Sorry, you need to enable JavaScript to visit this website.

'ചെകുത്താന്മാർ' എവിടെ?

1983 ജനുവരി 25 നാണ് ഇന്ത്യ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ലോക ചാമ്പ്യന്മാരായത്. 'കപിലിന്റെ ചെകുത്താന്മാർ' മുടിചൂടാമന്നന്മാരായ വെസ്റ്റിൻഡീസിനെ മുട്ടുകുത്തിച്ചു. ഇന്ത്യൻ സ്‌പോർട്‌സിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ഗതിമാറ്റിയ സംഭവമായിരുന്നു അത്. പതിനാലു പേരുണ്ടായിരുന്നു ആ സംഘത്തിൽ. അവർ ഇന്നെവിടെയാണ്?
സുനിൽ ഗവാസ്‌കർ
ഗവാസ്‌കർ എഴുത്തിലും ടി.വിയിലും അഭിമുഖങ്ങളിലും ക്രിക്കറ്റ് ഭരണസമിതികളിലുമൊക്കെയായി ഇന്നും സജീവം. സ്‌പോർട്‌സ് കോളങ്ങളെഴുതുന്നതിൽ ഗവാസ്‌കറെ വെല്ലാൻ അപൂർവം പ്രൊഫഷനൽ ജേണലിസ്റ്റുകൾക്കേ സാധിക്കൂ. ഗവാസ്‌കറില്ലാതെ ഇന്ത്യയുടെ കളികളുടെ കമന്ററിയില്ല.
കെ. ശ്രീകാന്ത്
ലോഡ്‌സിലെ ഫൈനലിലെ സ്റ്റാറായിരുന്നു ശ്രീകാന്ത്. കാൽമുട്ടു മടക്കിയുള്ള സ്‌ക്വയർഡ്രൈവും ഫഌക്കിലൂടെയുള്ള സിക്‌സറും മറക്കാനാവില്ല. ശ്രീകാന്തും വിരമിച്ചശേഷം സജീവമാണ്. ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടറായി. 2011 ൽ ലോകകപ്പ് ജയിച്ച ടീമിനെ തെരഞ്ഞെടുത്തത് ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സെലക്്ഷൻ കമ്മിറ്റിയാണ്. കുറച്ചുകാലം കോച്ചായി, പിന്നീട് കമന്ററി രംഗത്ത് സജീവമാണ്.  
മൊഹീന്ദർ അമർനാഥ്
ആർക്കും ഉലയ്്ക്കാനാവാത്ത ഏകാഗ്രതയായിരുന്നു മൊഹീന്ദറിന്റെ കരുത്ത്. മുഖത്ത് ഏറ് കൊണ്ടെങ്കിൽ സൂക്ഷിച്ചോളൂ, അടുത്ത പന്ത് സിക്‌സറായിരിക്കും. വിരമിച്ച ശേഷം മുംബൈ ഖർ ജിംഖാനയിൽ കോച്ചായി. ബറോഡയിൽ പിന്നീട് സ്വന്തം അക്കാദമി സ്ഥാപിച്ചു. ഒരു വർഷം ദേശീയ സെലക്ടറായിരുന്നു. ഒരു ബോർഡ് ഭാരവാഹിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ തയാറാവാത്തതിനെത്തുടർന്ന് രാജിവെച്ചു. വെട്ടിത്തുറന്ന് പറയാൻ മടിയില്ലാത്ത കളിക്കാരനായിരുന്നു. ഇപ്പോൾ ഗോവയിൽ കുടുംബവുമൊത്ത് കഴിയുന്നു. 


യശ്പാൽ ശർമ
ലോകകപ്പിനു ശേഷം യശ്പാൽ വിസ്മൃതിയിലായി. 1985 ജനുവരിയിലാണ് പിന്നീട് ഒരു ഏകദിനം കളിച്ചത്. എട്ടു വർഷത്തോളം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർന്നു. കോച്ചും അമ്പയറുമായാണ് പിന്നീട് മുന്നോട്ടുപോയത്. ദേശീയ സെലക്ടറായപ്പോഴാണ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യ ടി.വിയിലെ ജോലി ആസ്വദിക്കുന്നു. 
