Sorry, you need to enable JavaScript to visit this website.

ലവ് 40 - വീനസിന് നാൽപത്

വീനസ് 2005 ലെ വിംബിൾഡൺ ചാമ്പ്യനായപ്പോൾ. 
2016 ൽ വിംബിൾഡൺ ഡബ്ൾസ് ചാമ്പ്യന്മാരായ വീനസും  സഹോദരി സെറീനയും.

1994 ൽ വീനസ് വില്യംസ് ഓക്‌ലന്റിൽ പ്രൊഫഷനൽ ടെന്നിസിൽ അരങ്ങേറുമ്പോൾ റോളിംഗ് സ്‌റ്റോൺസ് മ്യൂസിക് ഗ്രൂപ്പിന്റെ പ്രോഗ്രാം സമീപവേദിയിൽ നടക്കുന്നുണ്ടായിരുന്നു. 26 വർഷം പിന്നിടുമ്പോൾ മിക് ജാഗറിനെയും കീത്ത് റിച്ചാഡ്‌സിനെയും പോലെയാണ് വീനസും. നിർത്തിപ്പോകാൻ ഒരു പ്ലാനുമില്ല.
ബുധനാഴ്ച അമേരിക്കൻ താരത്തിന്റെ നാൽപതാം ജന്മദിനമായിരുന്നു. കൊറോണ വൈറസ് നിലംപരിശാക്കിയ സീസണിൽ ടെന്നിസ് കോർടുകൾ അടഞ്ഞുകിടക്കുകയാണ്. നിശ്ശബ്ദമായി കളം വിട്ടുപോവാൻ വീനസ് തീരുമാനിച്ചിട്ടില്ല. നിറപ്പകിട്ടാർന്ന കരിയർ മൗനത്തിന്റെ അകമ്പടിയോടെ അവസാനിപ്പിക്കാൻ വീനസിന് താൽപര്യമില്ല. ഏഴ് ഗ്രാന്റ്സ്ലാമുകൾക്കുടമയാണ് വീനസ്, മുൻ ലോക ഒന്നാം നമ്പർ. നാല് ഒളിംപിക് സ്വർണത്തിന് ഉടമ. ടെന്നിസിലെ ആഫ്രിക്കൻ അമേരിക്കക്കാരുടെ പതാകവാഹക.   


കിരീടങ്ങൾ സമീപകാലത്ത് വീനസിന് ഓർമ മാത്രമാവുകയാണ്. 2016 ൽ തായ്‌വാനിലാണ് അവസാനം കിരീടം സ്വന്തമാക്കിയത്. എന്നാൽ താൻ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുകയാണെന്നാണ് വീനസ് പറയുന്നത്. ഫ്രഞ്ച് ഓപണും ഓസ്‌ട്രേലിയൻ ഓപണും നേടാൻ വീനസിന് സാധിച്ചിട്ടില്ല. അതൊരു വെല്ലുവിളിയായി സ്വീകരിക്കുമെന്നാണ് അമേരിക്കക്കാരി പറയുന്നത്. 
പലതവണ ഫ്രഞ്ച് ഓപൺ കിരീടത്തിനടുത്തെത്തിയിരുന്നു, നിർഭാഗ്യം ഓസ്‌ട്രേലിയൻ ഓപണിൽ വിടാതെ പിടികൂടി -വീനസ് പറയുന്നു. ഗ്രാന്റ്സ്ലാം വീനസിന് വിദൂര ഓർമയാണ്. അനുജത്തി സെറീന ഇപ്പോഴും ഗ്രാന്റ്സ്ലാം കിരീടങ്ങൾക്ക് തൊട്ടടുത്താണ്. എന്നാൽ വീനസിന്റെ അവസാന ഗ്രാന്റ്സ്ലാം 12 വർഷം മുമ്പാണ് -2008 ലെ വിംബിൾഡൺ. പക്ഷെ ഇപ്പോഴും കളി ആസ്വദിച്ചു കൊണ്ടിരിക്കുകയാണെന്ന് വീനസ് പറഞ്ഞു. 


