ന്യൂദല്‍ഹി- കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എയര്‍ ഇന്ത്യയുടെ വന്ദേഭാരത് വിമാന സര്‍വീസുകള്‍ വിവേചനപരവും നീതിയുക്തമല്ലാത്തതുമാണെന്ന് അമേരിക്ക. ഇത്തരം പ്രത്യേക വിമാനങ്ങള്‍ പറത്താനുള്ള അമേരിക്കയുടേയും മറ്റ് രാജ്യങ്ങളുടേയും അപേക്ഷ പരിഗണിക്കുമെന്ന് മറുപടിയായി ഇന്ത്യ.
വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരാന്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഉഭയകക്ഷി ധാരണയുണ്ടാക്കാന്‍ ശ്രമിക്കുമെന്നും വ്യോമയാന മന്ത്രാലയം പറഞ്ഞു.
എയര്‍ ഇന്ത്യ വിമാനങ്ങള്‍ വ്യോമയാന നിയമങ്ങള്‍ ലംഘിക്കുന്നതായി യു.എസ്. ഗതാഗത വകുപ്പാണ് ആരോപണം ഉന്നയിച്ചത്. ശരിയായ തിരിച്ചുകൊണ്ടുപോകല്‍ ദൗത്യമല്ല ഇവ നടത്തുന്നതെന്നും ചാര്‍ട്ടേഡ് വിമാനങ്ങളെ വ്യോമയാന നിയന്ത്രണങ്ങള്‍ ലംഘിക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. എയര്‍ ഇന്ത്യ മാത്രം വിമാനങ്ങള്‍ പറത്തി പണമുണ്ടാക്കുകയും അതത് രാജ്യങ്ങള്‍ക്ക് അതിനുള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതുമൂലം അമേരിക്കയില്‍നിന്നുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വിദേശ പൗരന്മാരെ അവരുടെ രാജ്യത്തെത്തിക്കാനും ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യോമയാന മന്ത്രാലയം പറഞ്ഞു. എയര്‍ ഇന്ത്യയെപ്പോലെ, പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ തങ്ങളുടെ വിമാനങ്ങളും ഉപയോഗിക്കണമെന്ന് അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിക്കുമെന്നാണ് ഇപ്പോള്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.






