിത് - പരിസ്ഥിതി - ആദിവാസി സംഘടനകൾ.

Latest News