അങ്കമാലി- അച്ഛൻ തറയിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച 54 ദിവസം പ്രായമുള്ള പെൺ കുഞ്ഞിന്റെ നില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ. കുഞ്ഞ് ഇപ്പോഴും അബോധാവസ്ഥയിലാണെന്ന് കുട്ടിയെ ചികിത്സിപ്പിക്കുന്ന കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചു. തലച്ചോറിൽ ചതവും രക്തസ്രാവവുമുണ്ട്. അങ്കമാലി ജോസ്പുരം ചാത്തനാട് വീട്ടിൽ ഷൈജു തോമസാണ് (40)സ്വന്തം പെൺകുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്:കട്ടിലിൽ കിടന്ന് കരയുകയായിരുന്ന കുട്ടിയെ വലിച്ച് താഴെയിട്ട് വധിക്കാൻ ശ്രമിച്ചതിനാണ് അങ്കമാലി പോലീസ് കേസെടുത്തിരിക്കുന്നത്. കുടുംബ സമേതം വാടകയ്ക്ക് ജോസ് പുരത്ത് താമസിക്കുന്ന ഷൈജു 54 ദിവസം മുൻപ് തനിയ്ക്ക് ജനിച്ച കുട്ടി പെൺകുട്ടിയായതിലും കുട്ടി തന്റെതല്ലയെന്ന സംശയവുമാണ് പെൺകുഞ്ഞിനെ കൊല്ലുവാൻ ശ്രമിച്ചതെന്നാണ് പ്രതി പ്രാഥമികമായി മൊഴി നൽകിയിരിക്കുന്നത്
ഷൈജുവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.