Sorry, you need to enable JavaScript to visit this website.

കനകശോഭയാർന്ന  അക്ഷരങ്ങൾ...

അതിരുകളില്ലാതെ ലോകം മുഴുക്കെ പറക്കാൻ കൊതിച്ച ഒരു തൃശൂർകാരി കനകശോഭയുള്ള അക്ഷരങ്ങൾ തോളിലേറ്റി മലയാള സാഹിത്യത്തിൽ സജീവമായിരിക്കുന്നു. യാത്രാനുഭവങ്ങളിൽനിന്ന് വൈവിധ്യമായ കാഴ്ചകൾ ആറ്റിക്കുറുക്കി ലോകത്തിന്റെ കഥ പറയുകയാണ് വൈ.എ. സാജിദ എന്ന എഴുത്തുകാരി. മനുഷ്യജീവിതത്തിലെ കയ്പ്പും മധുരവും സമ്മിശ്രമായ ഭാവങ്ങൾ ഈ പ്രതിഭ ലളിതഭാഷയിൽ ആവിഷ്‌കരിക്കുന്നു. ചുറ്റുപാടുകളിലെ ചെറുതും വലുതുമായ കാര്യങ്ങൾ സർഗാത്മകതയുടെ അടുപ്പത്ത് നന്നായി വേവിച്ചെടുക്കാനുള്ള സാജിദയുടെ മിടുക്കാണ് രചനകളെ വ്യത്യസ്തമാക്കുന്നത്. പ്രകൃതിയിൽ ഒരിക്കലും കണ്ടുതീരാത്ത പുതുമകൾ തേടിയുള്ള ഓരോ യാത്രകളും ഈ എഴുത്തുകാരിക്ക് രചനകളുടെ വിഭവസമാഹാരത്തിനുള്ള തീർത്ഥാടനമാണ്. 
 ജീവിതത്തിൽ ആദ്യമായി വായിച്ച പുസ്തകം ഏതെന്ന് സാജിദ എന്ന എഴുത്തുകാരി വ്യക്തമായി ഓർക്കുന്നില്ല. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയപ്പോൾ വായിച്ചിരുന്നത് വീട്ടിൽ വരുത്തിയിരുന്ന സോവിയറ്റ് നാട് എന്ന മാസികയിലെ നാടോടിക്കഥകൾ ആയിരുന്നു. 
കൂടാതെ മനോരമ ആഴ്ചപ്പതിപ്പിൽ ടോംസിന്റെ ബോബനും മോളിയും ബാലരമ മാസികയുമാണ് വായനയുടെ വാതായനങ്ങൾ തുറന്നത്. ഒരുപാട് ഹൃദ്യമായ ഓർമകൾ കുട്ടിക്കാലത്തെ വായനയിലുണ്ട്. കഥയിലെ പോസിറ്റീവായ കഥാപാത്രങ്ങൾ മനസ്സിൽ തങ്ങിനിൽക്കുകയും അവരെ സങ്കൽപ്പത്തിൽ കാണുകയും ചെയ്യുമായിരുന്നു. ഉമ്മൂമ നബിമാരുടെ ചരിത്രങ്ങളും ഖുർആനിലെ കഥകളുമൊക്കെ പറഞ്ഞിരുന്നത് വായനയെക്കാൾ മനസ്സിൽ പതിഞ്ഞിരുന്നു, കുട്ടിക്കാലത്തെ കഥാനുഭവങ്ങളിൽ. 
കൗമാരക്കാലത്താണ് ഖസാക്കിന്റെ ഇതിഹാസവും എം.ടിയുടെ കാലവുമൊക്കെ വായിച്ചതും ആ കഥാപാത്രങ്ങളെ ആരാധനയോടെ കണ്ടതും. പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിലും കലാകൗമുദിയിലും വന്നിരുന്ന നോവലുകൾ ആയിരുന്നു വായനയുടെ വിശാലലോകത്തേക്ക് മനസ്സിനെ കൊണ്ടുപോകാൻ സാജിദയെ സഹായിച്ചത്. ബകുളിന്റെ കഥയും പ്രഥമ പ്രതിശ്രുതിയും ഒക്കെ ആർത്തിയോടെയാണ് അക്കാലത്ത് കാത്തിരുന്നു വായിച്ചുതീർത്തത്. 
2010 ൽ സാജിദ ഒരു ബ്ലോഗ് തുടങ്ങി. അതിനു മുമ്പ് തന്നെ ഫെയ്‌സ്ബുക്കിൽ യാത്രാകുറിപ്പുകൾ എഴുതിയിരുന്നു. കൂട്ടുകാർക്കിടയിൽ അവ പങ്കുവെച്ചു. ഒരിക്കൽ സാജിദയുടെ കുറിപ്പ് വായിച്ച ജിദ്ദയിലെ മലയാളം ന്യൂസ് ദിനപ്പത്രത്തിലെ മുസാഫിർ ഏലംകുളം അത് വിശദമായി എഴുതാനും അദ്ദേഹത്തിന് അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു. യാത്രയുടെ ചെറുകുറിപ്പുകൾ സാജിദയുടെ ഡയറിയിൽ ഉണ്ടായിരുന്നു. അതെല്ലാം വീണ്ടും പരിശോധിച്ച് കൃത്യമായ രൂപത്തിലാക്കി മലയാളം ന്യൂസിന് അയച്ചുകൊടുത്തു.
