ഇടുക്കി- ഇടുക്കിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു. ബൈസൺവാലി മുട്ടുകാട് സ്വദേശിയായ ഈശ്വരിയാണ് മരണപ്പെട്ടത്. 46 വയസായിരുന്നു. ലോക്ക്ഡൗണിനിടെ തമിഴ്നാട്ടിലായിരുന്ന ഇവര്‍ വ്യാഴാഴ്ചയാണ് ഇടുക്കിയിൽ എത്തിയത്. മൃതദേഹം അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ നിലവില്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ശാരീരിക അവശതകള്‍ക്ക് അപ്പുറം കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. അതേസമയം കോവിഡ് പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂ.
സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള പ്രതിദിന കണക്കിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 87 പേർ വിദേശത്ത് നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകനും രോഗമുണ്ട്. കൂടാതെ 57 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുമുണ്ട്.






