ജി.സി.സി വിടാൻ താൽപര്യമില്ലെന്ന്  ഖത്തർ

ദോഹ - ഗൾഫ് സഹകരണ കൗൺസിലിൽനിന്ന് പുറത്തുപോകുന്ന കാര്യം ഖത്തർ ആലോചിക്കുന്നില്ലെന്ന് വിദേശ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി പറഞ്ഞു. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷക്ക് ഖത്തർ പ്രതിജ്ഞാബദ്ധമാണ്. മേഖലയുടെ സുരക്ഷക്ക് ഗൾഫ് സഹകരണ കൗൺസിൽ പ്രധാനമാണ്. 
രാഷ്ട്രീയ പ്രതിപക്ഷ പ്രവർത്തകർക്കാണ് ഖത്തർ ആതിഥേയത്വം നൽകുന്നതെന്നും ഭീകരർക്കല്ലെന്നും അദ്ദേഹം വിശദീകരിച്ചു. മുസ്‌ലിം ബ്രദർഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ചില ഗൾഫ് രാജ്യങ്ങളും ഈജിപ്തും അവലംബിച്ച വിവരങ്ങൾ ഖത്തറിന്റെ പക്കലില്ല. അതുകൊണ്ടു തന്നെ ബ്രദർഹുഡിനെ തങ്ങൾ ഭീകര പട്ടികയിൽ പെടുത്തിയിട്ടില്ല. ഈജിപ്തിൽ നിന്നുള്ള പ്രതിപക്ഷ പ്രവർത്തകർ മാത്രമല്ല, മറ്റേതാനും രാജ്യങ്ങളിൽ നിന്നുള്ള പ്രതിപക്ഷ പ്രവർത്തകരും ഖത്തറിൽ കഴിയുന്നുണ്ട്. യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളും നടത്താൻ ഇവരെ ഖത്തർ അനുവദിക്കുന്നില്ല. ഖത്തർ കേന്ദ്രീകരിച്ച് തങ്ങളുടെ രാജ്യങ്ങളെ ആക്രമിക്കുന്നതിനും അപകീർത്തിയുണ്ടാക്കുന്നതിനും ഇവരെ അനുവദിക്കുന്നില്ലെന്നും വിദേശ മന്ത്രി പറഞ്ഞു. 
അതിനിടെ, ഖത്തറിൽ വിദേശ തൊഴിലാളികളുടെ അവകാശ നിഷേധങ്ങളും മോശം ജീവിത സാഹചര്യങ്ങളും കാരണം ഹ്യൂമൻ റൈറ്റ്‌സ് വാച്ച് അടക്കമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ഉയർത്തിയ വിമർശനങ്ങൾ തണുപ്പിക്കാൻ ഖത്തർ ശ്രമം തുടങ്ങി. ലോക കപ്പ് പദ്ധതികൾ പൂർത്തിയാക്കുന്നതിന് കടുത്ത സാഹചര്യത്തിലാണ് തൊഴിലാളികളെ ഖത്തർ ഉപയോഗിക്കുന്നതെന്നാണ് ആരോപണം. 
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾക്ക് ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ഗവൺമെന്റ് ലൈസൻ ഓഫീസ് മേധാവി ശൈഖ് സൈഫ് ബിൻ അഹ്മദ് ബിൻ സൈഫ് അൽഥാനി പ്രസ്താവനയിൽ പറഞ്ഞു. തൊഴിലിടങ്ങളിൽ വിദേശ തൊഴിലാളികൾക്ക് അനിവാര്യമായ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നയങ്ങൾ തുടർച്ചയായി പരിശോധിക്കുന്നുണ്ട്. രാജ്യത്ത് മനുഷ്യാവകാശങ്ങൾ നിരീക്ഷിക്കും. തൊഴിലാളികൾ മോശം പെരുമാറ്റങ്ങൾക്ക് ഇരകളാകാതെ നോക്കുന്നതിന് പുതിയ നിയമങ്ങൾ നിർമിക്കും. 2016 ൽ തൊഴിൽ അപകട മരണങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളെയും കുറിച്ച കണക്കുകൾ കഴിഞ്ഞ മാർച്ചിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന് ഖത്തർ സമർപ്പിച്ചിരുന്നെന്നും പ്രസ്താവന പറഞ്ഞു. 
വിദേശ തൊഴിലാളികളുടെ മരണ കാരണങ്ങളെ കുറിച്ച് ഖത്തർ അന്വേഷണം നടത്തണമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടിരുന്നു. കടുത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മതിയായ സംരക്ഷണം നൽകുന്നതിന് ആവശ്യമായ നടപടികൾ ഖത്തർ സ്വീകരിക്കണം. വിദേശ തൊഴിലാളികളുടെ മരണങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ ഖത്തർ പതിവായി പരസ്യപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. 2012 ൽ ഖത്തറിൽ തൊഴിൽ അപകടങ്ങളിൽ 520 വിദേശികൾ മരിച്ചെന്നാണ് കണക്ക്. 
അതിനിടെ, അയൽ രാജ്യങ്ങൾ ബഹിഷ്‌കരണം തുടരുന്ന പക്ഷം വരും വർഷങ്ങളിൽ ഖത്തറിൽ വിദേശ സന്ദർശകരുടെ എണ്ണം കുറയുമെന്നാണ് കരുതുന്നതെന്ന് ടൂറിസം മേഖലാ വൃത്തങ്ങൾ പറഞ്ഞു. ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിനു പിന്നാലെ തങ്ങളുടെ പൗരന്മാർ ഖത്തർ സന്ദർശിക്കുന്നത് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും വിലക്കിയിട്ടുണ്ട്. ഖത്തർ സന്ദർശകരിൽ ഏറ്റവും കൂടുതൽ പേർ സൗദികളായിരുന്നു. 2016 ൽ ഖത്തറിലെത്തിയ വിദേശ സന്ദർശകരിൽ മൂന്നിലൊന്നും സൗദികളായിരുന്നു. ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം വർധിക്കുന്നതോടെ 2020 ൽ വിദേശ സന്ദർശകരുടെ എണ്ണം മൊത്തത്തിൽ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ടൂറിസം അതോറിറ്റിയിലെ ടൂറിസം വികസന വിഭാഗം മേധാവി ഹസൻ അൽഇബ്രാഹിം പറഞ്ഞു. നിലവിലെ പ്രതിസന്ധിയിൽ തങ്ങൾ ഖത്തറിനോട് പൂർണമായും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഇറാൻ വിദേശ മന്ത്രി ജവാദ് സരീഫ് പറഞ്ഞു.

Latest News