കളിത്തോക്കുമായൊരു കളി, കാനഡയിലെത്തേണ്ടവന്‍ തടവറയിലെത്തി

ആലപ്പുഴ- കാനഡയില്‍ പോകാനുള്ള പണം കണ്ടെത്താന്‍ ഓട്ടമോട്ടീവ് എന്‍ജിനീയറിംഗ് ബിരുദധാരിയായ യുവാവ് കണ്ടെത്തിയ മാര്‍ഗം പാളി. കാനഡക്ക് പകരം ജയിലിലാണ് യുവാവ് എത്തിയത്. കളിത്തോക്ക് കാട്ടി റിട്ട.വനിതാ പ്രൊഫസറെ ഭയപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ആലപ്പുഴ ഇരവുകാട് പനയ്ക്കല്‍ വീട്ടില്‍ ഫിറോസ് കലാമിന്റെ (21) ശ്രമം.

കോണ്‍വന്റ് സ്‌ക്വയറിന് സമീപം പരുത്തിക്കാട് വീട്ടില്‍ റിട്ട. പ്രൊഫസര്‍ ലില്ലി കോശിയുടെ (86) വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

ഇവിടെ വീട്ടുജോലിക്കു നില്‍ക്കുന്ന സ്ത്രീ പ്രതിയുടെ അമ്മൂമ്മയാണ്. കാനഡയില്‍ ജോലി തേടി പോകാനുള്ള പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നു ഇയാള്‍ പോലീസിനു മൊഴി നല്‍കി. പ്രതി വീട്ടില്‍ വന്നു തോക്ക് ചൂണ്ടിയപ്പോള്‍ വീടിന്റെ പിന്നില്‍ ജോലി ചെയ്യുകയായിരുന്ന അമ്മൂമ്മ സംഭവമൊന്നും അറിഞ്ഞിരുന്നില്ലെന്നു പോലീസ് പറഞ്ഞു. പണം ഉടന്‍ ലഭിക്കുമെന്നു കരുതിയാണ് തോക്കു ചൂണ്ടിയത്.

ലില്ലിയുടെ പക്കല്‍ പണം ഇല്ലെന്ന് ബോധ്യമായപ്പോഴാണു പിറ്റേ ദിവസം വരുമെന്നു പറഞ്ഞു കടന്നത്. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലൂടെ പോകുമ്പോള്‍ കളിത്തോക്കു വലിച്ചെറിഞ്ഞു. സുഹൃത്തിന്റെ ബൈക്കിലായിരുന്നു എത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്. ബൈക്കിന്റെ നമ്പര്‍ വച്ച് സുഹൃത്തിനെ കണ്ടെത്തി പ്രതിയുടെ വീട്ടിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ ക്വാറന്റൈന്‍ സെല്ലില്‍ പ്രവേശിപ്പിച്ചു.

 

Latest News