അബുദാബിയില്‍ യുവ എന്‍ജിനീയര്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

അബുദാബി- താമസ സ്ഥലത്തിരുന്ന ജോലി ചെയ്തിരുന്ന യുവാവ് മരിച്ച നിലയില്‍. പാലക്കാട് ലക്കിടി മംഗലം സ്വദേശി സൗപര്‍ണികയില്‍ ജിനു ചന്ദ്രനെ (39)യാണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഡ്‌നോക് റിഫൈനിങ് കമ്പനിയുടെ റുവൈസ് ഏരിയ സര്‍വീസസ് ഡിവിഷനില്‍ പ്രൊജക്ട് ഡവലപ്‌മെന്റ് എന്‍ജിനീയറായിരുന്നു.

കോവിഡ് ജാഗ്രതയുടെ ഭാഗമായി റുവൈസിലെ താമസ സ്ഥലത്തിരുന്ന് (വര്‍ക്ക് ഫ്രം ഹോം) ജോലി ചെയ്തിരുന്ന ഇദ്ദേഹം രണ്ടു ദിവസമായി ആരുമായും ബന്ധപ്പെട്ടിരുന്നില്ല. പോലീസ് എത്തി മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബദാസായിദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.

കുറ്റിപ്പുറം എം.ഇ.എസ് കോളജ് മുന്‍ യൂണിയന്‍ ചെയര്‍മാനായിരുന്ന ഇദ്ദേഹം ആറു മാസം മുന്‍പാണ് അബുദാബിയിലെത്തിയത്. നേരത്തെ ഖത്തറില്‍ ജോലി ചെയ്യവേ കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് തലയ്ക്കു പരുക്കേറ്റിരുന്നു. പരേതനായ കെ.പി. ചന്ദ്രശേഖരന്റെയും വി.കെ. വല്‍സലയുടെയും മകനാണ്. ഭാര്യ: സൗമ്യ. മക്കള്‍: ദ്രുവ്, ദ്വാനി, ദ്വിതി.

 

Latest News