പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കുറ്റസമ്മതം; സക്കീർ ഹുസൈൻ പുറത്ത്

കൊച്ചി- സി.പി.എം ഏരിയാ സെക്രട്ടറിയായിരുന്ന വി.എ സക്കീർ ഹുസൈനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്യാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഇതേത്തുടർന്ന് സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ജില്ലാ സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒരു സി.പി.എം കേഡർ എന്ന നിലയിൽ പാർട്ടിയോടും ജനങ്ങളോടും സത്യസന്ധത പുലർത്താതിരിക്കുകയും കമ്യൂണിസ്റ്റ് കേഡർ എന്ന നിലയിൽ അരുതാത്ത വിധം സ്വത്ത് സമ്പാദനം നടത്തുകയും പാർട്ടിയനുവാദമില്ലാതെ നിഗൂഡമായി വിദേശയാത്ര നടത്തുകയും ചെയ്തുവെന്നാണ് സക്കീർ ഹുസൈനെതിരെ പാർട്ടി വെളിപ്പെടുത്തിയിരിക്കുന്ന കുറ്റങ്ങൾ. പാർട്ടി നേതാവെന്ന നിലയിൽ സക്കീർഹുസൈന്റെ നടപടികൾ ജനമനസിൽ പാർട്ടിയെക്കുറിച്ച് അവമതിപ്പിനിടയാക്കിയെന്നും ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഉടൻ ചേരുന്ന കളമശേരി ഏരിയാ കമ്മിറ്റിയിൽ പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്യും. പുതിയ സെക്രട്ടറിയെയും തിരഞ്ഞെടുക്കും.

 

Latest News