Sorry, you need to enable JavaScript to visit this website.

എന്റെ തൊലിനിറത്തിൽ അഭിമാനം

അഞ്ച് ചോദ്യങ്ങൾ / ഡാരൻ സാമി, വെസ്റ്റിൻഡീസ് ക്രിക്കറ്റർ


ചോ: ഹൈദരാബാദ് സൺറൈസേഴ്‌സ് ഐ.പി.എൽ ടീമിലെ കളിക്കാർ കാലുവെന്ന് വിളിച്ചുവെന്ന് ആറു വർഷം കഴിഞ്ഞാണ് താങ്കൾ പ്രതികരിക്കുന്നത്. എന്തുകൊണ്ട് ഇപ്പോൾ?

ഉ: കഴിഞ്ഞ ദിവസം ഹസൻ മിൻഹാജിന്റെ വീഡിയൊ കണ്ടപ്പോഴാണ് സഹതാരങ്ങൾ എന്നെ വിളിച്ച പേരിന് അപമാനകരമായ മറ്റൊരു അർഥമുണ്ടെന്ന് മനസ്സിലാക്കുന്നത്. ആറു വർഷം മുമ്പ് നടന്നതായതിനാൽ നടപടി വേണ്ടെന്ന് ബി.സി.സി.ഐയും സൺറൈസേഴ്‌സും തീരുമാനിച്ചതായി മനസ്സിലാക്കുന്നു. എനിക്കറിയാത്ത കാര്യം എങ്ങനെയാണ് അന്ന് ഞാൻ പറയുക? കറുത്തവനെ ആ ഭാഗത്തുള്ളവർ വംശീയമായി എങ്ങനെയാണ് അപമാനിക്കുകയെന്ന് മിൻഹാജ് വിവരിച്ചപ്പോഴാണ് പെട്ടെന്ന് എനിക്ക് ഡ്രസ്സിംഗ് റൂം ഓർമ വന്നത്. രണ്ടു വർഷത്തോളം എന്റെ പേര് കാലു എന്നായിരുന്നു. അപമാനകരമായ ഒരർഥം അതിനുണ്ടെന്ന് അന്ന് മനസ്സിലാക്കിയിരുന്നില്ല. പന്തയക്കുതിരയെന്നാണ് അർഥമെന്നാണ് അന്ന് എനിക്കു മനസ്സിലായത്. അതുകാരണം ഞാൻ പോലും അങ്ങനെ എന്നെ വിശേഷിപ്പിച്ചിരുന്നു. വി.വി.എസ് ലക്ഷ്മണിന് അയച്ച ജന്മദിന സന്ദേശത്തിൽ കറുത്ത കാലു എന്ന് ഞാൻ തന്നെ എഴുതിയിട്ടുണ്ട്. 

ചോ: സൺറൈസേഴ്‌സിലെ ഒരു സഹതാരം താങ്കളെ വിളിച്ചതായി വെളിപ്പെടുത്തിയിരുന്നുവല്ലോ? അദ്ദേഹം മാപ്പ് പറഞ്ഞുവോ?

ഉ: സഹതാരങ്ങൾ കാലു എന്നു വിളിച്ചപ്പോൾ അവർ എന്താണ് അർഥമാക്കിയത് എന്നറിയാൻ ആഗ്രഹമുണ്ട്. അതിനാലാണ് അവരോട് എന്നെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടത്. നമുക്ക് സംഭാഷണമാവാം. ഈ സംഭവം ആളുകളിൽ ബോധവൽക്കരണത്തിന് ഉപയോഗിക്കാം. ഈ കളിക്കാരൻ എനിക്ക് സഹോദരനെ പോലെയാണ്. അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ ഒപ്പിട്ട, എന്നോടൊപ്പമുള്ള ചിത്രം തൂക്കിയിട്ടുണ്ട്. ആജീവനാന്ത സഹോദരങ്ങൾ എന്നാണ് അതിന് അടിക്കുറിപ്പ്. എനിക്ക് ഇപ്പോഴും അങ്ങനെ തന്നെയാണ്. സ്‌നേഹത്തോടെയാണ് വിളിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്.  