തോൽവി സമ്മതിക്കാറില്ല വീനസ്. അച്ഛൻ റിച്ചാഡ് വില്യംസ് പഠിപ്പിച്ച പാഠമാണ് അത്. പന്ത് ഒരിക്കലും കോർടിനു പുറത്തല്ലെന്നും അതിനെ പിന്തുടരണമെന്നുമാണ് റിച്ചാഡിന്റെ ഉപദേശം. എന്തായാലും വീനസിന് കാലത്തിനു മുന്നിൽ കീഴടങ്ങേണ്ടിവരും. ടെന്നിസിലെ വലിയ കളിക്കാരികളിലൊരാളായി വീനസിനെ ചരിത്രം സാക്ഷ്യപ്പെടുത്തും. ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യയും പരിമിതികളെ മറികടക്കാൻ കളിക്കാരെ സഹായിക്കുന്നു. എങ്കിലും നാലു പതിറ്റാണ്ടുകളിൽ പ്രൊഫഷനൽ ടെന്നിസ് കൡച്ച വീനസിന്റെ റെക്കോർഡ് സമീപകാലത്തൊന്നും തകർക്കപ്പെടാനിടയില്ല. 
വീനസിന്റെ ചരിത്രം പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. ലോസ്ആഞ്ചലസിലെ കോംപ്റ്റൻ പ്രദേശത്താണ് വീനസ് വളർന്നത്. അനുജത്തി സെറീനയായിരുന്നു ബാല്യകാലത്ത് കൂട്ടാളിയും എതിരാളിയും. സന്ധികളിൽ വേദനയും ക്ഷീണവും അനുഭവപ്പെടുന്ന സ്യോഗ്രേൻസ് സിൻഡ്രോം ബാധിച്ച ശേഷം വിജയകരമായി വീനസ് കളിയിലേക്ക് തിരിച്ചുവന്നു. ഉയരങ്ങളും താഴ്ചകളും, പ്രതീക്ഷയുടെ കൊടുമുടികളും നിരാശയുടെ ഗർത്തങ്ങളുമൊക്കെ കണ്ടിട്ടുണ്ട് വീനസ്. എല്ലാ ഘട്ടത്തിലും സന്തോഷം നിലനിർത്താനായിട്ടുണ്ടെന്ന് വീനസ് പറഞ്ഞു. 


ആഫ്രിക്കൻ-അമേരിക്കൻ കളിക്കാരികളുടെ നീണ്ട നിരയെ ബാക്കി നിർത്തിയായിരിക്കും വീനസ് കളം വിടുക. സ്ലോൻ സ്റ്റീഫൻസ്, മാഡിസൻ കീസ്, ടയ്‌ലർ ടൗൺസെൻഡ്, കോക്കൊ ഗഫ്... ആഫ്രിക്കൻ-അമേരിക്കൻ പെൺകുട്ടികളിൽ ആത്മവിശ്വാസം സൃഷ്ടിച്ചതാണ് വീനസിന്റെ ഏറ്റവും വലിയ നേട്ടമെന്ന് മുൻ ടെന്നിസ് താരവും ഇപ്പോൾ കമന്റേറ്ററുമായ പാം ഷ്‌റൈവർ കരുതുന്നു. വംശവെറിക്കെതിരായ പോരാട്ടത്തിന്റെ ശക്തയായ വക്താവ് കൂടിയാണ് വീനസ്. ഒന്നു പുറംതൊലി ചുരണ്ടിയാൽ അമേരിക്കയിലെ വംശവെറി മറനീക്കിയെത്തുമെന്ന് വീനസ് പറഞ്ഞു. ഒരു ആഫ്രിക്കൻ- അമേരിക്കൻ താരത്തിന്റെ ഷൂവിൽ കയറി നിൽക്കുന്നതു വരെ അവർ നേരിടുന്ന വിവേചനം മനസ്സിലായിക്കൊള്ളണമെന്നില്ലെന്ന് വീനസ് കരുതുന്നു.

Latest News