ദുബായ്- നാട്ടിലെ ക്വാറന്റൈന്‍മൂലം പ്രവാസികള്‍ യാത്ര റദ്ദാക്കുന്നു. വിദേശത്തുനിന്ന് ചെല്ലുന്നവര്‍ 14 ദിവസം വീട്ടിലോ സ്ഥാപനത്തിലോ കര്‍ക്കശമായ ക്വാറന്റൈന്‍ കൂടാതെ അടുത്ത 14 ദിവസം നിരീക്ഷണ ക്വാറന്റൈനിലുമിരിക്കണം എന്നാണ് വ്യവസ്ഥ. വീട്ടിലാണെങ്കില്‍ ആദ്യത്തെ 14 ദിവസം മറ്റ് കുടുംബാംഗങ്ങളും പുറത്തിറങ്ങാന്‍ പാടില്ല.
ഫലത്തില്‍ നാട്ടില്‍ പോകുന്ന പ്രവാസി 28 ദിവസം വീട്ടില്‍ തന്നെ ഇരിക്കണം. രോഗമോ മറ്റ് സമ്പര്‍ക്കമോ ഇല്ലെങ്കില്‍പോലും ഇതാണ് അവസ്ഥ. ആരോഗ്യവകുപ്പിന്റേയും പോലീസിന്റെയും കര്‍ശന നിരീക്ഷണം വീട്ടില്‍ എ്‌പ്പോഴുമുണ്ടാകും. ഇതെല്ലാം അയല്‍ക്കാരേയും നാട്ടുകാരേയും കൂടി ഭീതിയിലാക്കുന്നു.
മറ്റു കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്തവര്‍ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇതിന് ചെലവുമുണ്ട്. കുടുംബാംഗങ്ങളെയെല്ലാം മറ്റൊരു വീട്ടിലേക്ക് രണ്ടാഴ്ചത്തേക്ക് പറിച്ചുനടുകയെന്നത് പലര്‍ക്കും പ്രായോഗികവുമല്ല. ഇതെല്ലാമോര്‍ത്ത് മിക്ക പ്രവാസികളും നാട്ടിലേക്കുള്ള യാത്ര നീട്ടിവെക്കുകയാണ്. ചില കേസുകളില്‍ സ്വന്തം വീട്ടില്‍പോലും ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിക്കാത്തതുമൂലവും പല പ്രവാസികളും യാത്ര റദ്ദാക്കി. നാട്ടിലെ ക്വാറൈന്റന്‍ കഴിഞ്ഞ് തിരിച്ച് യു.എ.ഇയില്‍ എത്തിയാല്‍ വീണ്ടും ക്വാറന്റൈനില്‍ കഴിയേണ്ടിവരുന്നതും പ്രശ്‌നമാണ്.
ഇതുമൂലം വന്ദേഭാരത്, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് വേണ്ടത്ര യാത്രക്കാരില്ല.”നേരത്തെ വിമാനങ്ങളില്‍ ഇടംകിട്ടാനായി ജനങ്ങള്‍ പരക്കം പായുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ യാത്രക്കാരെ കിട്ടാനായി വിമാനകമ്പനികളും ചാര്‍ട്ടര്‍ വിമാന സര്‍വീസ് നടത്തുന്ന സംഘാടകരും രംഗത്തിറങ്ങുകയാണ്. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ എടുത്ത ശേഷമാണ് പലരും സര്‍വീസ് പ്രഖ്യാപിച്ചതെങ്കിലും യാത്രക്കാര്‍ പിന്‍വാങ്ങുന്നത് ഇവര്‍ക്ക് തിരിച്ചടിയായി.
ഇവിടത്തെ പരിശോധനയില്‍ രോഗമില്ലെന്നു തെളിഞ്ഞിട്ടും നാട്ടിലെ വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നതും യാത്ര ഒഴിവാക്കാന്‍ ചിലരെ പ്രേരിപ്പിച്ചിട്ടുണ്ട്. അബുദാബിയില്‍നിന്ന് 28നും 30നും കോഴിക്കോട്ടേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന രണ്ട് വിമാനങ്ങള്‍ യാത്രക്കാരുടെ കുറവു മൂലം റദ്ദാക്കി.