അത് പത്രത്തിന്റെ  സൺഡേ സപഌമെന്റിൽ പ്രസിദ്ധീകരിച്ചു. ഇത് പുസ്തകമാക്കണമെന്നു നിർദേശിച്ചതും മുസാഫിർ ഏലംകുളം ആയിരുന്നു. അങ്ങനെയാണ് സാജിദയുടെ ആദ്യ പുസ്തകമായ 'സ്വോൺ റിവറിലെ വർണമരാളങ്ങൾ' പ്രസിദ്ധീകൃതമായത്. ആസ്‌ട്രേലിയൻ യാത്രാനുഭവങ്ങളാണിത്. ഒലീവ് ബുക്‌സാണ് പ്രസാധകർ.
'ഒളിഞ്ഞിരിക്കുന്ന അടയാളങ്ങളെ പിന്തുടർന്നു നമുക്ക് ഒരു അദൃശ്യ ചിത്രകാരനെ കണ്ടുമുട്ടാം'എന്ന റൂമി വാക്കുകൾ വായനക്കാർക്ക് സമർപ്പിച്ചുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. യാത്രാവിവരണ ഗ്രന്ഥങ്ങൾ ദേശ കാലങ്ങളെയും സംസ്‌കൃതികളെയും കൃത്യമായി അടയാളപ്പെടുത്താൻ കഴിയുന്നതിലൂടെയാണ് ശ്രദ്ധേയമാവുക. സാജിദയുടെ ആഖ്യാനരീതിക്ക് ഈ വഴിയെ സുതാര്യതയോടെ സഞ്ചരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗ്രന്ഥകാരിയുടെ രചനാപാടവം വായനക്കാർക്ക് പ്രിയങ്കരമായിത്തീരുന്നു.
സ്വോൺ റിവറിലെ വർണമരാളങ്ങളുടെ അവതാരികയിൽ കെ.എ. ബീന സാക്ഷ്യപ്പെടുത്തുന്ന കാര്യങ്ങൾ എല്ലാ അർഥത്തിലും നീതിപുലർത്തുന്ന നീരീക്ഷണമാണെന്ന് വായനക്കാർക്ക് ബോധ്യമാവും. 
വിർജീനിയ വൂൾഫ് പങ്കുവെച്ച ചിന്തകളെ സാധൂകരിക്കുകയാണ് സാജിദ. ഒരു സ്ത്രീയെന്ന നിലയിൽ തന്റെ രാജ്യം ഈ ലോകം മുഴവനുമാണ് എന്ന് വൂൾഫിനെ പോലെ സാജിദയും പറഞ്ഞുവെക്കുന്നതായി കെ.എ. ബീന എഴുതുന്നു. അരയന്നങ്ങളുടെ താഴ്‌വാരങ്ങളും മുന്തിരിപ്പാടങ്ങളും വാക്കുകളായി തളിർക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന ഇതിലെ ഓരോ അധ്യായങ്ങളും വളരെ ആകർഷകമാണ്. മഹാസമുദ്രങ്ങളുടെ ഒത്തുചേരലും ദേശങ്ങളുടെ സംസ്‌കാരവുമെല്ലാം ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നുണ്ട്. 
നിരവധി പ്രസിദ്ധീകരണങ്ങളിൽ സാജിദ ഓർമക്കുറിപ്പുകൾ എഴുതിയിരുന്നു. നല്ല പ്രതികരണമാണ് വായനക്കാരിൽനിന്ന് ലഭിച്ചത്. ഇതിൽനിന്ന്  തെരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരമാണ്  'ഇലത്തണുപ്പിലെ മഴത്താളങ്ങൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ച രണ്ടാമത്തെ പുസ്തകം. ഗ്രന്ഥകാരിയുടെ 15 ഓർമക്കുറിപ്പുകളാണിതിൽ ഇതൾ വിരിയുന്നത്. വിഭവസമൃദ്ധമായ ഒരു വിരുന്നായി ഇതിന്റെ വായന നമുക്കനുഭപ്പെടും.
ആരുടെ മുന്നിലും അടിയറവ് പറയാതെ നീതിക്കും നിലനിൽപ്പിനും വേണ്ടി പൊരുതിനേടേണ്ടതാണ് ആർജവമുള്ള പെണ്ണിന്റെ ജീവിതമെന്ന സത്യം 'കൈതപ്പൂക്കൾ കാറ്റിനോട് പറഞ്ഞ'തെന്ന അധ്യായത്തിൽ ബിയ്യാത്തുമ്മയുടെ ജീവിതത്തിലൂടെ പറയുന്നു.
