സംസ്ഥാന ബാംബൂ കോർപറേഷൻ ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെ ശ്രദ്ധേയമാവുന്നു. കോവിഡ് കാല വിപണി ലക്ഷ്യമിട്ട് ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ ഉൾപ്പെടെ ഒട്ടേറെ ഉൽപന്നങ്ങളാണ് കോർപറേഷൻ പുതിയതായി വിപണിയിലെത്തിച്ചിട്ടുള്ളത്. ഈറ്റയിലും മുളയിലും നിർമിച്ച ഓഫീസ് സ്റ്റേഷനറി ഉൽപന്നങ്ങളുടെ വൻ ശൃംഖലതന്നെ അടുത്തിടെ വിപണിയിലെത്തിച്ചിരുന്നു. ഇവയുടെ വിതരണോദ്ഘാടനം വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഹരിത കേരളം മിഷൻ ഉപാധ്യക്ഷ ഡോ. ടി.എൻ. സീമക്കു നൽകിയാണ് നിർവഹിച്ചത്. ഫയൽപാഡ്, ഫയൽട്രേ, പെൻ സ്റ്റാന്റ്, വേസ്റ്റ്ബിൻ് തുടങ്ങിയവ സ്റ്റേഷനറി ഉൽപന്നങ്ങളിൽപെടും. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും ഈ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ഈ മേഖലയിലെ തൊഴിലാളികൾക്ക് മുതൽക്കൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു.
പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെതാണ് മറ്റൊരു ശ്രേണി. ബാംബൂ കോമ്പോസിറ്റ് നീം ടൈൽ, ബാംബൂ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ തുടങ്ങിയവയാണ് ഇതിലുൾപ്പെടുന്നത്. ഗുണനിലവാരമുള്ള പനമ്പും, ആര്യവേപ്പിന്റെ മരവും ഉപയോഗിച്ചാണ് ടൈൽ നിർമാണം. പ്രകൃതിദത്തമായ പശയും ഉപയോഗിച്ചുള്ള ടൈൽ ദീർഘനാൾ ഈടു നിൽക്കുമെന്നാണ് കോർപറേഷന്റെ അവകാശവാദം. പ്രതിവർഷം അഞ്ച് കോടി രൂപയുടെ ഉൽപാദനമാണ് നീം ടൈലിലൂടെ കോർപറേഷൻ ലക്ഷ്യമിടുന്നത്. പുതിയ ഉൽപന്നങ്ങളായ നീം ടൈൽ, ബാംബൂ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ എന്നിവയുടെ വിപണനോദ്ഘാടനം ഇന്നു നടത്താൻ നിശ്ചയിച്ചിരുന്നതാണെങ്കിലും സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
ഈറ്റ പനമ്പ് മേഖലയിലെ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് അന്തർദേശീയ നിലവാരമുള്ള മുള, ഈറ്റ ഉൽപന്നങ്ങൾ തദ്ദേശീയമായി നിർമിക്കുകയാണ് കോർപറേഷൻ. 1500 ഏക്കർ സ്ഥലത്ത് മുള വെച്ചുപിടിപ്പിക്കാൻ ബാംബൂ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. ആറളത്ത് മുള വെച്ചു പിടിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. 10,000 പനമ്പ് നെയ്ത്ത് കുടുംബങ്ങളും ആയിരം ഈറ്റ വെട്ട് തൊഴിലാളികളും 500 മറ്റു തൊഴിലാളികളും കോർപറേഷനെ ആശ്രയിച്ചു കഴിയുന്നു.
സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷിയും കോർപറേഷൻ ആരംഭിച്ചു. ചെയർമാൻ കെ.ജെ. ജേക്കബ്, മാനേജിംഗ് ഡയറക്ടർ അബ്ദുൽ റഷീദ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. മുഴുവൻ തൊഴിലാളികളും ജീവനക്കാരും സംരംഭത്തിൽ ഭാഗവാക്കാണ്. മുളക്, തക്കാളി, വെണ്ട, ചീര, പാവൽ മുതലായവ ആണ് 100 ഗ്രോ ബാഗുകളിൽ നട്ടത്. സംസ്ഥാനകൃഷി വകുപ്പിന്റെ സഹായത്തോടെയാണ് കൃഷി. വാഴ, കപ്പ മറ്റു പച്ചക്കറികൾ എന്നിവയും കൃഷി ചെയ്യുന്നു. രാസ കീടനാശിനികളും, രാസ വളവും ഒഴിവാക്കി ജൈവ രീതിയിൽ ആണ് കൃഷി.
ആധുനിക വൽക്കരണമുൾപ്പെടെ 25.41 കോടിയുടെ പതിനൊന്നിന പദ്ധതികൾക്ക് കേന്ദ്രസർക്കാറിന്റെയും നാഷനൽ ബാംബൂ മിഷന്റെയും അനുമതി കോർപറേഷന് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വൈവിധ്യവൽക്കരണവും വികസനവും സാധ്യമാക്കുന്നത്.






