അബുദാബി- നിലവില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കാത്തവരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല.
നാഷണല്‍ എമര്‍ജന്‍സി െ്രെകസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും ഞായറാഴ്ച പ്രഖ്യാപിച്ച പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമാണിത്.
17 രാജ്യങ്ങളിലെ 106 നഗരങ്ങളിലുള്ള അംഗീകൃത ലബോറട്ടറികളിലാണ് കോവിഡ് 19 പരിശോധന നടത്തേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. വിമാന സര്‍വീസിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഭാഗമായി ഉടന്‍ തന്നെ കൂടുതല്‍ രാജ്യങ്ങളെ പട്ടികയില്‍ ചേര്‍ക്കും.
smartservices.ica.gov.ae വെബ് സൈറ്റില്‍ അംഗീകൃത ലബോറട്ടറികളുടെ പട്ടിക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലബോറട്ടറികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സമയ ബന്ധിതമായി പരിശോധനാ ഫലങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
അംഗീകൃത ലാബ് ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന വിദേശികള്‍ക്ക് യുഎഇയില്‍ തിരിച്ചെത്തിയാല്‍ കോവിഡ് 19 പരിശോധന നടത്താം.
14 ദിവസത്തേക്ക് വീട്ടുനിരീക്ഷണമോ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനോ നിര്‍ബന്ധമാണ്.
ക്വാറന്റൈനും വൈദ്യസഹായത്തിനുമുള്ള എല്ലാ ചെലവുകളും വ്യക്തികള്‍ തന്നെ വഹിക്കണം. അത്യാവശ്യ സാഹചര്യങ്ങളില്‍, മടങ്ങിവരുന്ന വിദേശികളുടെ ചെലവ് കമ്പനികള്‍ക്ക് വഹിക്കാം.
മടങ്ങിവരുന്ന എല്ലാ താമസക്കാരും സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ക്വാറന്റൈന്‍ കാലത്ത് സര്‍ക്കാര്‍ ആരോഗ്യ ഏജന്‍സികള്‍ ഇതുവഴി നിരീക്ഷിക്കും.






