Sorry, you need to enable JavaScript to visit this website.

കണ്ടപ്പോൾ തോർത്തഴിഞ്ഞു പോയി

ചോ: 1983 ലെ ലോകകപ്പ് ഫൈനൽ ജയിക്കുമെന്ന് തോന്നിയത് എപ്പോഴായിരുന്നു?
ഉ: വീവ് റിച്ചാഡ്‌സ് ബാറ്റിംഗ് തുടങ്ങിയ രീതി കണ്ടപ്പോൾ ഇരുപതോവറിൽ അവർ കപ്പുമായി പോവുമെന്നാണ് തോന്നിയത്. എന്നാൽ റിച്ചാഡ്‌സ് പുറത്തായതോടെ കളി തിരിഞ്ഞു. ക്ലൈവ് ലോയ്ഡും ജെഫ്രി ഡുജോണും മാൽക്കം മാർഷലും തുടരെ പുറത്തായി. ആൻഡി റോബർട്‌സും മൈക്കിൾ ഹോൾഡിംഗും മാത്രമാണ് അൽപനേരം ചെറുത്തുനിന്നത്. 

ചോ: ഏതായിരുന്നു ടൂർണമെന്റിലെ ടേണിംഗ് പോയന്റ്?
ഉ: ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ ആദ്യ കളിയിൽ തോൽപിച്ചത്. രണ്ട് പതിറ്റാണ്ടായി ലോക ക്രിക്കറ്റ് ഭരിക്കുന്ന ടീമായിരുന്നു അവർ. അന്ന് ടീമിലൊരാൾ ആവേശം സഹിക്കാതെ ബാത്‌റൂമിൽ കയറി അലറി വിളിച്ചു. ഞങ്ങൾ ലോക ചാമ്പ്യന്മാരെ തോൽപിച്ചൂ... അതു കേട്ട് ഞങ്ങളെല്ലാം കൂടെക്കൂടി. 

ചോ: കപിൽദേവിന് 24 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയായിരുന്നു ക്യാപ്റ്റൻസി?
ഉ: ഏഴ് സീനിയർ കളിക്കാരുണ്ടായിരുന്നു ടീമിൽ. ആദ്യ ടീം യോഗത്തിൽ തന്നെ കപിൽ പറഞ്ഞു. ഇത്രയധികം സീനിയർ കളിക്കാർ കൂടെയുള്ളത് എന്റെ ഭാഗ്യമാണ്. നിങ്ങൾ എന്നെ നയിക്കണം. അത് എല്ലാവരുടെയും പിന്തുണ ലഭിക്കാൻ കാരണമായി. 

ചോ: സിംബാബ്‌വെക്കെതിരായ കളിയിൽ കപിലിന് കൂട്ടായത് താങ്കളായിരുന്നു?
ഉ: ട്രെന്റ്ബ്രിജിലെ പിച്ചിൽ ആരും ടോസ് കിട്ടിയാൽ ബാറ്റിംഗ് തെരഞ്ഞെടുക്കാറില്ല. കപിലിന് തെറ്റിയതാണ്. 17 റൺസെടുക്കുമ്പോഴേക്കും ഞങ്ങൾക്ക് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടു. സാധാരണഗതിയിൽ ഏകദിനത്തിൽ എനിക്ക് ബാറ്റ് ചെയ്യേണ്ടി വരാറില്ലായിരുന്നു. അതിനാൽ വാംഅപ് കഴിഞ്ഞ് തോർത്തു മുണ്ടുടുത്ത് ഞാൻ കുളിക്കാനുള്ള പുറപ്പാടിലായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടില്ലായിരുന്നു. റെഡിയാവാൻ ആരോ വിളിച്ചുപറഞ്ഞപ്പോഴും തമാശയാണെന്നാണ് കരുതിയത്. വെറുതെ ജനലിലൂടെ സ്‌കോർ ബോർഡ് നോക്കിയപ്പോൾ എന്റെ തോർത്തഴിഞ്ഞുപോയി. എട്ടിന് 140 ലാണ് ഞാൻ ബാറ്റിംഗിന് വന്നത്. ഞാൻ സിംഗിളെടുത്ത് മാറിത്തരാം, താങ്കൾ അടിച്ചോളൂ എന്ന് കപിലിനോട് പറഞ്ഞു. 16 ബൗണ്ടറിയും ആറ് സിക്‌സറുമാണ് കപിൽ അടിച്ചത്. 

ചോ: ആ ഇന്നിംഗ്‌സിനിടെ ആരെയും അനങ്ങാൻ ടീം മാനേജർ മാൻ സിംഗ് അനുവദിച്ചില്ലെന്ന് കേട്ടിരുന്നു? 
ഉ: ആരെങ്കിലും നിന്ന സ്ഥലത്തു നിന്ന് മാറിയാൽ വിക്കറ്റ് തെറിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ബൽവീന്ദർ വിറക്കുന്നുണ്ടായിരുന്നു. കെ. ശ്രീകാന്തിന് ബാത്‌റൂമിൽ പോകാതെ നിവൃത്തിയില്ലെന്നായി. നിന്നയിടത്ത് നിർവഹിക്കാനാണ് മാൻ സിംഗ് നിർദേശിച്ചത്. അന്ധവിശ്വാസം അത്രത്തോളം പോയി. 

Latest News