തിരുവനന്തപുരം- വെമ്പായത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാഭവനില്‍ ആര്യ ദേവന്‍(23) നെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലൊടുവിലാണ് ഭര്‍ത്താവും തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലെയ്‌നില്‍ വത്സലാഭവനില്‍ പ്രദീപ് എന്ന രാജേഷ്(32)നെ പോലിസ് അറസ്റ്റ് ചെയ്തത്.ആര്യയെ വിവാഹം കഴിക്കുമ്പോള്‍ രാജേഷിന് മറ്റൊരു ഭാര്യയും മക്കളും ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഈ വിവരം അറിഞ്ഞ ശേഷം ആര്യയുമായി ഇയാള്‍ സ്ഥിരമായി വഴക്കിടുമായിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് ആര്യയും രണ്ട് ഇരട്ടക്കുട്ടികളും മടങ്ങിപ്പോയി. ഇയാള്‍ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൂന്ന് ആഴ്ച മുമ്പ് ആര്യയുടെ വീട്ടിലെത്തിയ രാജേഷ് ബഹളം വെക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് മുറിയില്‍ അവശനിലയില്‍ ആര്യയെ വീട്ടുകാര്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രാജേഷിനെതിരെ മറ്റൊരു സ്ത്രീയുമായി നിയമപരമായി ബന്ധം നിലനില്‍ക്കുമ്പോള്‍ വിവാഹം കഴിച്ചതിനും സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും പോലിസ് കേസെടുത്തു.






