ലോകത്ത് കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരം നടക്കുന്ന മേഖലയാണ് മയക്കുമരുന്ന് മേഖല. മനുഷ്യനെ മാനസികമായും ശാരീരികമായും മാത്രമല്ല, സാമ്പത്തികമായും സാംസ്‌കാരികമായും നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ ചതിക്കുഴിയിൽ നിന്നും സമൂഹത്തെ രക്ഷിക്കുവാനും മാനവരാശിയുടെ സമാധാനപരമായ നിലനിൽപ് തന്നെ ചോദ്യം ചെയ്യുന്ന മയക്കുമരുന്ന് സംസ്‌കാരം നിർമാർജനം ചെയ്യുവാനാവശ്യമായ ശക്തമായ ബോധവൽക്കരണ പരിപാടികൾക്കാഹ്വാനം ചെയ്തുകൊണ്ടുമാണ് വർഷം തോറും ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്.
മികച്ച പരിചരണത്തിന് മികച്ച അറിവ് എന്ന സുപ്രധാനമായ പ്രമേയം ചർച്ചക്ക് വെച്ചുകൊണ്ടാണ് ഐക്യരാഷ്ട്ര സഭയുടെ ലഹരി വിരുദ്ധ വകുപ്പ് ഈ വർഷം ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ലഹരി പദാർഥങ്ങളെകുറിച്ചും അവയുടെ അപകടങ്ങളെക്കുറിച്ചും പല തെറ്റിദ്ധാരണകളുമാണ് മയക്കുമരുന്ന് മാഫിയ പ്രചരിപ്പിക്കുന്നത്. അതിനാൽ ലഹരി വിരുദ്ധ പ്രവർത്തനത്തിനും പരിചരണത്തിനും ശരിയായ അറിവും പരിജ്ഞാനവും അനുപേക്ഷണീയമാണെന്നാണ് ഈ പ്രമേയം അടിവരയിടുന്നത്.
ലഹരി വിപത്തിനെതിരെ സാമൂഹിക കൂട്ടായ്മയും ബോധവൽക്കരണവും ആവശ്യപ്പെടുന്ന ഈ പ്രമേയം സമകാലിക സമൂഹത്തിൽ ഏറെ പ്രസക്തമാണ്. ലോകത്ത് മൊത്തം ജനങ്ങളെ ആരോഗ്യപരമായി ബോധവൽക്കരിച്ച് ലഹരി വിപത്തിനെതിരെ ക്രിയാത്മകമായി പ്രതികരിക്കുവാൻ സജ്ജജമാക്കാനുദ്ദേശിക്കുന്ന പ്രമേയം എല്ലാ തലങ്ങളിലും ചർച്ചയും വിശകലനവുമർഹിക്കുന്നു.
ആധുനിക ലോകത്ത് ഉരുത്തിരിയുന്ന ഏറ്റവും അപകടകരമായ പുതിയ മയക്കുമരുന്നു സംസ്‌കാരം എന്തു വില കൊടുത്തും തടയുവാൻ ആഹ്വാനം ചെയ്യുന്ന ലഹരി വിരുദ്ധ ദിനം പുതിയ സൈക്കോ ആക്ടീവ് സബ്‌സ്റ്റൻസുകളുടെ ഉപഭോഗം സൃഷ്ടിക്കുന്ന ആപൽക്കരമായ അവസ്ഥകളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. പരമ്പരാഗത മയക്കുമരുന്നുകളേക്കാൾ ഏറെ അപകടകാരികളായ ഇത്തരം പദാർഥങ്ങൾ നിയമപരമായ കെമിക്കലുകളായാണ് വിവിധ ചാനലുകളിലൂടെ വിപണനം ചെയ്യപ്പെടുന്നത്. ലീഗൽ ഹൈസ്, റിസർച്ച് കെമിക്കൽസ്, പഌന്റ് ഫുഡ്, ബാത്ത് സാൽട്‌സ് തുടങ്ങിയ ഓമനപ്പേരുകളിൽ ന്യൂ സൈക്കോ ആക്ടീവ് സബ്‌സ്റ്റൻസുകളുടെ ഉപഭോഗം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
യുവജനങ്ങളെ താരതമ്യേന റിസ്‌ക് കുറഞ്ഞ വിനോദമെന്ന രീതിയിലാണ് ഈ പദാർഥങ്ങൾ കീഴടക്കുന്നത്. മയക്കുമരുന്ന് നിയന്ത്രണ നിയമങ്ങളെ മറികടന്ന് കൂടുതൽ വ്യക്തികളിലേക്ക് നിയമപരമായി ഇത്തരം പദാർഥങ്ങളെത്തിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പും കൂടിയാണ് ഈ വർഷത്തെ ലഹരി വിരുദ്ധ പ്രമേയം. ഒരു കാരണവശാലും മനുഷ്യ ഉപഭോഗത്തിന് അനുഗുണമല്ലാത്ത ന്യൂ സൈക്കോ ആക്ടീവ് സബ്‌സ്റ്റൻസുകളുടെ ഉപഭോഗം പലപ്പോഴും അപകടങ്ങളെക്കുറിച്ച് അറിയാതെ സംഭവിക്കുന്നതാണ്.
