ബ്രസീലിയ- പൊതുസ്ഥലങ്ങളില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കണമെന്ന് പ്രസിഡന്റ് ജയര്‍ ബൊള്‍സനാരോയോട് ഉത്തരവിട്ട് ബ്രസീല്‍ കോടതി.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ പ്രസിഡന്റ് രാഷ്ട്രീയ റാലികളില്‍ മാസ്‌ക് ധരിക്കാതെ പങ്കെടുത്തതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.
കോവിഡ് വ്യാപനം തടയുന്നതിനായി പ്രാദേശിക അധികൃതര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കാതെ മാസ്‌ക് ധരിക്കാതിരിക്കുന്നത് തുടര്‍ന്നാല്‍ ദിവസം 2000 റിയെസ് (387 ഡോളര്‍)വീതം പിഴ വിധിക്കുമെന്ന് ഫെഡറല്‍ ജഡ്ജി റിനാറ്റോ ബൊറെല്ലി മുന്നറിയിപ്പ് നല്‍കി.
തീരുമാനം പിന്‍വലിപ്പിക്കാനുള്ള വഴികള്‍ ആരായുകയാണെന്ന് സര്‍ക്കാരിനുവേണ്ടി വാദിക്കുന്ന ബ്രസീല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
അമേരിക്കക്കുശേഷം ബ്രസീലില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും സ്ഥിരീകരിച്ച ദിവസമാണ് കോടതിയുടെ നടപടി. ചൊവ്വാഴ്ച 1374 മരണം കൂടി റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് മരണസംഖ്യ 52,000 കടന്നിരിക്കയാണ്. 24 മണിക്കൂറിനിടെ 39,436 കേസുകള്‍ കൂടി സ്ഥീരീകരിച്ചതോടെ കോവിഡ് ബാധിതര്‍ 11 ലക്ഷമായിട്ടുമുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിന് പ്രാദേശിക അധികൃതര്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ നടപടികളെ വിമര്‍ശിച്ച ബൊള്‍സനാരോ രോഗം വെറും ഫഌ ആണെന്നാണ് വിശദീകരിച്ചിരുന്നത്. വൈറസിനേക്കാള്‍ ഭയപ്പെടേണ്ടത് സാമ്പത്തിക തകര്‍ച്ചയെയാണെന്നും അദ്ദേഹം പറഞ്ഞു.
വലതുപക്ഷ തീവ്രവാദിയായ അദ്ദേഹം തന്റെ അനുയായികളെ രംഗത്തിറക്കി റാലികള്‍ നടത്തുകയും ചെയ്തു.






