Sorry, you need to enable JavaScript to visit this website.

ദാനിക്കുട്ടി ഡേവിഡ്: ജിമ്മി ജോർജിന്റെ നിഴൽ 


എൺപതുകളിലും തൊണ്ണൂറുകളിലും കേരളാ വോളിബോളിലെ സൂപ്പർ അറ്റാക്കറായിരുന്നു ദാനിക്കുട്ടി ഡേവിഡ്. ജിമ്മി ജോർജ് എന്ന അതികായൻ  കളംവാണ നാളുകളിൽ അതിന്റെ നിഴലിലായിപ്പോയ കളിക്കാരൻ. വോളിബോളിൽ പത്തനംതിട്ട ജില്ലയുടെ ആധിപത്യത്തിന്റെ പ്രതീകമായിരുന്നു കഴിഞ്ഞ ദിവസം മൺമറഞ്ഞ ദാനിക്കുട്ടി ഡേവിഡ്. 
എൺപതുകളുടെ തുടക്കത്തിൽ മല്ലശ്ശേരി ഫ്രണ്ട്‌സ് എന്ന വോളിബോൾ ടീമുമായി ഇലന്തൂരിലും മലയാലപ്പുഴയിലും കോഴഞ്ചേരിയിലുമൊക്കെ കളിക്കാൻ എത്തുമ്പോൾ ദാനിക്കുട്ടി ഒരാവേശമായിരുന്നു. കോർട്ടിൽ ഇറങ്ങി നിൽക്കുമ്പോൾ, കൈ ഉയർത്തുമ്പോൾ രണ്ട് കൈപ്പത്തികളും നെറ്റിനു മുകളിൽ. കൈ കറക്കി അടിക്കുന്ന ആറടി നാലിഞ്ചുകാരനായ ദാനിക്കുട്ടി തന്റെ ശരീരവൈഭവം വോളിബോളിന്റെ കരുതലിലേക്ക് മാറ്റിയപ്പോൾ കേരളക്കരയ്ക്ക് ഒരു അഭിമാന താരത്തെയാണ് കിട്ടിയത്. 


കൊച്ചു കൊച്ചു ടൂർണമെന്റുകളിൽ കളിച്ചു നടക്കുന്ന കാലത്ത് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ കായികാധ്യാപകനാണ് ദാനിക്കുട്ടി ഡേവിഡിൽ ഭാവി കണ്ടെത്തിയത്. പിന്നീട് റാന്നി കോളേജിൽ കെ.പി എബ്രഹാമിന്റെ ശിക്ഷണത്തിൽ കഴിവ് തേച്ചുമിനുക്കി. ഇന്റർ കൊളീജിയേറ്റ് ടൂർണമെന്റുകളായിരുന്നു ദാനിക്കുട്ടി ഡേവിഡിന്റെ തട്ടകം. കോഴഞ്ചേരി സെയ്ന്റ് തോമസ് കോളേജിലായിരുന്നു തുടക്കം. 1981 ലെ ഇന്റർവാഴ്‌സിറ്റി വോളിബോളിൽ കേരള സർവകലാശാലയെ കിരീടത്തിലേക്ക് നയിച്ചു. ഉദയകുമാർ, സിറിൽ സി. വെള്ളൂർ, അബ്ദുൽറസാക്ക്, ഗോപിനാഥ്, ജോൺസൺ ജേക്കബ്, സിറിയക്, ഇക്ബാൽ, ടോമി, സാജൻ തുടങ്ങിയ പ്രതിഭാധനരായ തലമുറയിലെ തിളങ്ങുന്ന നക്ഷത്രമായി ഈ കളിക്കാരൻ. ഇവരെല്ലാം കെ.എസ്.ഇ ബി, കേരളാ പോലീസ്, ടൈറ്റാനിയം, ഷിപ്പ് യാർഡ് താരങ്ങളായി മാറി. ദാനിക്കുട്ടി ടൈറ്റാനിയത്തിന് സ്വന്തമായി.


കഴിഞ്ഞ മെയ് 30ന് വിരമിക്കുന്നതുവരെയും ടൈറ്റാനിയത്തിന്റെ ഭാഗമായിരുന്നു.
1981 ൽ കേരളാ യൂനിവേഴ്‌സിറ്റി ക്യാപ്റ്റനായിരുന്നു. പതിനൊന്ന് ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തു. 82 ലെ ഏഷ്യാഡ് ക്യാമ്പിലും എത്തി. എങ്കിലും ദേശീയ ജഴ്‌സി പല കാരണങ്ങളാൽ അന്യമായി നിന്നു. 93 ൽ ടൈറ്റാനിയം ഫെഡറേഷൻ കപ്പ് നേടിയ വർഷം ടീമിന്റെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.
1985 ൽ ദൽഹി ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കലം, ദേശീയ ഗെയിംസിൽ സ്വർണം, 1981-82 ലെ ഫരീദാബാദ് ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളി തുടങ്ങിയ നേട്ടങ്ങളിൽ കേരളാ ടീമിന്റെ ഭാഗമായിരുന്നു. തിളങ്ങിനിൽക്കുമ്പോൾ തന്നെയാണ് കളി മതിയാക്കിയതും. 


മല്ലപ്പള്ളി വർക്കിയും കുന്നിൽ ഇടിക്കുളയും ആനമുടി ബേബിയും മീരാണ്ണൻ മീരയും ഒക്കെയാണ് മധ്യതിരുവിതാംകൂറിന് വോളിബോളിൽ മേൽവിലാസമുണ്ടാക്കിയത്. ആ പാരമ്പര്യം പിന്തുടർന്ന ദാനിക്കുട്ടിയുടെ വേർപാട് കായിക കേരളത്തിന് വലിയ നഷ്ടം തന്നെയാണ്. വോളിബോൾ രംഗത്ത് ബ്ലസൻ ജോർജിന് ശേഷം പത്തനംതിട്ടയുടെ സ്വകാര്യ നഷ്ടം കൂടിയാണ് മല്ലശ്ശേരിക്കാരനായ ദാനിക്കുട്ടിയുടെ വേർപാട്.
 

Latest News