ലോക പുരോഗതിക്കും സുസ്ഥിരതക്കും കനത്ത ആഘാതവും ഉൽപാദന മേഖലയിലും വ്യാവസായിക രംഗത്തും കടുത്ത വെല്ലുവിളികളും സൃഷ്ടിക്കുന്ന മയക്കുമരുന്ന് വ്യാപാരവും ഉപഭോഗവും സമൂഹ മനഃസാക്ഷിയെ പിടിച്ചുകുലുക്കുന്ന സമകാലിക സാഹചര്യത്തിൽ പ്രമേയത്തിന്റെ പ്രസക്തിയേറുകയാണ്. ലഹരി പദാർഥങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗം ലോകത്ത് കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഓരോ രാജ്യത്തിന്റേയും നിയമ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന ലഹരി വ്യാപാരം സമൂഹത്തിനും വ്യക്തിക്കും കുടുംബത്തിനുമെല്ലാം സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഴം വിവരണാതീതമാണ്.
യുവജനങ്ങളെ ലഹരിയുടെ തീരാകയങ്ങളിലേക്ക് വീഴാതെ നോക്കുകയും സാഹചര്യങ്ങളുടെ സമ്മർദങ്ങളാൽ ലഹരിക്കടിപ്പെട്ടവരെ വിദഗ്ധ കൗൺസലിംഗും ആവശ്യമായ മരുന്നുകളും നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുകയെന്നത് സമൂഹത്തിന്റെ ബാധ്യതയാണ്. ശക്തമായ ബോധവൽക്കരണം, കണിശമായ നിയമ വ്യവസ്ഥ, ജനകീയമായ പ്രചാരണ പരിപാടികൾ മുതലായവയിലൂടെ ലഹരി പദാർഥങ്ങളുടെ നിർമാണവും വിതരണവും കുറക്കുകയും ഡിമാന്റ് ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥക്ക് മാറ്റം വരുത്താനാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടന കരുതുന്നത്. മത രാഷ്ട്രീയ നേതൃത്വവും സാമൂഹ്യ സാംസ്‌കാരിക പങ്കാളിത്തവും കൈകോർത്തുകൊണ്ടുള്ള സംയുക്ത പരിപാടികളിലൂടെ ലഹരിയുടെ വ്യാപനം തടയുകയും ലഹരിക്കടിപ്പെട്ടവരെ മോചിപ്പിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ നടപ്പാക്കുകയും ചെയ്യുവാനായാൽ ലഹരിയുടെ തീരാകയങ്ങളിൽ വന്നുപതിക്കുന്ന പതിനായിരങ്ങളെ രക്ഷപ്പെടുത്താൻ കഴിയുമെന്നതിനാൽ ലഹരി വിരുദ്ധ ദിനാചരണം ഏറെ പ്രസക്തമാണ്.
സമൂഹത്തിന്റെ ചാലക ശക്തിയായ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മനസ്സിനും ശരീരത്തിനും അനുഗുണമായ ആരോഗ്യ രീതി പിന്തുടരുവാനുള്ള മാർഗരേഖകൾ നൽകുന്നതോടൊപ്പം ലഹരി ഉപഭോഗത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. വിദ്യാർഥികളെ ലക്ഷ്യം വെച്ച് വിവിധ തരത്തിലുള്ള ലഹരി മിഠായികൾ വ്യാപകമാകുന്നത് വളരെ ഗൗരവത്തോടെ കാണേണ്ട പ്രശ്‌നമാണ്.
ആധുനിക വൈദ്യശാസ്ത്രവും മനഃശാസ്ത്രവും ലഹരി ഉപഭോഗത്തിന് കാരണമായി പറയുന്നത് മാനസിക സംഘർഷം, സുരക്ഷിതത്വ ബോധമില്ലായ്മ, ജീവിത പ്രയാസങ്ങൾ, തകർന്ന ദാമ്പത്യം, മാനസിക വൈകല്യങ്ങൾ എന്നിവയൊക്കെയാണ്. വ്യക്തമായ ജീവിത വീക്ഷണമില്ലായ്മയും ദൈവ വിശ്വാസത്തിന്റെ അഭാവവും ഈ രംഗത്തെ പ്രധാന പ്രേരക ശക്തികളാണ് എന്നതും അനിഷേധ്യമാണ്. വാസ്തവത്തിൽ ലഹരി പദാർഥങ്ങൾ മനുഷ്യന് നാശം മാത്രമേ നൽകുന്നുള്ളൂ എന്ന് തിരിച്ചറിയാൻ ലോകം പരാജയപ്പെടുന്നു എന്നാണ് വർധിച്ചുവരുന്ന ലഹരി ഉപഭോഗത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ സ്തുത്യർഹമായ പുരോഗതി കൈവരിച്ച ആധുനിക മനുഷ്യന് മയക്കുമരുന്നുകൾ ഒരു പേടിസ്വപ്‌നമായി മാറിയിരിക്കുന്നു.
