ജോലിയില്ലാതെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കരാര്‍ അധ്യാപകര്‍; ജീവിക്കാന്‍ വഴിയോരത്ത് പച്ചക്കറി വില്‍പ്പനയും സൈക്കിള്‍ റിപ്പയറിങ്ങും

ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക ദുരിതം രൂക്ഷമായ സാഹചര്യം മറികടക്കാന്‍ ദല്‍ഹിയിലെ അധ്യാപകര്‍ പച്ചക്കറി കച്ചവടം ഉള്‍പ്പെടെയുള്ള മറ്റ് തൊഴില്‍ മേഖലകളിലേക്ക് ചേക്കേറുന്നുവെന്ന് റിപ്പോര്‍ട്ട്. ദല്‍ഹി സര്‍ക്കാരിന്റെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കാണ് ഈ ദുരിതം.
ഇംഗ്ലീഷ് ടീച്ചര്‍ റോഡില്‍ പച്ചക്കറി വില്‍പ്പനയാണ് ചെയ്യുമ്പോള്‍ പരിസ്ഥിതി ശാസ്ത്രം പഠിപ്പിക്കുന്ന ടീച്ചര്‍ സൈക്കിളിന്റെ പഞ്ചറൊട്ടിക്കുന്ന റിപ്പയര്‍ ഷോപ്പിലാണ് ജോലി നോക്കുന്നത്. മറ്റൊരു സംസ്‌കൃതം അധ്യാപകന്‍ തന്റെ ഗ്രാമത്തിലെ ഗോതമ്പ് പാടങ്ങളില്‍ കൃഷിപ്പണിക്കാണ് പോകുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

ദിവസ വേതന അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്ന അധ്യാപകരാണ് സ്‌കൂളുകള്‍ അടച്ചിട്ടതോടെ ദുരിതത്തിലായത്. ഇതേതുടര്‍ന്ന് ജീവിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് അവര്‍. ദല്‍ഹിയില്‍ 20,000 ഗസ്റ്റ് അധ്യാപകരില്‍ 1030 പേരും സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ജോലി ചെയ്യുന്നത്. 1040 രൂപ മുതല്‍ 1400 രൂപവരെയാണ് ഇവര്‍ക്ക് ലഭിക്കുന്ന ദിവസവേതനം.എല്ലാ വര്‍ഷവും ഇവരുടെ കരാര്‍ പുതുക്കുകയാണ് ചെയ്യുന്നത്.ഞായര്‍ അടക്കമുള്ള അവധി ദിവസങ്ങളില്‍ ഇവര്‍ക്ക് വേതനം ലഭിക്കില്ല.

ലോക്ക്ഡൗണിന് ശേഷം ഇവരുടെ കാര്യങ്ങള്‍ വഷളായിരിക്കുകയാണ്. മെയ് അഞ്ചിന് ദല്‍ഹി സര്‍ക്കാര്‍ എല്ലാ ഗസ്റ്റ് തസ്തികയിലുള്ള അധ്യാപകര്‍ക്കും മെയ് 8വരെയുള്ള ശമ്പളം  നല്‍കുമെന്നും വേനല്‍ അവധിയില്‍ ഇവരെ ഡ്യൂട്ടിക്ക് വിളിക്കാമെന്നും അറിയിച്ചിരുന്നു.

എന്നാല്‍ ഇത്തവണ സ്‌കൂള്‍ അടച്ചിട്ടതിനാല്‍ ഗസ്റ്റ് അധ്യാപകരെ ഡ്യൂട്ടിയിലേക്ക് തിരിച്ചുവിളിച്ചില്ല.മാര്‍ച്ച് 19 മുതല്‍ ദല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കുന്നതിനാല്‍ ചില കരാര്‍ അധ്യാപികര്‍ക്ക് വിര്‍ച്വല്‍ ക്ലാസുകള്‍ക്ക് ചുമതലയുണ്ട്. എന്നാല്‍ ഇവരെ പാര്‍ട് ടൈം അധ്യാപകരായാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ഇതൊക്കെയാണ് മറ്റ് തൊഴില്‍മാര്‍ഗങ്ങള്‍ തേടാന്‍ അധ്യാപകരെ പ്രേരിപ്പിച്ചത്.

 സിടിഇടി മാനദണ്ഡത്തില്‍ ഇതുവരെ വ്യക്തത വരാത്തതിനാല്‍ മാര്‍ച്ച് 31ന് ശേഷം കരാര്‍ പുതുുക്കാത്ത ആയിരത്തോളം അധ്യാപകരുണ്ടെന്നാണ് വിവരം. എല്ലാവര്‍ഷവും രണ്ട് തവണ നടക്കുന്ന പരീക്ഷ ഇത്തവണ അനിശ്ചതമായി നീളുമെന്നതിനാല്‍ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. സുല്‍ത്താന്‍പൂരിലെ സര്‍വോദയ ബാല വിദ്യാലയത്തില്‍ മെയ് എട്ട് വരെ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തിരുന്ന വസീര്‍ സിങിന് ബിഎഡും സിടിഇടിയും യോഗ്യതയുണ്ട്. താന്‍ ദിവസവേതനക്കാരനായതിനാല്‍ പണം സമ്പാദിച്ചുവെക്കാന്‍ സാധിച്ചില്ല. തന്റെ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ തന്നെ സ്‌കൂള്‍ ഡ്യൂട്ടിയില്‍ നിന്ന് പിരിച്ചുവിട്ടതായി വാട്‌സ്ആപിലൂടെയാണ് അറിയിച്ചിരിക്കുന്നതെന്ന് വസീര്‍ സിങ് പറയുന്നു. തന്റെ കുടുംബത്തിന്റെ ഏക ആശ്രമയമായ താന്‍ ഇനി എന്ത് ചെയ്യുമെന്ന് ആലോചിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
 

Latest News