തലശ്ശേരി- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള അധികൃതരുടെ നിസ്സംഗതമൂലം വിമാനത്താവളത്തിൽ കനത്ത കോവിഡ് ഭീതി. സർക്കാർ നിയോഗിച്ച പ്രൊട്ടോക്കോൾ ഉദ്യോഗസ്ഥനെ മൂലക്കിരുത്തി വിമാനത്താവള അധികൃതർ നിയോഗിച്ച പ്രൊട്ടോക്കോൾ ഉദ്യോഗസ്ഥന്റെയും പ്രായാധിക്യത്തിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെയും നിയന്ത്രണത്തിലുള്ള കണ്ണൂർ വിമാനത്താവള ഭരണം കുത്തഴിഞ്ഞതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടിലിരിക്കേണ്ട വയോധികനായ മാനേജിംഗ് ഡയറക്ടറുടെ പിടിപ്പുകേടാണ് വിമാനത്താവളത്തിന്റെ കുത്തഴിഞ്ഞ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാരണമെന്നാണ് പരക്കെയുള്ള വിമർശനം. ദിവസേനയെന്നോണം നാലും അഞ്ചും ചാർട്ടേഡ് ഫ്‌ളൈറ്റുകളാണ് കണ്ണൂർ എത്തുന്നത്.
ഇപ്പോൾ ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ വന്നിറങ്ങുന്ന ഇവിടെ കനത്ത കോവിഡ് ഭീഷണി ഉയർന്നത് യാത്രക്കാരെ മുൾ മുനയിലാക്കിയിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കാതെയുള്ള യാത്രക്കാരുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചു തുടങ്ങി.
സെക്യൂരിറ്റി ചുമതലയുള്ള സി.ഐ.എസ്.എഫ് ജവാൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കാര്യങ്ങൾ ഇവിടെ പിടിവിട്ട് പോയത്. ആദ്യം രോഗം സ്ഥിരീകരിച്ചിട്ടും വിവരങ്ങൾ മറച്ച് വെക്കാൻ പബ്ലിക് റിലേഷന്റെ ഭാഗത്ത് നിന്നുണ്ടായ ശ്രമമാണ് സംഭവം ഇത്രയും വഷളാവാൻ കാരണമായതെന്നാണ് പരക്കെയുള്ള ആരോപണം.
വിമാനത്താവളത്തിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സെക്യൂരിറ്റി ചുമതലയുള്ള സി.ഐ.എസ്.എഫ് കമാണ്ടന്റിന്റെ ഓഫീസ് കഴിഞ്ഞ ദിവസം അടച്ചു. എന്നാൽ ഇതിന് തൊട്ട് തന്നെയുള്ള സി.എഫ്.ഒ ഓഫീസ് അടച്ചിടാനോ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക പുറത്തിറക്കാനോ ഇതുവരെ വിമനാത്താവള അധികൃതർ തയാറായിട്ടില്ല. 40 ഓളം ജവാൻമാർ ക്വാറന്റൈനിൽ പ്രവേശിച്ചിച്ചെങ്കിലും വിമാനതത്താവളത്തിലെ മറ്റ് ജീവനക്കാരും ഏറെ ഭീഷണിയിലാണ്.
കോവിഡ് പ്രതിരോധത്തിനുള്ള പ്രോട്ടോക്കോൾ ലംഘിച്ച് കമാണ്ടന്റിന്റെ റൂമിൽ പാർട്ടീഷൻ തിരിച്ച് പ്രവർത്തിക്കുന്ന സി.എഫ്.ഒ യുടെ ഓഫീസ് നിർബാധം ഇപ്പോഴും പ്രവർത്തിക്കുകയാണ്. സി.ഐ.എസ്.എഫിനും സി.എഫ്.ഒക്കും ഒരു പ്രധാന കവാടം മാത്രമാണുള്ളത്. ഈ കവാടത്തിലൂടെ കോവിഡ് രോഗി പ്രവേശിച്ചതിനെ തുടർന്നാണ് സി.ഐ.എസ്.എഫ് കമാണ്ടന്റ് ഓഫീസ് അടച്ചത്. എന്നിട്ടും തൊട്ടുരുമ്മി നിൽക്കുന്ന സി.എഫ്.ഒ യുടെ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ് വിമാനത്താവള ജീവനക്കാരെ പോലും ആശങ്കയിലാക്കുന്നത.് ജീവനക്കാരുടെ സുരക്ഷക്ക് അൽപം പോലും പ്രാധാന്യം മാനേജ്‌മെന്റ് നൽകുന്നില്ല എന്നതിന്റെ നേർക്കാഴ്ചയാണ് സി.എഫ്.ഒ യുടെ ഓഫീസ് പ്രവർത്തനം. ഈ കെട്ടിടത്തിലെ എല്ലാ ജീവനക്കാരും ഉപയോഗിക്കുന്നത് ഇവിടെയുള്ള കോമൺ ലിഫ്റ്റാണെന്നതും രോഗവ്യാപന സാധ്യത കൂട്ടുകയാണ്. ഇതോടെ വിമാനത്താവളത്തിലെ ചില ജീവനക്കാർ കോവിഡ് ഭീതിയിൽ അവധി അപേക്ഷ നൽകിയിരിക്കുകയാണ്.
എയർപോർട്ട് അതോറിറ്റിയുടെ നിസ്സാര സമീപനം കോവിഡ് പ്രോട്ടോക്കോളിന്റെ നഗ്‌നമായ ലംഘനമാണ്. കൂടാതെ യഥാർഥ വിവരങ്ങൾ മറച്ച് വെക്കാൻ ശ്രമിക്കുന്നതും പ്രോട്ടോക്കോളുകൾ ലംഘിച്ച് പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് കാര്യങ്ങൾ ഇവിടെ ഇത്ര വഷളാക്കാൻ ഇടയായത.് കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ആറ് പേർ സി.ഐ.എസ്.എഫുകാരും നാല് ആർമി ഡി.എസ്.സി കാന്റീൻ ജീവനക്കാരുമാണ്. ഇതിൽ തന്നെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ കണ്ണൂർ വിമാനത്താവളത്തിലെ ഡ്യൂട്ടിയിലുണ്ടായവരാണെന്നതാണ് ഏറെ ആശങ്കയുയർത്തുന്നത.്