കൊല്ലം- വിരണ്ടോടിയ പോത്ത് വഴിയാത്രക്കാരെയും വാഹനങ്ങളും ആക്രമിച്ചു. യാത്രക്കാര്‍ക്കും പോലീസ്, ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കും പരിക്കേറ്റു. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പിടിച്ചുകെട്ടാനായെങ്കിലും മിനിട്ടുകള്‍ക്കുള്ളില്‍ പോത്ത് ചത്തു. ചാത്തിനാംകുളം അംബേദ്ക്കര്‍ വയലില്‍ കെട്ടിയിരുന്ന പോത്താണ് വിരണ്ടോടിയത്. മത്സ്യം വില്ക്കാന് ഓട്ടോയിലെത്തിയവരുടെ ഹോണ്‍ ശബ്ദം കേട്ടാണ് വിരണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു.
പോത്തിന്റെ ആക്രമണത്തില്‍ വഴിയാത്രക്കാരായ മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. പോത്തിനെ കെട്ടാനുള്ള ശ്രമത്തില്‍ ഉടമയ്ക്കും പരിക്കേറ്റു.
ഓട്ടത്തിനിടെ ചന്ദനത്തോപ്പ് ലെവല്‍ ക്രോസിനു സമീപം പോത്തിനെ കെട്ടിയിടാനായെങ്കിലും ബലമില്ലാത്ത കയര്‍ പൊട്ടിച്ച് ദേശീയപാതയിലേക്ക് കടന്നു. കുണ്ടറ ഭാഗത്തേക്ക് ഓടിയ പോത്ത് വഴിയില്‍ കണ്ടവരെയും വാഹനങ്ങളും ആക്രമിച്ചു.
സ്ഥലത്തുണ്ടായിരുന്ന ഹൈവേ പോലിസ് വാഹനം ചേര്‍ത്തുനിര്‍ത്തി പോത്തിനെ തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വാഹനത്തെ കൊമ്പില്കുത്തി മറിക്കാനായി പോത്തിന്റെ ശ്രമം.
പോത്തിന്റെ ആക്രമണത്തില്‍ പോലിസ് ജീപ്പിനും സാരമായ കേടുപറ്റി. ഉടമ ഷിഹാബിനെ ഇടിച്ചിട്ടിട്ടാണ് പോത്ത് ഓട്ടമാരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. കാലിനും മുതുകിനും പരിക്കേറ്റ ഷിഹാബ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.






