മുംബൈ- മുംബൈയില്‍ കുട്ടികളായ കോവിഡ് രോഗികളിലെ ലക്ഷണങ്ങള്‍ കവാസാകി രോഗത്തിന് സമാനം. ഇന്ത്യയില്‍ ആദ്യമായാണ് കോവിഡ് രോഗികളില്‍ ഇത്തരത്തിലുള്ള ലക്ഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരിയ്ക്ക് കടുത്ത പനിയും ചുവന്ന കുരുക്കള്‍ പൊങ്ങുകയും ചെയ്തിരുന്നു. ഇത് രണ്ട് വിധത്തിലുള്ള കവാസാകി രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഈ പെണ്‍കുട്ടിയ്ക്ക് കോവിഡ് പരിശോധനാഫലം പോസിറ്റീവായിട്ടുണ്ട്. രോഗിയുടെ നില ഗുരുതരമായതിനാല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സ്റ്റിറോയിഡ് ഉയര്‍ന്ന തോതിലുള്ള അളവിലാണ് നല്‍കുന്നത്. പെണ്‍കുട്ടിയ്ക്ക് തന്റെ പിതാവില്‍ നിന്നാണ് വൈറസ് പകര്‍ന്നതെന്നാണ് വിവരം.
യുഎസ്,യുകെ,സ്പെയിന്,ചൈന,ഇറ്റലി എന്നീ രാജ്യങ്ങളിലെ കോവിഡ് രോഗികളായ കുട്ടികളിലും കവസാകി രോഗത്തിന്റെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠനം അനുസരിച്ച് 58 കുട്ടികളിലാണ് കോവിഡിനൊപ്പം കവാസകി ലക്ഷണങ്ങള്‍ കാണിച്ചിരിക്കുന്നത്. സാര്‍സ്-കോവി-2വുമായി പീഡിയാട്രിക് കോശജ്വലന മള്‍ട്ടിസിസ്റ്റം സിന്‍ഡ്രോം താത്കാലികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
കവാസകി രോഗത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. പ്രധാനമായും അഞ്ച് വയസിന് താഴെയുള്ളവരെയാണ് ഈ രോഗം ബാധിക്കുന്നത്. ഉയര്‍ന്ന പനിയും രക്തക്കുഴലുകളിലെ വീക്കവും ഉണ്ടാകും. ചിലപ്പോള്‍ കൊറോണറി ധമനികള്‍ക്ക് നാശവും ഉണ്ടാക്കാറുണ്ട്.