സന്ദീപ് പാട്ടീൽ
ഡെനിസ് ലിലിയെയും ബോബ് വിലിസിനെയും തകർത്തടിക്കാൻ ധൈര്യമുള്ള കളിക്കാരനായിരുന്നു. സെവാഗിന്റെ മുൻഗാമി. വിരമിച്ച ശേഷം ഇന്ത്യൻ ജൂനിയർ ടീമുകളുടെ കോച്ചായി. 2003 ൽ കെനിയ ലോകകപ്പിന്റെ സെമിയിലെത്തിയത് പാട്ടീലിന്റെ പരിശീലനത്തിലായിരുന്നു. ഇന്ത്യയോടാണ് ഒടുവിൽ അവർ കീഴടങ്ങിയത്. വിമത ക്രിക്കറ്റ് ലീഗായി ഐ.സി.എൽ ഉദയം ചെയ്തപ്പോൾ അതിലേക്ക് ചേക്കേറി. മുംബൈ ചാംപ്‌സിനെ ഐ.സി.എൽ ചാമ്പ്യന്മാരാക്കി. 2009 ൽ ബി.സി.സി.ഐ മാപ്പ് നൽകി ഔദ്യോഗികപക്ഷത്തേക്ക് ചേർത്തു. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയരക്ടറായി. 2012 ൽ ശ്രീകാന്തിന്റെ പിൻഗാമിയായി സെലക്്ഷൻ കമ്മിറ്റിയുടെ ചെയർമാനായി. 
കീർത്തി ആസാദ്
ബിഹാർ മുഖ്യമന്ത്രിയായിരുന്ന ഭഗവത് ഝാ ആസാദിന്റെ മകനാണ്. ആ ബന്ധമാണ് ഇന്ത്യൻ ടീമിലെത്താൻ സഹായിച്ചതെന്ന ആരോപണമുണ്ടായിരുന്നു. ക്രിക്കറ്ററും രാഷ്ട്രീയക്കാരനും മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമൊക്കെയായി വൈവിധ്യമാർന്ന റോളുകൾ. ബി.ജെ.പിയുടെ പാർലമെന്റംഗമായി. പിന്നീട് കോൺഗ്രസിലെത്തി. ദേശീയ സെലക്ടറായിരുന്നു. ദൽഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിക്കെതിരായ കുരിശു യുദ്ധത്തിൽ മുന്നണിയിലുണ്ടായിരുന്നു.  
സെയ്ദ് കിർമാനി
വിക്കറ്റിനു പിന്നിലെ തമാശക്കാരൻ. ലോകകപ്പ് വിജയത്തിൽ സുപ്രധാന പങ്കുവഹിച്ചു. കർണാടക ക്രിക്കറ്റ് അസോസിയേഷനിൽ ദീർഘകാലം പ്രവർത്തിച്ചു. പിന്നീട് ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടറായി. പല ക്രിക്കറ്റ് താരങ്ങളെയും ഗോൾഫിലേക്ക് ആകർഷിച്ചു. മികച്ച ബാറ്റ്‌സ്മാനായിരുന്നു. ന്യൂസിലാന്റ് പര്യടനത്തിൽ ബാറ്റിംഗ് ശരാശരിയിൽ ഇന്ത്യൻ നിരയിൽ ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയക്കെതിരെ നൈറ്റ് വാച്ച്മാനായി വന്ന് സെഞ്ചുറി നേടി. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ ഒരു ബൈ പോലും അനുവദിക്കാതെ കീപ്പിംഗ് റെക്കോർഡ് സൃഷ്ടിച്ചു. 1983 ലെ ലോകകപ്പിലെ മികച്ച കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ഫൈനലിൽ വെസ്റ്റിൻഡീസിന്റെ ഫുആദ് ബാക്കസിനെ പുറത്താക്കിയ ക്യാച്ചായിരുന്നു ഏറ്റവും മികച്ചത്. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ കപിൽദേവ് പുറത്താവാതെ 175 റൺസടിച്ചപ്പോൾ 26 റൺസുമായി കൂട്ടുനൽകിയത് കിർമാനിയായിരുന്നു. 