എഴുത്തുവഴികൾക്കപ്പുറം സ്വയം സ്‌നേഹമായിരിക്കലാണ് ജീവിത സുകൃതമെന്ന് സാജിദ ബോധ്യപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ. ഓരോ കുടുംബത്തിന്റെ ഭദ്രതയ്ക്കും ഉയർച്ചക്കും പുരുഷനൊപ്പം സ്ത്രീയും ഉണർന്നുപ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കും വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്ന പുസ്തകമാണിത്.
പ്രവാസ സൗഹൃദങ്ങളുടെ മണലാഴങ്ങളും മരുപ്പച്ചകളും മരീചികകളുമെല്ലാം വിഷയമാവുന്ന ഓർമകൾ ഒരൊഴുക്കോടെ വായിച്ചുപോകാവുന്ന ശൈലിയിലാണ് സാജിദ അവതരിപ്പിക്കുന്നത്.
മുസാഫിർ ഏലംകുളത്തിന്റെ അവതാരികയും ജാസി കാസിമിന്റെ വരയും ഈ പുസ്തകത്തെ ധന്യമാക്കായിരിക്കുന്നു. കഴിഞ്ഞ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു ഇതിന്റെ പ്രകാശനം. ലിപി ബുക്‌സാണ് പ്രസാധകർ. സാജിദയുടെ പ്രിയ സുഹൃത്തുക്കളായിരുന്നു പ്രചോദനം നൽകിയത്. വിശിഷ്യാ, എഴുത്തുകാരായ സൗഹൃദങ്ങൾ.
എഴുത്ത് എല്ലാംതന്നെ സ്വപ്‌നങ്ങളും സ്വപ്‌നപദ്ധതികളുമാണ്. എങ്കിലും ഒരു നോവൽ പൂർത്തീകരിച്ചാൽ വലിയൊരു സ്വപ്‌ന സാക്ഷാൽക്കാരമാകും അത്. മൂന്നാമത്തെ പുസ്തകം ചെറുകഥകളുടെ സമാഹാരമായി പ്രസിദ്ധീകരിക്കാനാണ് പദ്ധതി.
മലയാളത്തിലെ കുറെ എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും സാജിദയ്ക്ക് ഇഷ്ടമാണ്. വൈക്കം മുഹമ്മദ് ബഷീറും എം.ടിയും കമല സുരയ്യയുമൊക്കെ ഏറ്റവും പ്രിയപ്പെട്ടവരാണ്. എം.ടിയുടെ കാലവും രണ്ടാമൂഴവും ബഷീറിന്റെ നീലവെളിച്ചവും കമല സുരയ്യയുടെ നെയ്പായസവും കോലാടും എല്ലാം അത്രമേൽ നെഞ്ചേറ്റിയ രചനകളാണ്. ഇപ്പോഴത്തെ എഴുത്തുകാരിൽ ഒരുപാട് പേരുടെ രചനകൾ ഇഷ്ടമാണ്. അന്നും ഇന്നും മൗലിക രചനകൾ എഴുത്തുകാരിൽ നിന്നുണ്ടായിട്ടുണ്ട് എന്നാണ് സാജിദയുടെ നിരീക്ഷണം. ഷാർജ യൂത്ത് ഇന്ത്യ, ചാവക്കാട് കൂട്ടായ്മ, വടക്കാഞ്ചേരി സുഹൃദ് സംഘം എന്നിവ സാജിദയെ ആദരിച്ചിട്ടുണ്ട്. വായനക്കാരിൽനിന്ന് ലഭിച്ച നല്ല അഭിപ്രായങ്ങൾ തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഈ എഴുത്തുകാരി നെഞ്ചേറ്റുന്നു.
തൃശൂർ ജില്ലയിലെ ചാവക്കാട് കൂട്ടുങ്ങലാണ് വൈ.എ. സാജിദയുടെ സ്വദേശം. പ്രാഥമിക വിദ്യാഭ്യാസം കൂട്ടുങ്ങൽ എം.ആർ. രാമൻ മെമ്മോറിയൽ സ്‌കൂളിലായിരുന്നു. മമ്മിയൂർ ലിറ്റിൽ ഫ്‌ലവർ കോൺവെന്റ് സ്‌കൂളിലും ഗുരുവായൂർ ലിറ്റിൽ ഫഌവർ കോളേജിലുമായി തുടർ വിദ്യാഭ്യാസം നേടി. ഷാർജയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഹ്യൂമൻ റിസോഴ്‌സിൽ ഉദ്യോഗസ്ഥയായിരുന്നു. ഭർത്താവ് അബ്ദുറഹിമാൻ ഷാർജയിൽ ബിസിനസ് നടത്തുന്നു. മൂന്ന് മക്കളാണ് ഈ ദമ്പതികൾക്ക്. മകൾ അഞ്ജും ഫാത്തിമ കുടുംബസമേതം ആസ്‌ട്രേലിയയിലെ പെർത്തിൽ താമസിക്കുന്നു. ശുഹൈബ് റഹമാൻ, ഹസീബ് റഹമാൻ എന്നീ ആൺകുട്ടികൾ സകുടുംബം ദുബായിലാണ്. 

Latest News