കുവൈത്ത് സിറ്റി- കോവിഡ് പ്രതിസന്ധി ശക്തമായതോടെ കുവൈത്ത് വിട്ടത് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി 92,000 വിദേശികള്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) മേധാവി മന്‍സൂര്‍ അല്‍ഹാശിമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
600 വിമാനങ്ങളിലായാണ് വിദേശികള്‍ സ്വന്തം രാഷ്ട്രങ്ങളിലേക്ക് തിരിച്ചത്. ഇവരില്‍ കുവൈത്ത് ഇഖാമ നിയമം ലംഘിച്ചതിന്റെ പേരില്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരായവരുമുണ്ടെന്ന് അല്‍ഹാശിമി പറഞ്ഞു.
സ്വന്തം പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാന്‍ ഏതെങ്കിലും രാഷ്ട്രം സന്നദ്ധത അറിയിച്ചാല്‍ ഒരു ദിവസത്തിനകം അനുമതി നല്‍കാന്‍ കുവൈത്ത് തയാറായതോടെയാണ് വിദേശികളുടെ കൂട്ടയാത്ര ഉണ്ടായത്. നേരത്തെ, കോവിഡ് 19 രൂക്ഷമായ പശ്ചാത്തലത്തില്‍ വാണിജ്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോഴും വിദേശികളെ നാട്ടിലെത്തിക്കാനുള്ള വിമാന സൗകര്യങ്ങള്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്നു.






