കൊച്ചി- കോവിഡ് ബാധിച്ച പോലീസുകാരൻ ഹൈക്കോടതി ജഡ്ജിയടക്കമുള്ളവരുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിൽ ഹൈക്കോടതി അടച്ചിടണമെന്ന അഭിഭാഷക അസോസിയേഷന്റെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും അഡ്വക്കേറ്റ് ജനറലും നടത്തിയ യോഗത്തിൽ ധാരണ. കോവിഡ് ബാധിച്ച പോലീസുകാരൻ എത്തിയ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ഹൈക്കോടതി പ്രവർത്തിപ്പിക്കാനാണ് തീരുമാനം. കോടതി അടക്കേണ്ട സാഹചര്യമില്ലന്ന് യോഗം വിലയിരുത്തി.
ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.ജിയും അഭിഭാഷക അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു. മുൻകരുതലിന്റെ ഭാഗമായി പരിഗണിക്കുന്ന കേസുകൾ വെട്ടിച്ചുരുക്കും. പരിഗണിക്കുന്ന കേസുകളിൽ ഉത്തരവ് പുറപ്പെടുവിക്കില്ല. അഭിഭാഷകരുടെ അസാന്നിധ്യത്തിൽ കേസ് പരിഗണിക്കില്ലെന്നും യോഗം തീരുമാനിച്ചു. കോവിഡ് ബാധിച്ച പോലീസുകാരൻ ഹൈക്കോടതിയിൽ എത്തിയതിന് പിന്നാലെ ജസ്റ്റിസ് സുനിൽ തോമസ് ഉൾപ്പെടെ 26 പേർ സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയിലെ ഭരണ നിർവഹണ വിഭാഗം യോഗം ചേർന്നത്. ഹൈക്കോടതി അടച്ചിടണമെന്ന ആവശ്യവുമായി അഭിഭാഷക അസോസിയേഷൻ നേരത്തെ രംഗത്തെത്തിയിരുന്നു.






