കണ്ണൂർ - കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് ഉടൻ വിദേശ വിമാനങ്ങൾക്കു സർവീസ് നടത്താനുള്ള സമ്പൂർണ അനുമതി ലഭിച്ചേക്കും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏഴ് പ്രമുഖ വിമാനകമ്പനികളുടെ 24 വിമാനങ്ങളാണ് കണ്ണൂരിൽ പറന്നിറങ്ങിയത്. ഇതിൽ സൗദി എയർലൈൻസിന്റെ വൈഡ് ബോഡി വിമാനവും ഉൾപ്പെടും. വിദേശ വിമാന കമ്പനികൾ സർവീസ് നടത്തുന്നതിനായി നേരത്തെ അപേക്ഷകൾ നൽകിയിരുന്നുവെങ്കിലും കണ്ണൂർ വിമാനത്താവളത്തിന് അനുമതി നൽകിയിരുന്നില്ല. 3050 മീറ്റർ റൺവേയുള്ള കണ്ണൂരിൽ വൈഡ് ബോഡി വിമാനങ്ങൾക്കു സുഗമമായി സർവീസ് നടത്താനാവുമെന്ന് കിയാൽ അധികൃതർ വ്യക്തമാക്കിയിരുന്നുവെങ്കിലും, സാങ്കേതിക കാരണങ്ങളാൽ കേന്ദ്രസർക്കാർ പോയന്റ് ഓഫ് കോൾ അനുമതി നിഷേധിക്കുകയായിരുന്നു. ജനപ്രതിനിധികളും സർക്കാരും കിയാൽ അധികൃതരും പല തവണ അപേക്ഷ നൽകിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ലോക് ഡൗണിന്റെ ആദ്യ നാളുകളിൽ തന്നെ രാജ്യങ്ങളുടെ വ്യോമാതിർത്തികൾ അടച്ച് വിമാന സർവീസുകൾ നിർത്തിയത് പുതിയ വിമാനത്താവളമായ കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചയ്ക്കു തിരിച്ചടിയായിരുന്നവെങ്കിലും കോവിഡ് കാലം പുതിയ സാധ്യതകളാണ് തുറന്നു നൽകുന്നത്. വ്യോമാതിർത്തികൾ തുറന്ന് ചാർട്ടേഡ് വിമാനങ്ങൽക്കു അനുമതി നൽകിയതോടെയാണ് വൈഡ് ബോഡി വിമാനങ്ങൾ ഉൾപ്പെടെ കണ്ണൂരിലേക്കു വരാൻ തുടങ്ങിയത്.
മെയ് 12 മുതൽ ജൂൺ 256 വരെയായി നൂറിലേറെ വിമാനങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പ്രവാസികളുമായി കണ്ണൂരിൽ ഇറങ്ങിയത്. വന്ദേ ഭാരത് മിഷനിൽ ഉൾപ്പെട്ട എയർ ഇന്ത്യയുടെ സർവീസുകൾക്കു പുറമെയാണിത്. സൗദി എയർലൈൻസിന്റെ ജിദ്ദയിൽ നിന്നുള്ള വൈഡ് ബോഡി വിമാനവും, മസ്‌ക്കറ്റിൽ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനങ്ങളും, ദുബായിൽ നിന്നും ഫ്‌ളൈ ദുബായ് വിമാനങ്ങളും മസ്‌ക്കറ്റിൽ നിന്നും സലാല എയർ, കുവൈത്തിൽ നിന്നും ജസീറ എയർവേയ്‌സ്, ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനങ്ങളും ഒറ്റ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. കോവിഡ് കാലത്ത് ഇതുവരെയായി 18,220 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി നാട്ടിൽ എത്തിയത്.