Sorry, you need to enable JavaScript to visit this website.
Wednesday , July   15, 2020
Wednesday , July   15, 2020

മുഖം മനസ്സിന്റെ കണ്ണാടി തന്നെ


നിരന്തരം വിവിധ ഫേസ് ആപ്പുകൾ ഉപയോഗിക്കുന്നവർ ജാഗ്രത  പാലിക്കണമെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. കേവലം നേരമ്പോക്കുന്നതിനപ്പുറം അവനവനെ കുറിച്ചുള്ള ആത്മബോധത്തിന്  വേണ്ടത്ര ആരോഗ്യമില്ലാത്തവരാണത്രേ ഇത്തരം ഏർപ്പാടുകളിൽ കൂടുതൽ അഭിരമിക്കുന്നത്. 

അടുത്ത കാലത്ത് ഫേസ് ആപ്പുകളിലൂടെ സ്വന്തം മുഖം രൂപമാറ്റം വരുത്തുന്നവരുടെ എണ്ണം പ്രായ ഭേദമന്യേ അമ്പരപ്പിക്കുന്ന തരത്തിൽ വർദ്ധിച്ചിരിക്കുകയാണ്. പ്രായമാറ്റം ലിംഗമാറ്റം തുടങ്ങി മനം മടുപ്പിക്കുന്ന തരത്തിൽ അവ സോഷ്യൽ മീഡിയയിൽ കവിഞ്ഞൊഴുകി കൊണ്ടിരിക്കുന്നു. നരവംശശാസ്ത്രത്തിൽ മുഖസൗന്ദര്യ വർദ്ധനയുമായി ബന്ധപ്പെട്ട പഠനങ്ങൾ ഏറെ പ്രാധാന്യമുള്ളതും ചിന്തോദ്ദീപകവുമാണ്. 
മനുഷ്യമുഖം അത്ഭുതങ്ങളുടെ ഒരപൂർവ കേന്ദ്രമാണ്. പ്രധാനപ്പെട്ട നാല് ഇന്ദ്രിയങ്ങളുടെ ഇരിപ്പിടമാണത്. കണ്ണ് മൂക്ക് കാത് നാവ് ഈ നാല് ജ്ഞാനേന്ദ്രിയങ്ങളും സവിശേഷമായ രീതിയിൽ സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്ന തരത്തിലാണ് അവിടെ സംവിധാനിച്ചിരിക്കുന്നത്. 
കണ്ണുകൾ കൊണ്ടുള്ള ചിരിയാണ് പുതിയകാലത്തെ ചിരി. നിങ്ങളുടെ പുഞ്ചിരി ആത്മാർഥമാണോ എന്നത് കണ്ണുകളിൽ തെളിയും. മനസ്സിൽ ഇല്ലാത്തത് മുഖത്തു കാട്ടാൻ എത്ര ശ്രമിച്ചാലും പൂർണമായും കഴിയണമെന്നില്ല. കാരണം മനസ്സും ശരീരവും തമ്മിൽ അത്രമേൽ ബന്ധമുണ്ട്. 
മുഖത്തെക്കുറിച്ച് പഠിക്കുന്ന ഒരാൾക്ക് അത്ഭുതകരങ്ങളായ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. മുഖത്തെ രോമം വളരുന്ന വേഗതയിൽ മറ്റൊരിടത്തും രോമം വളരുന്നില്ല. ചുണ്ടിലെ തൊലിയിൽ വിയർപ്പു ഗ്രന്ഥികളില്ല. 
അതുപോലെ ചുണ്ടിലെ തൊലി ശരീരത്തിലെ ഏറ്റവും നേർത്തതാണ്. പൊതുവെ മുഖത്തെ തൊലിയിലുള്ള പതിനാറടരോളം കോശങ്ങൾക്ക് പകരം ചുണ്ടുകളിൽ അഞ്ചടര് കോശങ്ങളേയുള്ളൂ. വിരലടയാളം പോലെ തന്നെ ചുണ്ടടയാളവും തികച്ചും അനന്യമാണ്. 
ഇരു മൂക്കിലൂടെയും അകത്തേക്ക് വലിച്ചെടുക്കുന്ന ശ്വാസത്തിന്റെ അളവിൽ വ്യത്യാസം ഉണ്ട്. ചില നേരങ്ങളിൽ ഇടതു വലതു മൂക്കിലൂടെ വലിച്ചെടുക്കുന്ന ശ്വാസത്തിന്റെ അളവിൽ ഗണ്യമായ വ്യത്യാസം ഉള്ളതായി ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 
താഴത്തെക്കാൾ കൂടുതൽ രോമങ്ങൾ മുകളിലെ പുരികങ്ങളിലുണ്ട്. മാത്രമല്ല പുരികങ്ങളിൽനിന്നും ദിനേന നാലഞ്ച് രോമങ്ങൾ കൊഴിയാറുണ്ട്. അവ തിരികെ വളർന്നു വലുതാവാൻ നാലാഴ്ചയെങ്കിലും വേണ്ടിവരുമത്രെ. ശരീരത്തിലെ ഒരു ഭാഗം മാത്രം ബന്ധിതമായ ഏക അസ്ഥിയായ നാവും കുടികൊള്ളുന്നത് മുഖത്ത് തന്നെ. എത്ര മാത്രം സുശക്തമായാണ് അതിനെ പരിരക്ഷിച്ചിരിക്കുന്നതെന്ന് ഒരൽപനേരം നിരീക്ഷിച്ച് ചിന്തിക്കുന്നവർക്ക് ബോധ്യപ്പെടും.
