മരിച്ചയാളുടെ പെന്‍ഷന്‍ തുക തട്ടിയെടുത്തു; ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവിനെതിരെ കേസ്

കണ്ണൂര്‍- ഇരിട്ടിയില്‍ വ്യാജരേഖ ചമച്ച് മരിച്ചയാളുടെ പെന്‍ഷന്‍ തുക ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവ് സ്വപ്ന തട്ടിയെടുത്തുവെന്ന് പരാതി. പായം പഞ്ചായത്തിലാണ് സംഭവം.സാമ്പത്തിക തട്ടിപ്പ്,വ്യാജരേഖ ചമക്കല്‍,ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.തളര്‍വാതം വന്ന് ഏഴ് കൊല്ലമായി കിടപ്പിലായിരുന്ന തോട്ടത്താന്‍ കൗസു കഴിഞ്ഞ മാര്‍ച്ചിലാണ് മരിച്ചത്.

ഇവര്‍ മരിച്ച വിവരം മാര്‍ച്ച് 20ന് പായം പഞ്ചായത്തിനെ മക്കള്‍ അറിയിച്ചിരുന്നു. കൗസുവിന്റെ മകളുടെ ഭര്‍ത്താവ് ക്യാന്‍സര്‍ രോഗി കൂടിയായ കടുമ്പേരി ഗോപി തന്റെ പെന്‍ഷന്‍ തുക വാങ്ങാന്‍ അംഗനവാടിയില്‍ എത്തിയപ്പോഴാണ് ഈ തട്ടിപ്പ് തിരിച്ചറിഞ്ഞത്. കൗസു മരിച്ചതിനാല്‍ സര്‍ക്കാരിലേക്ക് തിരിച്ചു പോകേണ്ട  ആറായിരത്തില്‍പരം രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് കളക്ഷന്‍ ഏജന്റായ സ്വപ്‌ന തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ആരോപണം.

അതേസമയം ഈ തുക തങ്ങള്‍ കൈപ്പറ്റിയെന്ന് ഒപ്പിട്ട് നല്‍കണമെന്ന് സിപിഐഎം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം പായം പഞ്ചായത്തില്‍ അഞ്ച് കൊല്ലത്തിനിടെ മരിച്ചവരുടെ പെന്‍ഷന്‍ പഞ്ചായത്ത് അപഹരിച്ചതായും അന്വേഷണം വേണമെന്നും ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
 

Latest News