ആന്റിബോഡി ടെസ്റ്റിന് സൗദിയിലെ എംബസി അനുമതി തേടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്റി ബോഡി ടെസ്റ്റ് നടത്താന്‍ സൗദിയിലെ ഇന്ത്യന്‍ എംബസി സൗദി ഗവണ്‍മെന്റിനോട് അനുമതി നേടിയിട്ടുണ്ടെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

സൗദിയിലെ ചില ആശുപത്രികളില്‍ ആന്റി ബോഡി ടെസ്റ്റ് നടത്തുന്നുണ്ട്. പ്രവാസികള്‍ക്ക് ഈ പരിശോധന നടത്താനുള്ള അംഗീകാരം സൗദി ഗവണ്‍മെന്റില്‍നിന്ന് ലഭിച്ചാല്‍ മാത്രം മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കാനുള്ള തീരുമാനം ജൂണ്‍ 24 വരെ നീട്ടിയ പശ്ചാത്തലത്തില്‍ ട്രൂനാറ്റ് കിറ്റ് വിദേശത്തേക്ക് എത്തിക്കുന്ന നടപടികള്‍ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശത്തുള്ള എല്ലാ പ്രവാസികള്‍ക്കും കേരളത്തിലേക്ക് വരാം. ഒരു തടസവും അതിനില്ല. അനുമതി തേടിയ ഒരു വിമാനത്തിനും സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നിട്ടില്ല. എന്നാല്‍ രോഗമുള്ളവരും രോഗം ഇല്ലാത്തവരും ഒന്നിച്ച് യാത്ര ചെയ്യരുതെന്ന് മാത്രമാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

 

Latest News