കപിൽദേവ്
പ്രിയങ്കരനായ നായകൻ. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയുടെ രക്ഷകൻ. ഫൈനലിൽ വീവ് റിച്ചാഡ്‌സിനെ പുറത്താക്കിയ ക്യാച്ച് അവിസ്മരണീയം. സിംബാബ്‌വെക്കെതിരെ കപിൽ നേടിയ 175 റൺസാണ് ഇന്ത്യയെ ടൂർണമെന്റിൽ നിലനിർത്തിയത്. 17 റൺസിന് അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട് ടീം പതറുമ്പോഴായിരുന്നു ഇത്. എക്കാലത്തെയും മികച്ച ഏകദിന ഇന്നിംഗ്‌സുകളിലൊന്നാണ് ഇത്. 1994 ൽ വിരമിക്കുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളർ. ടെസ്റ്റിൽ നാനൂറിലേറെ വിക്കറ്റും അയ്യായിരത്തിലേറെ റൺസും നേടിയ ഒരേയൊരു കളിക്കാരൻ. 1999 മുതൽ ഒരു വർഷം ഇന്ത്യൻ ടീമിന്റെ കോച്ചായിരുന്നു. ബി.സി.സി.ഐയെ വെല്ലുവിളിച്ച് ഐ.സി.എൽ നിലവിൽ വന്നപ്പോൾ അതിന്റെ ചെയർമാനായിരുന്നു. പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് തിരിച്ചുവന്നു. മികച്ച ഗോൾഫറാണ് ഇപ്പോൾ. ബിസിനസിലും സജീവമാണ്. സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ അഗ്രഗണ്യൻ.  
റോജർ ബിന്നി
ടീമിലെ കൂടുതൽ കളിക്കാരെയും പോലെ ഓൾറൗണ്ടറായിരുന്നു ബിന്നി. 1983 ലെ ലോകകപ്പിലും ഇന്ത്യ ചാമ്പ്യന്മാരായ 1985 ലെ ലോക സീരീസ് ക്രിക്കറ്റിലും വിക്കറ്റ്‌കൊയ്ത്തിൽ ഒന്നാമൻ. ഇപ്പോൾ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്. കോച്ചായും ദേശീയ സെലക്ടറായും പ്രവർത്തിച്ചു. ബന്ദിപ്പൂർ നാഷനൽ പാർക്കിനു സമീപം ഫാമുണ്ട്. അവിടെ മാങ്ങ കൃഷി ചെയ്യുന്നു. വൈൽഡ്‌ലൈഫിൽ തൽപരനാണ്. മകൻ സ്റ്റുവാർട് ബിന്നിയും ഇന്ത്യക്കു കളിച്ചു. 
ബൽവീന്ദർ സന്ധു
ഫൈനലിൽ അവസാന വിക്കറ്റിൽ കിർമാനിയുമൊത്ത് സന്ധു നേടിയ 22 റൺസ് നിർണായകമായി. ആ ഇന്നിംഗ്‌സിനിടെ ബൗൺസർ തലക്കു കൊണ്ടു. ആ ദേഷ്യവുമായി ബൗളിംഗിനു വരികയും ഒന്നാന്തരം ഇൻസ്വിംഗറിലൂടെ ഗോർഡൻ ഗ്രീനിഡ്ജിനെ ബൗൾഡാക്കുകയും ചെയ്തു. അതാണ് ചെറിയ സ്‌കോർ പ്രതിരോധിക്കാൻ ഇന്ത്യക്ക് ആത്മവിശ്വാസം നൽകിയത്. ‘1983' എന്ന സിനിമയുടെ അനൗദ്യോഗിക ഡയരക്ടർ സന്ധുവാണ്. ലോകകപ്പിനു ശേഷം കരിയർ അധികകാലം നീണ്ടില്ല. മുംബൈ, പഞ്ചാബ് ടീമുകളുടെ കോച്ചായിരുന്നു. തൊണ്ണൂറുകളിൽ കെനിയയിൽ ക്ലബ് ക്രിക്കറ്റ് കളിക്കുകയും കോച്ചായി പ്രവർത്തിക്കുകയും ചെയ്തു. ദേശീയ ക്രിക്കറ്റ് അക്കാദമിയുമായും സഹകരിച്ചു. സന്ധുവും ഐ.സി.എല്ലിന്റെ ഭാഗമായിരുന്നു.
മദൻലാൽ
ലോകകപ്പ് ചരിത്രത്തിലെ ആദ്യ പന്തെറിഞ്ഞത് മദൻലാലാണ്. 1975 ൽ ഇംഗ്ലണ്ടിന്റെ ഡെനിസ് അമിസിനെതിരെ. 1983 ലെ ലോകകപ്പിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചു. ഫൈനലിൽ അപകടകാരിയായ വീവ് റിച്ചാഡ്‌സിനെ പുറത്താക്കി. പിന്നീട് ഇന്ത്യൻ ടീമിന്റെ കോച്ചായി. 1996 ലെ ലോകകപ്പിൽ യു.എ.ഇയെ പരിശീലിപ്പിച്ചു. സെലക്്ഷൻ കമ്മിറ്റി അംഗമായിരുന്നു. ഐ.സി.എല്ലിൽ ദൽഹി ജയന്റ്‌സിന്റെ കോച്ചായി പ്രവർത്തിച്ചു. ഇപ്പോൾ ദൽഹിയിൽ അക്കാദമി നടത്തുന്നു. ഗോൾഫിലും സജീവമാണ്. 
