ജനീവ- കോവിഡിനെ നേരിടാനുള്ള ആഗോള ധനസമാഹരണ യോഗത്തില്‍ അമേരിക്ക, യൂറോപ്യന്‍ കമ്മീഷന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍നിന്നായി 615 കോടി യൂറോ (690 കോടി ഡോളര്‍) സമാഹരിച്ചു.
വൈറസിനെതിരെ മരുന്ന് കണ്ടുപിടിച്ചാല്‍ അത് ആവശ്യമായ എല്ലാവര്‍ക്കും ലഭ്യമാകണമെന്ന് യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ്ട്ര നേതാക്കള്‍ ഊന്നിപ്പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ്, ഗ്ലോബല്‍ സിറ്റിസണ്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മിലി സൈറസ്, ജസ്റ്റിന്‍ ബീബര്‍, ഷക്കീറ, ക്ലോയി എക്‌സ് ഹാലെ, അഷര്‍ തുടങ്ങിയവര്‍ സംബന്ധിച്ച സംഗീത കച്ചേരി ആഗോളതലത്തില്‍ സംപ്രേഷണം ചെയ്തതോടൊപ്പം ധനസമാഹരണം നടത്തിയത്.
യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുമായി ചേര്‍ന്ന് യൂറോപ്യന്‍ കമ്മീഷന്‍ 4.9 ബില്യണ്‍ യൂറോ, അമേരിക്ക 545 മില്യണ്‍ ഡോളര്‍, ജര്‍മ്മനി 383 മില്യണ്‍ യൂറോ, കാനഡ 219 മില്യണ്‍ ഡോളര്‍, ഖത്തര്‍ 10 മില്യണ്‍ ഡോളര്‍ എന്നിവ വാഗ്ദാനം ചെയ്തു. ഉച്ചകോടിയില്‍ നാല്‍പത് സര്‍ക്കാരുകള്‍ പങ്കെടുത്തു.
കോവിഡ് 19 ടെസ്റ്റുകള്‍, ചികിത്സ, വാക്‌സിനുകള്‍ എന്നിവയ്ക്കും ലോകത്തെ ഏറ്റവും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായവര്‍ക്ക് പിന്തുണ നല്‍കാനും പണം ഉപയോഗിക്കും. ആവശ്യമായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകേണ്ടത് നിര്‍ണായകമാണെന്ന് കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.
വാക്‌സിനുകള്‍ തങ്ങള്‍ക്കു മാത്രം പരിമിതപ്പെടുത്താതെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും ഉറപ്പാക്കാന്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവരികയാണെന്ന് അവര്‍ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഇതോട് യോജിച്ചു.
ഫലപ്രദമായ മരുന്ന് കണ്ടെത്തിയാല്‍, അത് എല്ലാവര്‍ക്കും ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ടത് ലോകനേതാക്കളായ നമ്മുടെ ധാര്‍മിക ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
മരുന്ന് കണ്ടെത്താനുള്ള ശ്രമം യോജിച്ച് നടത്തേണ്ടതിന്റെ ആവശ്യകത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എടുത്തു പറഞ്ഞു.
അമേരിക്കയും ചൈനയും ദേശീയ താല്‍പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ കോവിഡ് മഹമാാരി നിയന്ത്രിക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ ആഗോള സഹകരണത്തിന് നേതൃത്വം നല്‍കിവരികയാണ്.






