കൊച്ചി- അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയില്‍ സസ്പെന്‍ഷനിലായ പാര്‍ട്ടി സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎം ലോറന്‍സ്. സക്കീര്‍ ഹുസൈന് ഒരിക്കലും തെറ്റ് തിരുത്തില്ലെന്ന് ഉറപ്പുണ്ട്. അത്തരം ഒരാള്‍ക്ക് എതിരെ വെറും സസ്പെന്‍ഷനല്ല വേണ്ടത്. കൂടുതല്‍ നടപടികള്‍ വേണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പരാതി അന്വേഷിച്ച എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ട് സക്കീര്‍ ഹുസൈനെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ച് തയ്യാറാക്കിയതാണ്.
അയാള്‍ക്ക് ഇതുവരെ തുണയായത് പാര്‍ട്ടിയെ സാമ്പത്തിക കൂട്ടുക്കെട്ടുകളാണെന്നും എംഎം ലോറന്‍സ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എളമരം കരീം സക്കീറിനെതിരെ നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ല നടന്നത്. പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗീയതയുണ്ട്. എന്നാല്‍ പഴയ പോലെ രാഷ്ട്രീയ വിഭാഗീയതയല്ല. സാമ്പത്തിക,സ്ഥാന നേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള വിഭാഗീയതയാണ് ഇപ്പോള്‍ നടക്കുന്നത്.
സ്ഥാനം ലഭിച്ചാല്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നും എംഎം ലോറന്‍സ് വിമര്‍ശിച്ചു. അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടര്‍ന്ന് ആറ് മാസത്തേക്കാണ് സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നത്.






