1975 ജൂൺ 25 അർദ്ധരാത്രി പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയും അതെ തുടർന്ന് രാജ്യമെങ്ങും നടന്ന അതിക്രമങ്ങളും അതിനെതിരെ നടന്ന പോരാട്ടങ്ങളും രക്തസാക്ഷിത്വങ്ങളും പിന്നീട് ഇന്ത്യൻ ജനത ജനാധിപത്യപരമായ മാർഗ്ഗത്തിലൂടെ ചുട്ടമറുപടി നൽകിയതുമൊക്കെ ചരിത്രത്തിന്റെ പാഠം.
സ്വാഭാവികമായും ജനാധിപത്യവാദികൾ എല്ലാ അടിയന്തരാവസ്ഥാ വാർഷികത്തിലും ജനാധിപത്യത്തെ ബലി കൊടുത്ത ആ നാളുകളെ സ്മരിക്കും. ഇപ്പോഴുമത് തുടരുന്നു. ഏതാനും വർഷങ്ങളായി ആ ഓർമ്മകൾക്ക് പ്രസക്തി വർദ്ധിക്കുകയാണ്. കാരണം രാജ്യം അന്നത്തെ അടിയന്തരാവസ്ഥയേക്കാൾ രൂക്ഷമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നതു തന്നെ.
ഓരോ വർഷവും കൂടുതൽ കൂടുതൽ ഫാസിസവൽക്കരിക്കപ്പെടുന്ന ഭരണകൂടത്തെയാണ് നാം കാണുന്നത്. അതാകട്ടെ 1975നേക്കാൾ അതിശക്തമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്ന ഒന്ന്. ഈ വർഷമാക്ടടെ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഭരണകൂടം കൂടുതൽ കൂടുതൽ ജനാധിപത്യവിരുദ്ധമാകുന്നതാണ് നാം കാണുന്നത്. ജനാധിപത്യത്തിൽ അനിവാര്യമായ ശക്തമായ പ്രതിപക്ഷവും ഇല്ലാത്ത അവസ്ഥയിലാണ് രാജ്യം അടിയന്തരാവസ്ഥയെ ഓർക്കുന്നത്.
1975 ജൂൺ 26ന്റെ ഈ ഓർമ്മനാളിന് ഒരിരുണ്ട കാലത്തെ അതിജീവിച്ചതിന്റെ തിളക്കമില്ല. അടിച്ചമർത്തലുകൾക്കും പീഢനങ്ങൾക്കും നീതിനിഷേധങ്ങൾക്കും ഭരണകൂടാതിക്രമങ്ങൾക്കും അറുതിയില്ല. വർദ്ധിത വീര്യത്തോടെ എല്ലാം തുടരുന്നു.
ഒരടിയന്തരാവസ്ഥയുടെ മേലുടുപ്പോ മറവോ ഇല്ലാതെ എന്തുമാകാമെന്ന സമ്മതത്തോളം നമ്മുടെ ജനാധിപത്യ ഭരണക്രമം അതു ശീലിച്ചിരിക്കുന്നു. 45 വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ജനാധിപത്യത്തെ തടവറയിലടച്ച സംഭവം ഒരു ഭൂതകാല ഓർമ്മ മാത്രമല്ല എന്നാണ് വർത്തമാന ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നത്. ഭരണഘടന ഭേദഗതി ചെയ്തു കൊണ്ടാണ് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ അടിച്ചേൽപ്പിച്ചതെങ്കിൽ അത്തരം നീക്കങ്ങളൊന്നുമില്ലാതെ രാജ്യം തീവ്ര ഫാസിസവൽക്കരണത്തിലേക്ക് നീങ്ങുകയാണ്.
നാവടക്കു പണിയെടുക്കൂ എന്നതായിരുന്നു അടിയന്തിരാവസ്ഥയിലെ മുദ്രാവാക്യമെങ്കിൽ ഇന്ന് തൊഴിൽ നിയമങ്ങളെ അട്ടിമറിച്ച് പ്രവർത്തി സമയം 8 മണിക്കൂറിൽ നിന്നും 12 മണിക്കൂറാക്കി മാറ്റുകയാണ്.
വിൽപ്പന നികുതി നിയമത്തിലെ അഞ്ചാം ചട്ടം ഭേദഗതി ചെയ്ത് സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കി എങ്കിൽ ഇന്ന് എല്ലാ ഫെഡറൽ മൂല്യങ്ങളെയും തകർക്കുകയാണ് .ഡഅജഅ കരിനിയമം ഉപയോഗിച്ച് ആനന്ദ് തെൽതുംഡെയെപ്പോലെയുള്ള ബുദ്ധിജീവികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവറയിലടക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ ലോക്ക് ഡൗൺ കാലത്ത് കാരാഗ്രഹത്തിലടയ്ക്കുന്നു.
കാശ്മീരിനെ മാസങ്ങളായി തടവറയാക്കിയിരിക്കുന്നു. ദളിതർക്കും ആദിവാസികൾക്കും മുസ്‌ലിമുകൾക്കുമെതിരെ ഭരണകൂടവും സംഘപരിവാറും അപ്രഖ്യാപിത യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ശ്രീറാം വിളിയുടേയും ബീഫിന്റേയും പേരിൽ കൂട്ടക്കൊലകൾ നടക്കുന്നു. ജനാധിപത്യവിരുദ്ധമായി സംസ്ഥാനസർക്കാരുകളെ അട്ടിമറിക്കുന്നു. കോർപ്പറേറ്റുകൾക്ക് രാജ്യത്തെ പണയം വെക്കുന്നു.
