സഞ്ചാരികളെ വരൂ, ദുബായ് മാടിവിളിക്കുന്നു

ദുബായ്- കൊറോണയുടെ താണ്ഡവത്തിന് ഏതാണ്ട് ശമനമായതോടെ, സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ് ദുബായ്. ജനജീവിതം സാധാരണ നിലയിലേക്ക് അതിവേഗം തിരിച്ചെത്തിയിരിക്കുന്നു. നിയന്ത്രണങ്ങളും ലോക്ഡൗണുമെല്ലാം അവസാനിപ്പിച്ച്, അതിര്‍ത്തികള്‍ തുറന്ന രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ ആദ്യമെത്തുമെന്ന പ്രതീക്ഷയിലാണ് നഗരം.

കഴിഞ്ഞ മൂന്നാഴ്ചക്കിടെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയതായി ദുബായ് ടൂറിസം ഡയറക്ര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍ മര്‍രി പറഞ്ഞു. ആളുകള്‍ ജോലിക്ക് പോയിത്തുടങ്ങി. ചില സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ മാറ്റങ്ങള്‍ കാണുന്നു. ഇവിടെയെല്ലാം ടൂറിസം വിപണി തുറന്നുകഴിഞ്ഞു. ഈ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളെ ഞങ്ങള്‍ ആദ്യം പ്രതീക്ഷിക്കുകയാണ്. തീര്‍ച്ചയായും വെല്ലുവിളികള്‍ മുന്നിലുണ്ട്. അതേസമയം നല്ല ആത്മവിശ്വാസവുമുണ്ട്- അദ്ദേഹം പറഞ്ഞു.

ദുബായ് എയര്‍പോര്‍ട്ട് ജൂലൈ ഏഴ് മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കുകയാണ്. മൂന്നുമാസത്തോളം നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് വ്യോമവാതായനങ്ങള്‍ തുറക്കുന്നത്. ടൂറിസം ആരംഭിച്ചാലും കോവിഡ് നിയന്ത്രണത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമായിരിക്കും വിനോദസഞ്ചാരികള്‍ക്ക് വരാന്‍ സാധിക്കുക.

വരുന്ന രാജ്യത്തുനിന്ന് തന്നെ നാലു ദിവസം മുമ്പ് പി.സി.ആര്‍ ടെസ്റ്റ് നടത്തുക എന്നതാണ് ഒരു വ്യവസ്ഥ. അഥവാ സാധിച്ചില്ലെങ്കില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ അതിന് അവസരമുണ്ടാകും. ട്രാവല്‍ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞാല്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റൈന്‍ ചെയ്യണം.

വേനല്‍ക്കാലം കഴിയുമ്പോഴേക്കും ടൂറിസം വിപണി ക്രമാനുഗതമായി പൂര്‍ണമായും തുറക്കുമെന്നാണ് പ്രതീക്ഷയെന്ന് അല്‍മര്‍റി പറഞ്ഞു.

 

Latest News