24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത് 20,000ത്തോളം പേര്‍ക്ക്; ഇത്രയും പേര്‍ക്ക് സ്ഥിരീകരിക്കുന്നത് ആദ്യം

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. 24 മണിക്കൂറിനിടെ 19,906 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ 5,28,859 രോഗിളായി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം രോഗികളെ സ്ഥിരീകരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 410 പേരാണ് പുതുതായി കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 16,095 പേര്‍ക്ക് വൈറസ് കാരണം ജീവന്‍ നഷ്ടമായി.

ലോകത്ത് തന്നെ വൈറസ് ഏറ്റവും കൂടുതല്‍ വ്യാപിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസും ബ്രസീലും റഷ്യയുമാണ് കോവിഡ് വ്യാപനത്തില്‍ ഇന്ത്യക്ക് മുമ്പിലുള്ള രാജ്യങ്ങള്‍. ഒരു ദിനം 15000 ന് മുകളില്‍ കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ ദിവസമാണിന്ന്. ജൂണ്‍ 1വരെ 3,38,324 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നത്. 2,03,051 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 3,09,712 പേര്‍ വൈറസില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്.

മഹാരാഷ്ട്ര,ദല്‍ഹി,തമിഴ്‌നാട്,ഗുജറാത്ത്,തെലങ്കാന,ഉത്തര്‍പ്രദേശ്,ആന്ധ്രപ്രദേശ്,പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 1.59 ലക്ഷം കേസുകള്‍,7,243 മരണവും റിപ്പോര്‍ട്ട് ചെയ്തു.ദല്‍ഹിയില്‍ 80,188 കോവിഡ് കേസുകളും 2558 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 78,355 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 1,025 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇവിടങ്ങളിലെല്ലാം 63.7% രോഗികളും ചികിത്സയിലുണ്ട്.
 

Latest News