സമൂഹം വളരുകയാണെന്ന് അഭിമാനിക്കുമ്പോഴും നൈമിഷികാസക്തിയുടെ പ്രലോഭനത്തിൽ ജീവിത സങ്കീർണതകളിൽ നിന്ന് ഒളിച്ചോടാനുള്ള വ്യഗ്രതയാൽ അപക്വമതികൾ തീർക്കുന്ന ലഹരി സാമ്രാജ്യം മാനവ രാശിയുടെ സമാധാനപൂർണമായ നിലനിൽപ് തന്നെ ചോദ്യം ചെയ്യാൻ പാകത്തിൽ വളർന്നിരിക്കുന്നു.
ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പോകുന്നതാണ് മിക്കപ്പോഴും ഇത്തരം പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടുന്നത്. ക്ഷമയും സഹനവും അവലംബിച്ച് പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് പകരം നൈമിഷികമായ വൈകാരിക ജ്വലനം കണക്കിലെടുത്ത് മരണക്കെണിയിലേക്ക് എടുത്ത് ചാടുന്നത് ബുദ്ധിശൂന്യതയാണെന്ന് മനസ്സിലാക്കണം.
ജോലിയും തേടി വിദേശത്തെത്തുന്ന ഓരോ പ്രവാസിയും ഏറ്റിയാൽ പൊന്താത്ത ഭാരവുമായാണ് പലപ്പോഴും ഗൾഫിലെത്തുന്നത് എന്നത് കേവലമൊരു പ്രസ്താവനയല്ല. മിക്ക കേസുകളിലും വലിയ സാമ്പത്തിക ബാധ്യതയുമായി തന്നെയാണ് പലരും ഗൾഫിലേക്ക് ചേക്കേറുന്നത്.
ഇവിടെ നിന്ന് എന്തെങ്കിലും പത്തു കാശുണ്ടാക്കുന്നതിനിടക്ക് പൈശാചിക കൂട്ടുകെട്ടിൽ പെടുന്നതോടെ പലർക്കും ജീവിതത്തിന്റെ താളം തെറ്റുന്നു. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും കരാള ഹസ്തങ്ങളിലമരുന്നതോടെ വ്യക്തിയിൽ വരുന്ന മാറ്റം അവന്റെ സാമൂഹ്യ ബോധത്തേയും ബാധ്യതകളേയും വിസ്മരിപ്പിക്കും. തന്നെ ആശ്രയിക്കുന്ന കുടുംബത്തെക്കുറിച്ചും തന്റെ സന്താനങ്ങളുടെ ഭാവിയെക്കുറിച്ച് പോലും ഇത്തരക്കാർ ഓർക്കാതെ പോകുന്നു. ഇത്തരക്കാർ ക്രമേണ ലഹരിക്കടിപ്പെട്ട് ഒന്നിനും കൊള്ളാത്ത, സമൂഹത്തിന് തന്നെ ഭാരമാകുന്ന അവസ്ഥാ വിശേഷമാണ് ഉണ്ടാവുക.
പ്രവാസ ലോകത്ത് മയക്കുമരുന്ന് കേസുകളിൽപെട്ട് ജയിലുകളിൽ കഴിയുന്ന മലയാളികളിൽ ചിലരെങ്കിലും ചതിയിലകപ്പെട്ടതാണെന്ന് നമുക്കറിയാം. അറിയാതെ മയക്കുമരുന്ന് കരിയറുകളായി പിടിക്കപ്പെട്ട ശേഷം ആർക്കും അവരെ രക്ഷിക്കാനാവില്ല. ഗൾഫിലേക്ക് പോരുമ്പോൾ മറ്റുള്ളവരുടെ സാധനങ്ങൾ കൊണ്ടുവരുന്ന പ്രവാസികൾ കനത്ത ജാഗ്രത പാലിക്കേണ്ട വിഷയമാണിത്.
മയക്കുമരുന്ന് കടത്ത് ലോകമെമ്പാടുമുള്ള ഒരു പ്രധാന വെല്ലുവിളിയാണ്, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ. പണ സ്ഥിരതയ്ക്കായി ദരിദ്രരായ ആളുകൾ ആഗ്രഹിക്കുന്നതും സുരക്ഷ കുറവുള്ളതുമായ രാജ്യങ്ങളിൽ, അവർ ഈ കുറ്റകൃത്യ ശൃംഖലയ്ക്ക് ഇരയാകാൻ സാധ്യതയുണ്ട്.
മയക്കുമരുന്ന് കടത്ത് വിദ്യാഭ്യാസം തടയുന്നതിലൂടെയും കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നതിലൂടെയും മനുഷ്യവികസനത്തെ തടസ്സപ്പെടുത്തുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു അന്താരാഷ്ട്ര ദിനം ആചരിക്കുന്നതിലൂടെ, പ്രശ്‌നത്തിന്റെ തീവ്രതയെക്കുറിച്ച് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാനും വിഷയത്തെക്കുറിച്ച ശരിയായ അവബോധം സൃഷ്ടിക്കുവാനുമാണ് ഐക്യരാഷ്ട്ര സഭ ഉദ്ദേശിക്കുന്നത്.