മഹാമാരിയെ പോലും തങ്ങളുടെ ജനാധിപത്യവിരുദ്ധ അജണ്ട നടപ്പാക്കാനാണ് സർക്കാർ ഉപയ.ാേഗിക്കുന്നത്. മുൻകാലങ്ങളിൽ ഫാസിസത്തിനെതിരെ പ്രതികരിച്ചവരെപോലും ഭീകരനിയമങ്ങളുപയോഗിച്ച് തടവറയിലാക്കുന്നു.
നോട്ടുനിരോധനത്തെ അനുസ്മരിക്കുമാറ് ലോക് ഡൗൺ പ്രഖ്യാപിതിന്റെ ഫലമായി രാജ്യം കണ്ട പലായനം വിഭജനകാലത്തെ അനുസ്മരിക്കുന്നതകായിരുന്നല്ലോ. സ്വന്തം ജനതക്കെതിരായ യുദ്ധം ശക്തമാക്കാനാണ് ഈ ദുരന്തകാലത്തേയും ഭരണകൂടം ഉപയോഗിക്കുന്നത്. ശക്തമായ ലോക് ഡൗൺ നിബന്ധനകളോടെ പ്രതിഷേധങ്ങളെ നിശബ്ദമാക്കാനും കഴിയുന്നു. അടിയന്തരാവസ്ഥ വിരുദ്ധപ്രക്ഷോഭത്തിലൂടെ മാന്യത ലഭിച്ച പ്രസ്ഥാനമാണ് ഇതെല്ലാം ചെയ്യുന്നതെന്നത് ചരിത്രത്തിന്റെ വിരോധാഭാസം.
കേരളത്തിലേക്കു വരുമ്പോളും സ്ഥിതി ആശാവഹമല്ല. അടിയന്തരാവസ്ഥക്കനുകൂലമായി വോട്ടുചെയ്ത ഏക സംസ്ഥാനമാണ് 'പ്രബുദ്ധ'കേരളം. കൊവിഡിന്റെ മറവിൽ ഭരണകൂടം കൂടുതൽ ശക്തമാകുകയ.ും പ്രതിപക്ഷത്തേയും ജനകീയപ്രതിഷേധങ്ങളേയും നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ ഇവിടേയും ശക്തമാണ്. യുഎപിഎ പോലുള്ള ഭീകരനിയമങ്ങളും വ്യാജേറ്റുമുട്ടൽ കൊലകളും ലോക്കപ്പ് കൊലപാതകങ്ങളുമെല്ലാം ഇവിടേയും നടക്കുന്നു. അലനും താഹയുമൊക്കെ ജയിലിൽ തുടരുന്നു. അതോടൊപ്പം അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട ന്യായമായ ഒരാവശ്യത്തിനു നേരെ ഇപ്പോഴും കണ്ണടക്കുകയാണ് കേരളം.
അടിയന്തരാവസ്ഥയിൽ എല്ലാ ശബ്ദങ്ങളും നിലച്ചപ്പോൾ നാടിന്റെ ശബ്ദമായവർ, അടിയന്തിരാവസ്ഥയുടെ ഇരുട്ടിനെ കീറി മുറിക്കാൻ സ്വയം ജ്വാല കളായി മാറിയവർ, രക്തസാക്ഷിത്വത്തിലേക്ക് നടന്നു നീങ്ങിയവർ, പീഡനമുറികളിൽ ക്രൂരമായ മർദ്ധനമേറ്റവർ, ഒളിവിലും തെളിവിലും നിന്ന് ഈ സ്വേച്ഛാധിപത്യ വാഴ്ചയെ ചെറുത്തവർ, അവരാണ് ഇന്ത്യക്ക് ജനാധിപത്യം തിരിച്ചു നൽകിയത്. പഞ്ചാബ്, യു പി, മധ്യപദേശ്, രാജസ്ഥാൻ, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങി പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ അടിയന്തിരാവസ്ഥ വിരുദ്ധ പോരാളികളെ സ്വാതന്ത്യ സമര സേനാനികളായി അംഗീകരിച്ചിട്ടുണ്ട്.
എന്നാൽ കേരളം ഇനിയും അതിനു തയ്യാറല്ല. അടിയന്തിരാവസ്ഥ വിരുദ്ധ പോരാളികളെ സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിക്കുക, അടിയന്തിരാവസ്ഥ ചരിത്രം പാഠ്യവിഷയമാക്കുക, ശാസ്തമംഗലം പീഡന ക്യാമ്പ് ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കുക എന്നീ ആവശ്യങ്ങൾ ഏറകാലമായി കേരളത്തിൽ ഉയരുമ്പോഴും ഇരുമുന്നണി ഭരണകൂടങ്ങളും അതിനുനേരെ കണ്ണടക്കുകയാണ്. ഈയൊരാവശ്യം അംഗീകരിക്കുകയും അടിയന്തരാവസ്ഥാവിരുദ്ധ സമരത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കുകയും ചെയ്യുന്നത് കൂടുതൽ ഭീകരമായ അടിയന്തരാവസ്ഥക്കുമുന്നിൽ നിൽക്കുമ്പോൾ വളരെ പ്രസക്തമാണ്. വരുംകാല ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കുള്ള ഊർജ്ജമായിരിക്കും അത്.
എന്നാലതംഗീകരിക്കാൻ അടിയന്തരാവസ്ഥകാലത്ത് ജയിലിൽ കിടക്കുക.യും അത് തന്റെ രാഷ്ട്രീയഭാവിക്കു മൂലധനമാക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോഴും തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്.