ചോ: താങ്കൾക്ക് പ്രയാസമാവുമെന്നു കരുതിയാവുമോ സൺറൈസിലെ സഹതാരങ്ങൾ അന്ന് ആ വിളിയുടെ യാഥാർഥ്യം വെളിപ്പെടുത്താതിരുന്നത്?

ഉ: എനിക്കറിയില്ല. കാരണം, ആ വിളിക്ക് ഒരുപാട് അർഥങ്ങളുണ്ടാവാം. ആ ഡ്രസ്സിംഗ് റൂം ഞാൻ ഓർക്കുന്നു. കളിക്കാരുടെ ഐക്യമാണ് ആ സീസണിൽ ഞങ്ങളെ പ്ലേഓഫിലെത്തിച്ചത്. എല്ലാവരും ഐക്യത്തിൽ അഭിമാനം കൊള്ളുന്നുണ്ടായിരുന്നു. ഇപ്പോഴും എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അതിനാലാണ് ഇക്കാര്യത്തിൽ സംവാദം വേണമെന്ന് ഞാൻ പറയുന്നത്. ആളുകളെ അപമാനിക്കുന്ന അത്തരം വാക്കുകൾ ഉപയോഗിക്കരുതെന്ന് ബോധവൽക്കരിക്കേണ്ടതുണ്ട്. എന്റെ തൊലിനിറത്തിൽ എനിക്ക് അഭിമാനമുണ്ട്. അതിന്റെ പേരിൽ എന്നെ മാനസികമായി ചെറുതാക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ല. ഞങ്ങൾ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെങ്കിലും മാപ്പ് പറയുന്നു എന്ന് സഹതാരങ്ങൾ പറയണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും, എന്റെ അഭിമാനത്തിന് ഒരു ക്ഷതവുമേൽപിക്കാനാവില്ല. 

ചോ: ഇത്തരം വിളികളെ തമാശയായി എടുക്കേണ്ടത് കറുത്തവരായ കളിക്കാരുടെ ഉത്തരവാദിത്തമാണോ?

ഉ: 400 വർഷത്തെ അടിമത്തം പേറിയവരാണ് എന്റെ ജനത. ഇനിയും സഹിച്ചു കൊടുക്കേണ്ടതുണ്ടോ? എന്തുകൊണ്ടാണ് കറുത്തവർക്ക് എപ്പോഴും വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത്? എന്തുകൊണ്ട് മറുവശത്തിന് മനോഭാവം മാറ്റിക്കൂടാ? എന്നെ അപമാനിച്ച ശേഷം എന്നോട് അത് തമാശയായി കാണണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. സ്‌നേഹത്തോടെയാണ് ആ വിളിയെങ്കിൽ പോലും അതിൽ അപമാനത്തിന്റെ അംശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 
ചോ: ക്രിസ് ഗയ്‌ലിനെ പോലെ അപൂർവം പേരേ താങ്കളെ പിന്തുണക്കാനുണ്ടായുള്ളൂ?

ഉ: ചിലരെ വെറുപ്പിക്കാനുള്ള ധൈര്യം എല്ലാവർക്കുമില്ല. കാരണം അവരുടെ അന്നം അവിടെ നിന്നാണ്. അധികാരത്തിലുള്ളവരെ വെല്ലുവിളിക്കുക എളുപ്പമല്ല. തിരിച്ചടി ഭയപ്പെടുന്നവരുണ്ടാവും. ഞാൻ അങ്ങനെയല്ല. ശരിയെന്നു തോന്നുന്നതിനായി നിലകൊള്ളാനാണ് ചെറുപ്പം മുതലേ ശീലിച്ചത്. 2013 ലാണ് ആ വിളിയുടെ അർഥം അറിഞ്ഞിരുന്നതെങ്കിൽ പോലും ഇതേ രീതിയിൽ ഞാൻ പ്രതികരിച്ചേനേ. അന്ന് ഞാൻ വെസ്റ്റിൻഡീസിന്റെ നായകനായിരുന്നു. ഞങ്ങൾ ട്വന്റി20 ലോകകപ്പ് ജയിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ ഡ്രസ്സിംഗ് റൂമിൽ പോലും ഞാനായിരുന്നു ലീഡർ. 

Latest News