മുഖത്തെ വിവിധ അവയവങ്ങളുടെ അളവുകളിലുമുണ്ട് അത്ഭുതങ്ങൾ. കൺപുരികങ്ങളും കാതിന്റെ മേൽ ഭാഗവും നേർരേഖയിലാണ്. മൂക്കിന്റെ കീഴ്ഭാഗവും ചെവിയുടെ കീഴ്ഭാഗവും ഒരേ രേഖയിലാണെന്നും കാണാം. 
പ്രായം കൂടുന്തോറും മുഖം ചുളിയുക എന്നത് പ്രകൃതിയുടെ നിയമമാണ്. എന്നാൽ തന്റെ മുഖം സുന്ദരമാക്കാനും ആകർഷകമാക്കാനും ആഗ്രഹിക്കാത്ത മനുഷ്യരുടെ എണ്ണം കുറവാണ്. അതുകൊണ്ടുതന്നെ പുതിയ കാലത്ത് സോഷ്യൽ മീഡിയയിൽ മുഖം കൊണ്ട് കളിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു.
 മുഖം വെളുപ്പിക്കുന്ന, അല്ലെങ്കിൽ മൊഞ്ചാക്കുന്ന ആപ്പുകളുടെ കാലമാണല്ലോ ഇത്. മുഖത്തെ എങ്ങനെയെങ്കിലും ഭംഗി കൂട്ടി ചുറുചുറുക്കുള്ളതാക്കാൻ, യൗവനയുക്തമാക്കാൻ ഏതൊക്കെ തരത്തിൽ കഴിയുമോ അതിന് തുനിഞ്ഞിറങ്ങുന്നവരാണ് മനുഷ്യർ. ചിലരിൽ ഇതൊരു മനോരോഗം തന്നെയാണ്. നേരിൽ പരിചയമുള്ളവർ അറപ്പുളവാക്കുന്ന തരത്തിൽ കൃത്രിമമായി മുഖഭംഗി കൂട്ടിയ ചില ഫോട്ടോകൾ ഷെയർ ചെയ്യുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു തരം പുഛം ഉള്ളിൽ പതയുന്നതിനെ കുറിച്ച് ഒരു രസികൻ ഈ യിടെ പറഞ്ഞതോർമ വരികയാണ്. പല ഓൺ ലൈൻ വിവാഹാലോചനകളും അലസിപോവുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. 
നിരന്തരം വിവിധ ഫേസ് ആപ്പുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. കേവലം നേരമ്പോക്കുന്നതിനപ്പുറം അവനവനെ കുറിച്ചുള്ള ആത്മബോധത്തിന്  വേണ്ടത്ര ആരോഗ്യമില്ലാത്തവരാണത്രേ ഇത്തരം ഏർപ്പാടുകളിൽ കൂടുതൽ അഭിരമിക്കുന്നത്. 
കുട്ടികളും കൗമാരപ്രായക്കാരും സത്വനിർണയം നടത്തുന്ന പ്രായത്തിൽ ഇത്തരം ആപ്പുകളുടെ അനിയന്ത്രിതമായ ഉപയോഗം അവരിൽ നിരാശയും അങ്കലാപ്പും ഉണ്ടാക്കുന്നതായി ചൂണ്ടി കാണിക്കപ്പെട്ടിട്ടുണ്ട്. 
ഇത്തരം ആപ്പുകളുടെ പിന്നിലെ രാഷ്ട്രീയവും കാണാതിരുന്നു കൂടാ എന്ന ഓർമപ്പെടുത്തലും സജീവമാണ്. വികസിത രാജ്യങ്ങളിൽ നിർണായകമായ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ, അതല്ലെങ്കിൽ അതി ഗൗരവമായ ചില അന്താരാഷ്ട്ര വിവാദങ്ങൾ കൊഴുക്കുമ്പോഴൊക്കെ , പൊതു ജന മനോഭാവം പഠിക്കാനും വിലയിരുത്താനുമുള്ള വിവരശേഖരണത്തിന് ഇത്തരം ആപ്പുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന കാര്യം മനസ്സിലാക്കാതെ പോവരുത്. 
നമ്മുടെ നാട്ടിലും സോഷ്യൽ മീഡിയയിലൂടെ പടച്ച് വിടുന്ന നേരമ്പോക്കുകളിലൂടെ ഭരണത്തിലിരിക്കുന്നവർ തങ്ങളുടെ പിടിപ്പു കേടും കൊള്ളരുതായ്മകളും മറച്ച് വെക്കാനും പൊതുജനത്തെ ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചു വിടാനും ഐ.ടി കമ്പനികളുടേയും സെല്ലുകളുടെയും സഹായത്തോടെ ഇത്തരം ട്രാപ്പുകളിലൂടെ നിരന്തരം ശ്രമിക്കുന്നുണ്ടെന്ന കാര്യവും നിസ്സാരമായി കണ്ട് കൂടാ. 

Latest News