രവിശാസ്ത്രി
ക്രിക്കറ്റിന്റെ എല്ലാ മേഖലയിലും സജീവം. ഇന്ത്യ ചാമ്പ്യന്മാരായ 1985 ലെ വേൾഡ് സീരീസ് കപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്. മികച്ച കമന്റേറ്ററായി പേരെടുത്തു. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച്. ഇന്ത്യൻ ടീമിൽ ഓപണർ മുതൽ പതിനൊന്നാമൻ വരെയായി ബാറ്റ് ചെയ്ത ഏക കളിക്കാരൻ. ഒരോവറിലെ ആറ് പന്തും സിക്‌സറിന് പറത്തിയ അപൂർവം കളിക്കാരിലൊരാൾ. 1983 ലെ ലോകകപ്പിൽ ഏതാനും മത്സരങ്ങളിലേ കളിച്ചുള്ളൂ. 
സുനിൽ വാൽസൻ
ഏറെക്കാലം മലയാളികൾ ക്രിക്കറ്റ് പെരുമ പറഞ്ഞിരുന്നത് സുനിൽ വാൽസന്റെ കേരളാ ബന്ധം പറഞ്ഞാണ്. വാൽസൻ ജനിച്ചതും വളർന്നതും കേരളത്തിനു പുറത്താണ്. 1983 ലെ ലോകകപ്പിലാണെങ്കിൽ വാൽസന് ഒരു മത്സരത്തിലും അവസരം കിട്ടിയുമില്ല.  സിംബാബ്‌വെക്കെതിരായ കളിയിൽ പന്ത്രണ്ടാമനായിരുന്നു വാൽസൻ. അന്നാണ് പ്ലേയിംഗ് ഇലവന് ഏറ്റവും അടുത്തെത്തിയത്. ഒരിക്കലും ഇന്ത്യൻ കുപ്പായമിടാൻ സാധിച്ചില്ല. 1981 മുതൽ 1987 വരെ ഇന്ത്യയിലെ ഏറ്റവും മികച്ച ഇടങ്കൈയൻ പെയ്‌സ്ബൗളറായിരുന്നു. ഇപ്പോൾ ഐ.പി.എല്ലിൽ ദൽഹി കാപിറ്റൽസിന്റെ ടീം മാനേജറാണ്. വിരമിച്ച ശേഷം ക്രിക്കറ്റിനെ ആശ്രയിക്കാതെ ജീവിച്ചു. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ സീനിയർ മാനേജറായിരുന്നു.  
ദിലീപ് വെംഗ്‌സാർക്കർ
വാൽസൻ കഴിഞ്ഞാൽ 1983 ലെ ടീമിൽ ഏറ്റവും കുറവ് മത്സരം കളിച്ചത് വെംഗ്‌സാർക്കറാണ്. രണ്ടെണ്ണം. എന്നാൽ എൺപതുകളിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്മാരിലൊരാളായിരുന്നു കേണൽ. 1987 ലെ ലോകകപ്പിനു ശേഷം ഇന്ത്യൻ ക്യാപ്റ്റനായി. ഇന്ത്യൻ ചീഫ് സെലക്ടറെന്ന നിലയിൽ എം.എസ് ധോണിയെ കണ്ടെടുത്തുവെന്നതും വെംഗ്‌സാർക്കറുടെ കാര്യമായ സംഭാവനയാണ്. കളിക്കാരെ കണ്ടെത്തുന്ന സ്‌കൗടായി പ്രവർത്തിച്ചിരുന്നു. നിരവധി അക്കാദമികൾ നടത്തുന്നു. പ്രതിഭയുള്ള കളിക്കാർക്ക് പരിശീലനം സൗജന്യമാണ്. മീഡിയ വർക്കിലേക്ക് തിരിയാത്ത അപൂർവം കളിക്കാരിലൊരാളാണ്.

Latest News