Sorry, you need to enable JavaScript to visit this website.

ഇന്ത്യ കൈവിട്ട കോകോ ദ്വീപ് സ്വന്തമാക്കി ചൈന; വ്യോമനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു

ന്യൂദല്‍ഹി-നാവിക ശക്തിയില്‍ ഇന്ത്യയെ പിന്നിലാക്കാന്‍ മ്യാന്‍മറില്‍ നിന്ന് വാങ്ങിയ കോകോ ദ്വീപുകളില്‍ വലിയൊരു വിമാനത്താവളം പണിയുകയും വ്യോമനിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ് ചൈന.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനും മലാക്ക കടലിടുക്കിനും സമീപം സ്ഥിതി ചെയ്യുന്ന കോകോ ദ്വീപുകളിലെ ഈ പുതിയ താവളം ചൈനയ്ക്കു യുദ്ധതന്ത്രപരമായി രണ്ട് കാര്യങ്ങളില്‍ മുന്‍തൂക്കം നല്‍കുന്നു. ഇവിടെനിന്നു നിരീക്ഷിച്ചാല്‍ ആന്‍ഡമാനില്‍ ഇന്ത്യയുടെ വ്യോമ, നാവികതാവളങ്ങളിലെ നീക്കങ്ങള്‍ മനസ്സിലാക്കാം. ചൈനയുടെ എണ്ണ 90 ശതമാനവും കൊണ്ടുവരുന്നതു മലാക്ക കടലിടുക്കിലൂടെയാണ്. അവിടെ കപ്പലുകളുടെ നീക്കവും നിരീക്ഷിക്കുകയും ചെയ്യാം.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം ഇന്ത്യയ്ക്കു കൈമാറിയപ്പോള്‍ ബ്രിട്ടിഷുകാര്‍ കോകോ ദ്വീപുകളെ സ്വന്തമായി നിലനിര്‍ത്താന്‍ ആഗ്രഹിച്ചതാണ്. അന്ന് ഇന്ത്യ ഈ ദ്വീപുകള്‍ക്ക് അവകാശവാദം ഉന്നയിച്ചില്ല. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കരുതി ബ്രിട്ടിഷുകാര്‍ ഇവ വേണ്ടെന്നു വച്ചു. മ്യാന്‍മറിനു കൈമാറുകയും ചെയ്തു. 1992 വരെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കടന്നിരുന്ന ദ്വീപുകള്‍ ചൈന പാട്ടത്തിന് എടുത്തതാണെന്നും അതല്ല വിലയ്ക്കു വാങ്ങിയതാണെന്നും രണ്ടു പക്ഷമുണ്ട്.
ഇവിടെ 50 മീറ്റര്‍ ഉയരമുള്ള നിരീക്ഷണ നിലയവും 1000 മീറ്ററുള്ള റണ്‍വേയും 1994ല്‍ ചൈന പണിഞ്ഞു. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ റണ്‍വേയുടെ നീളം 2500 മീറ്ററാക്കിയതോടെ വലിയ യുദ്ധവിമാനങ്ങള്‍ക്കും ഇറങ്ങാം. വ്യോമനിരീക്ഷണ ടവര്‍ ഉയര്‍ത്തി. റഡാര്‍ സംവിധാനം ഉള്‍പ്പെടെയുണ്ട്.
 

Latest News