വന്ദേഭാരത് വിമാനങ്ങള്‍ക്ക് നേരിട്ട് ടിക്കറ്റെടുക്കാം, എംബസി നിയന്ത്രണം ഇല്ല

അബൂദാബി- വന്ദേഭാരത് വിമാനങ്ങളില്‍ യാത്രക്കാരെ തെരഞ്ഞെടുക്കാനുള്ള നിയന്ത്രണം യു.എ.ഇ ഇന്ത്യന്‍ എംബസി ഉപേക്ഷിക്കുന്നു. നാട്ടിലേക്ക് പോകാനുള്ള വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക്, അവര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് നേരിട്ട് ടിക്കറ്റ് കരസ്ഥമാക്കാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന തരത്തിലാവും ടിക്കറ്റ് നല്‍കുക.
എയര്‍ ഇന്ത്യയുടെ www.airindiaexpress.in എന്ന വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. അബുദാബി, അല്‍ ഐന്‍, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍ എന്നിവിടങ്ങളിലെ ഓഫീസ് സന്ദര്‍ശിച്ചും ടിക്കറ്റ് നേടാം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ടിക്കറ്റിംഗ് ഏജന്റുമാര്‍ വഴിയും ടിക്കറ്റെടുക്കാം.
ഞായര്‍ വൈകിട്ട് ഏഴു മുതല്‍ നേരിട്ടുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. വന്ദേഭാരത് നാലാം ഘട്ട വിമാനങ്ങള്‍ക്കായാണ് ബുക്കിംഗ്.
നാലാം ഘട്ടത്തില്‍ 17 രാജ്യങ്ങളില്‍നിന്ന് 170 ഫ്‌ളൈറ്റുകളാണ് സര്‍വീസ് നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതല്‍ വിമാനങ്ങള്‍.

 

Latest News